---
title: "മൊത്തവ്യാപാരത്തിനായി കഞ്ചാവ് എത്തിച്ചു; പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേര്‍ പിടിയില്‍"
english_title: "Three people including a minor arrested for transporting cannabis for wholesale trade"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314852/three-people-including-a-minor-arrested-for-transporting-cannabis-for-wholesale-trade"
published_at: "2025-09-14T23:07:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c6fd83e800a_jghjgh.jpg"
keywords: []
---

# മൊത്തവ്യാപാരത്തിനായി കഞ്ചാവ് എത്തിച്ചു; പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേര്‍ പിടിയില്‍

> **Lead Summary:** **ചേർത്തല: ( **[www.truevisionnews.com]** )** ചേർത്തലയിൽ ട്രെയിനിൽ എത്തിച്ച 31 കിലോ കഞ്ചാവ് എക്സൈസും പൊലീസും ചേർന്ന് പിടികൂടി. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. ചേർത്തലയുടെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്താൻ എത്തിച്ചതാണ് കഞ്ചാവ്.

## Article Content

**ചേർത്തല: ( **[www.truevisionnews.com]** )** ചേർത്തലയിൽ ട്രെയിനിൽ എത്തിച്ച 31 കിലോ കഞ്ചാവ് എക്സൈസും പൊലീസും ചേർന്ന് പിടികൂടി. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. ചേർത്തലയുടെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്താൻ എത്തിച്ചതാണ് കഞ്ചാവ്.

ചെന്നൈ എഗ്‌മോർ - ഗുരുവായൂർ ട്രെയിനിൽ കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല എക്സൈസ് സി.ഐ. ടി.എസ്. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 26 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. ബംഗാളിലെ മൂർഷിദാബാദ് സ്വദേശികളായ അജ്‌റുൾ മുല്ല, സീമൂൾ എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയും പിടികൂടിയത്.

27 പാക്കറ്റുകളിലായി വലിയ ഹാൻഡ് ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചേർത്തലയിൽ മൊത്തവ്യാപാരത്തിനായി കഞ്ചാവ് എത്തിക്കുന്ന സംഘത്തെക്കുറിച്ച് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ചെ മുതൽ എക്സൈസ് സംഘം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു.

കഞ്ചാവുമായി സംഘം ഇറങ്ങി വരുമ്പോൾ പിടികൂടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടി. കഞ്ചാവ് എവിടെനിന്നാണെന്നും ആർക്കാണെത്തിക്കുന്നതെന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എസ്. സുനിൽകുമാർ പറഞ്ഞു.

ഒരു മാസത്തോളം നിരീക്ഷണം നടത്തിയ ശേഷമാണ് പ്രതികളെ പിടികൂടാനായത്. ഇവരുടെ പക്കൽ ട്രെയിൻ ടിക്കറ്റ് ഒന്നും ഉണ്ടായിരുന്നില്ല. പിടികൂടിയ 17 കാരനിൽ നിന്നാണ് അഞ്ചു കിലോ കഞ്ചാവും പിടിച്ചെടുത്തത്. ചേർത്തല ഹൈവേ പാലത്തിനു സമീപത്തു നിന്നും എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.എം. സുമേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. രണ്ട് കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314852/three-people-including-a-minor-arrested-for-transporting-cannabis-for-wholesale-trade)