---
title: "'നാട്ടിൽ സ്ത്രീകൾക്ക് ബുദ്ധിമുട്ട്, കെസി വേണുഗോപാല്‍ കോണ്‍ഗ്രസിലെ കോഴികളെ പിടിച്ച് കൂട്ടിലടയ്ക്കണം'; പരിഹാസവുമായി വി മുരളീധരന്‍"
english_title: "Women are facing difficulties in the country KC Venugopal should catch the chickens in Congress and put them in a cage V Muraleedharan mocks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314757/women-are-facing-difficulties-in-the-country-kc-venugopal-should-catch-the-chickens-in-congress-and-put-them-in-a-cage-v-muraleedharan-mocks"
published_at: "2025-09-14T13:06:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c670c69bae1_gg5.jpg"
keywords: []
---

# 'നാട്ടിൽ സ്ത്രീകൾക്ക് ബുദ്ധിമുട്ട്, കെസി വേണുഗോപാല്‍ കോണ്‍ഗ്രസിലെ കോഴികളെ പിടിച്ച് കൂട്ടിലടയ്ക്കണം'; പരിഹാസവുമായി വി മുരളീധരന്‍

> **Lead Summary:** **ദില്ലി: ( **[www.truevisionnews.com]** ) ** ആർഎസ്എസിന്‍റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് കേസരിയിലെ ലേഖനമെന്ന കെസിവേണുഗോപാലിന്‍റെ വിമര്‍ശനത്തിനെതിരെ ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്ത്. ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്‍റെ ക്രൈസ്തവ സ്നേഹമെന്നായിരുന്നു വിമര്‍ശനം.

## Article Content

**ദില്ലി: ( **[www.truevisionnews.com]** ) ** ആർഎസ്എസിന്‍റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് കേസരിയിലെ ലേഖനമെന്ന കെസിവേണുഗോപാലിന്‍റെ വിമര്‍ശനത്തിനെതിരെ ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്ത്. ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്‍റെ ക്രൈസ്തവ സ്നേഹമെന്നായിരുന്നു വിമര്‍ശനം.

കെ.സി.വേണുഗോപാൽ കുറുക്കനെ അന്വേഷിക്കുന്നതിന് പകരം കോൺഗ്രസിലെ കോഴികളെ അന്വേഷിക്കണമെന്ന് വി മുരളീധരന്‍ പറഞ്ഞു. കോഴികളെ പിടിച്ച് കൂട്ടിലടയ്ക്കണം പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിൽ ഗ്രൂപ്പ് വഴക്കിന്റെ പേരിൽ രണ്ടുപേർ ആത്മഹത്യ ചെയ്തു. ഈ കോഴികൾ കാരണം നാട്ടിൽ ജനങ്ങൾക്ക് ഇറങ്ങി നടക്കാൻ കഴിയുന്നില്ല. കേസരി ലേഖനത്തെക്കുറിച്ച് അറിയില്ല ലേഖനം വായിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

കോഴിയായ കോൺഗ്രസ്‌ നേതാവ് സഭയിൽ വരണോ അതോ പുറത്തുനിന്ന് കൂവിയാൽ മതിയോ എന്നാണ് ചർച്ചയെന്നും അദ്ദേഹം പരിഹസിച്ചു.

മിഷണറിമാർ മതം മാറ്റുന്നവരാണെന്നും രാജ്യവിരുദ്ധരായി മാറുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാരികയിൽ പറയുന്നത്. ക്രൈസ്തവ രാജ്യം സ്ഥാപിക്കാനാണ് ശ്രമം. ഭാഷയിലും സംസ്കാരത്തിലും അധിനിവേശമുണ്ടെന്നും വിഘടനപരമായ ചിന്തയെ വളർത്തി സായുധ ഭീകരവാദത്തിലേക്ക് ആളുകളെ മിഷണറിമാർ നയിക്കുകയാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്. ആർഎസ്എസിൻ്റെ ക്രൈസ്തവ വിരുദ്ധത ആവർത്തിക്കുന്നതാണ് ലേഖനമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞിരുന്നു.

ഓർഗനൈസറും കേസരിയും അച്ചടിക്കുന്നത് വെറുപ്പിന്റെ കടലാസ് കഷ്ണങ്ങളിലാണ്. ക്രൈസ്തവരെ നാടിന്റെ ശത്രുപക്ഷത്ത് നിർത്താനുള്ള ആർഎസ്എസ് ഗൂഢലക്ഷ്യത്തെ തള്ളിക്കളയാൻ ബിജെപി തയ്യാറുണ്ടോയെന്നും കെസി വേണുഗോപാൽ ചോദിച്ചിരുന്നു.

ആർഎസ്എസിൻ്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് 'ആഗോള മതപരിവർത്തനത്തിന്റെ നാൾവഴികൾ' എന്ന തലക്കെട്ടിൽ ആർഎസ്എസ് മുഖവാരിക കേസരിയിൽ പ്രസിദ്ധീകരിച്ച ലേഖനം. മതപരിവർത്തനമെന്ന ഉണ്ടയില്ലാ വെടി കൊണ്ട് ഒരിക്കൽക്കൂടി നാട്ടിൽ വെറുപ്പ് പടർത്തി ക്രൈസ്തവരെ ഈ നാടിന്റെ ശത്രുപക്ഷത്ത് നിർത്താനുള്ള ഗൂഢലക്ഷ്യമാണ് ലേഖനത്തിന് പിന്നിലുള്ളതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314757/women-are-facing-difficulties-in-the-country-kc-venugopal-should-catch-the-chickens-in-congress-and-put-them-in-a-cage-v-muraleedharan-mocks)