---
title: "മണിപ്പൂരില്‍ കനത്തമഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടര്‍ യാത്ര റദ്ദാക്കി"
english_title: "Prime Minister Narendra Modi's helicopter trip has been cancelled due to continued heavy rains in Manipur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314569/prime-minister-narendra-modis-helicopter-trip-has-been-cancelled-due-to-continued-heavy-rains-in-manipur"
published_at: "2025-09-13T12:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c5198f9506c_modi.jpg"
keywords: []
---

# മണിപ്പൂരില്‍ കനത്തമഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടര്‍ യാത്ര റദ്ദാക്കി

> **Lead Summary:** മണിപ്പൂരില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടര്‍ യാത്ര റദ്ദാക്കി. കനത്ത മഴയെ തുടർന്ന് മിസോറമിലെ ഐസോളിൽ നിന്നുള്ള ഹെലികോപ്റ്റർ യാത്രയാണ് റദ്ദാക്കിയത്.പ്രധാനമന്ത്രിയെത്തുന്ന മണിപ്പൂരിലെചുരാചന്ദ്പൂരിൽ കനത്ത മഴ തുടരുകയാണ്.

## Article Content

മണിപ്പൂരില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടര്‍ യാത്ര റദ്ദാക്കി. കനത്ത മഴയെ തുടർന്ന് മിസോറമിലെ ഐസോളിൽ നിന്നുള്ള ഹെലികോപ്റ്റർ യാത്രയാണ് റദ്ദാക്കിയത്.പ്രധാനമന്ത്രിയെത്തുന്ന മണിപ്പൂരിലെചുരാചന്ദ്പൂരിൽ കനത്ത മഴ തുടരുകയാണ്.

ഐസോളിൽ നിന്ന് മോദി വിമാനമാർഗമാണ് ഇംഫാലിലെത്തിയത്.ഇംഫാൽ വിമാനത്താവളത്തില ഗവർണർ അജയ് കുമാർ ഭല്ലയും ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയലും മോദിയെ സ്വീകരിച്ചു. ഇംഫാലിൽ നിന്ന് റോഡ് മാര്‍ഗമാണ് ചുരാചന്ദ്പൂരിലേക്ക് മോദി പോകുന്നത്.

സംഘർഷം ആരംഭിച്ച് രണ്ടുവർഷം കഴിയുമ്പോഴാണ് മോദി മണിപ്പൂരിലെത്തുന്നത്. മണിപ്പൂരിലെത്തുന്ന മോദി കുക്കി-മെയ്തെയ് വിഭാഗങ്ങളെ സന്ദർശിക്കും.നിരവധി വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും ചെയ്യും. കുക്കികളുമായി സംവദിക്കുകയും പീസ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ 7,300 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് സംസ്ഥാന തലസ്ഥാനമായ ഇംഫാലിലും ചുരാചന്ദ്പൂർ ജില്ലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സംഘർഷ സമയത്ത് പ്രതിപക്ഷമുൾപ്പടെ പലതവണ പ്രധാനമന്ത്രിയോട് മണിപ്പൂർ സന്ദർശിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറായിരുന്നില്ല. ഇപ്പോൾ മിസോറാമിലെ പുതിയ റെയിൽ പാത ഉദ്ഘാടനത്തിന്റെ ഭാഗമായി എത്തുമ്പോഴാണ് അതുവഴി മണിപ്പൂർ സന്ദർശിക്കുന്നത്. പദ്ധതികളിൽ, ഇംഫാലിലെ മന്ത്രിപുഖ്രിയിൽ 101 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ മണിപ്പൂർ പൊലീസ് ആസ്ഥാനവും 538 കോടി രൂപ ചെലവിൽ നിർമ്മിച്ച സിവിൽ സെക്രട്ടേറിയറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314569/prime-minister-narendra-modis-helicopter-trip-has-been-cancelled-due-to-continued-heavy-rains-in-manipur)