---
title: "'നേതൃത്വത്തെ ഒരു കാലത്തും ധിക്കരിച്ചിട്ടില്ല, ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, പാര്‍ട്ടിക്ക് വിധേയന്‍' - രാഹുല്‍ മാങ്കൂട്ടത്തില്‍"
english_title: "I have never disobeyed the leadership I am still a Congress worker loyal to the party Rahul at Mangkoota"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314929/i-have-never-disobeyed-the-leadership-i-am-still-a-congress-worker-loyal-to-the-party-rahul-at-mangkoota"
published_at: "2025-09-15T12:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c7c02f93474_gfhfghtr.jpg"
keywords: []
---

# 'നേതൃത്വത്തെ ഒരു കാലത്തും ധിക്കരിച്ചിട്ടില്ല, ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, പാര്‍ട്ടിക്ക് വിധേയന്‍' - രാഹുല്‍ മാങ്കൂട്ടത്തില്‍

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം അവഗണിച്ച് നിയമസഭയിലെത്തിയതിലൂടെ പാര്‍ട്ടിയെ ധിക്കരിച്ചിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും എല്ലാ കാലവും ഞാന്‍ പാര്‍ട്ടിക്ക് വിധേയനാണെന്നും രാഹുല്‍ പറഞ്ഞു. പുറത്തുവന്ന ഓഡിയോ തന്റേതാണോയെന്ന ചോദ്യത്തിന് മറുപടി പറയാതെ അന്വേഷണം നടക്കട്ടേയെന്നായിരുന്നു രാഹുലിന്റെ മറുപടി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം അവഗണിച്ച് നിയമസഭയിലെത്തിയതിലൂടെ പാര്‍ട്ടിയെ ധിക്കരിച്ചിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും എല്ലാ കാലവും ഞാന്‍ പാര്‍ട്ടിക്ക് വിധേയനാണെന്നും രാഹുല്‍ പറഞ്ഞു. പുറത്തുവന്ന ഓഡിയോ തന്റേതാണോയെന്ന ചോദ്യത്തിന് മറുപടി പറയാതെ അന്വേഷണം നടക്കട്ടേയെന്നായിരുന്നു രാഹുലിന്റെ മറുപടി.

മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതെ ഒഴിഞ്ഞു മാറുകയാണ് എന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കുകയല്ലാതെ ലൈംഗികാരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിലൊന്നും തന്നെ പ്രതികരിക്കാന്‍ രാഹുല്‍ തയ്യാറായില്ല. 'പാര്‍ട്ടിയെ ധിക്കരിച്ച് രാഹുല്‍ നിയമസഭയിലേക്ക് എന്നാണ് ഇന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. പാര്‍ട്ടിയെ ധിക്കരിച്ചിട്ടില്ല. ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. സസ്‌പെന്‍ഷനിലുള്ള പ്രവര്‍ത്തകന്‍ എങ്ങനെ പെരുമാറണമെന്ന ബോധ്യം എനിക്കുണ്ട്.

അതുകൊണ്ട് ഞാന്‍ ഒരു നേതാവിനെയും കാണാന്‍ ശ്രമിച്ചിട്ടില്ല. ചില മാധ്യമങ്ങള്‍ ഞാന്‍ മൗനത്തിലാണ് എന്ന് വാര്‍ത്ത നല്‍കി. എന്നാല്‍ ആരോപണം വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ വിശദമായി മാധ്യമങ്ങളെ കണ്ടതാണ്. കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കട്ടേ. സസ്‌പെന്‍ഷനില്‍ ആണെങ്കിലും ഞാന്‍ കോണ്ഗ്രസ് പ്രവര്‍ത്തകനാണ്.,' രാഹുല്‍ പറഞ്ഞു.

**രാഹുലിന്‍റെ കാര്‍ തടഞ്ഞ് എസ്എഫ്ഐയുടെ പ്രതിഷേധം**

എംഎൽഎ ഹോസ്റ്റലിൽ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് തിരിച്ചുപോകുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍ തടഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത് എംഎൽഎ ഹോസ്റ്റലിൽ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭ മന്ദിരത്തിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ റോഡിൽ കുത്തിയിരുന്ന് വാഹനം തടഞ്ഞത്.

എംഎൽഎ ഹോസ്റ്റലിന് സമീപത്ത് വെച്ചാണ് സംഭവം. ഏറെ നേരം പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധിക്കുമ്പോഴും രാഹുൽ കാറിൽ നിന്ന് പുറത്തിറങ്ങിയില്ല. തുടര്‍ന്ന് പൊലീസെത്തി എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഞങ്ങള്‍ ഇവിടെയൊക്കെ തന്നെയുണ്ടെന്നും അക്രമിക്കാൻ വന്നതല്ലെന്നും പ്രതിഷേധിക്കാനാണ് എത്തിയതെന്നും എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314929/i-have-never-disobeyed-the-leadership-i-am-still-a-congress-worker-loyal-to-the-party-rahul-at-mangkoota)