---
title: "ചുരുളഴിയുന്നു....;  കോഴിക്കോട്ടെ വിജിലിന്റെ കൊലപാതകം; രണ്ടാംപ്രതി ആന്ധ്രയിൽ പിടിയിൽ   "
english_title: "Kozhikode Vigil's murder; Second accused arrested in Andhra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314581/kozhikode-vigils-murder-second-accused-arrested-in-andhra"
published_at: "2025-09-13T13:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c51f163ed0d_sarovaram.jpg"
keywords: []
---

# ചുരുളഴിയുന്നു....;  കോഴിക്കോട്ടെ വിജിലിന്റെ കൊലപാതകം; രണ്ടാംപ്രതി ആന്ധ്രയിൽ പിടിയിൽ   

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി. വിജിലിന്റെ കൊലപാതകത്തിൽ രണ്ടാംപ്രതിയെ ആന്ധ്രയില്‍ നിന്ന് പിടികൂടി. കോഴിക്കോട് പെരിങ്ങളം സ്വദേശി രഞ്ജിത്തിനെ ശനിയാഴ്ചയാണ് പിടികൂടിയത് . വാഴാത്തിരുത്തി കുളങ്ങരക്കണ്ടിമീത്തല്‍ കെ.കെ. നിഖില്‍, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ ദീപേഷ് എന്നീ പ്രതികള്‍ നേരത്തേ പിടിയിലായിരുന്നു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി. വിജിലിന്റെ കൊലപാതകത്തിൽ രണ്ടാംപ്രതിയെ ആന്ധ്രയില്‍ നിന്ന് പിടികൂടി. കോഴിക്കോട് പെരിങ്ങളം സ്വദേശി രഞ്ജിത്തിനെ ശനിയാഴ്ചയാണ് പിടികൂടിയത് . വാഴാത്തിരുത്തി കുളങ്ങരക്കണ്ടിമീത്തല്‍ കെ.കെ. നിഖില്‍, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ ദീപേഷ് എന്നീ പ്രതികള്‍ നേരത്തേ പിടിയിലായിരുന്നു.

വെള്ളിയാഴ്ച സരോവരത്തെ ചതുപ്പില്‍ നടത്തിയ തിരച്ചിലില്‍ വിജിലിന്റേത് എന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയും പിടിയിലാകുന്നത്. വാഴത്തുരുത്തിക്ക് സമീപമുള്ള ചതുപ്പില്‍ പരിശോധന ആരംഭിച്ച് എട്ടാംദിവസമായ വെള്ളിയാഴ്ച രാവിലെയോടെയാണ് അന്വേഷണസംഘത്തിന് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചുതുടങ്ങിയത്. തലയോട്ടിയൊഴികെ 53 അസ്ഥികളാണ് ലഭിച്ചത്.

സരോവരം തണ്ണീര്‍ത്തടത്തില്‍ മൃതദേഹം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കല്ലുകളും കയറും മരിച്ചസമയത്ത് ധരിച്ചതായി കരുതുന്ന വസ്ത്രങ്ങളുടെ ഭാഗങ്ങളും കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ഡിഎന്‍എ പരിശോധനകൂടി പൂര്‍ത്തിയാക്കിയാലേ ലഭിച്ച അസ്ഥികള്‍ വിജിലിന്റേതാണെന്ന് ഉറപ്പിക്കാനാകൂ. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അസ്ഥികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

2019 മാര്‍ച്ച് 24-ന് ഉച്ചയോടെ അമിത അളവില്‍ ബ്രൗണ്‍ഷുഗര്‍ കുത്തിവെച്ചതിനെത്തുടര്‍ന്നാണ് വിജില്‍ മരിച്ചതെന്നാണ് പ്രതികളുടെ മൊഴി. ശേഷം സരോവരത്തെ ചതുപ്പില്‍ കല്ലുകെട്ടിത്താഴ്ത്തി. എട്ടുമാസത്തിനുശേഷം ചതുപ്പില്‍നിന്ന് അസ്ഥിഭാഗങ്ങളെടുത്ത് മരണാനന്തരകര്‍മങ്ങള്‍ ചെയ്തെന്നും മൊഴിയിലുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314581/kozhikode-vigils-murder-second-accused-arrested-in-andhra)