---
title: "മൂന്ന് പേർക്ക് ദാരുണാന്ത്യം: ഗർഭിണിയായ യുവതിയും മൂന്ന് വയസ്സുകാരിയും രക്ഷപ്പെട്ടത് അത്ഭുതകരമായി, ഹാസനിലെ അപകടത്തിന് പിന്നാലെ കര്‍ണാടകയില്‍ വീണ്ടും വാഹനാപകടം"
english_title: "Three people die in tragic accident Pregnant woman and three-year-old miraculously survive after Hassan accident another road accident in Karnataka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314538/three-people-die-in-tragic-accident-pregnant-woman-and-three-year-old-miraculously-survive-after-hassan-accident-another-road-accident-in-karnataka"
published_at: "2025-09-13T11:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c502aa6120f_HJJ.jpg"
keywords: []
---

# മൂന്ന് പേർക്ക് ദാരുണാന്ത്യം: ഗർഭിണിയായ യുവതിയും മൂന്ന് വയസ്സുകാരിയും രക്ഷപ്പെട്ടത് അത്ഭുതകരമായി, ഹാസനിലെ അപകടത്തിന് പിന്നാലെ കര്‍ണാടകയില്‍ വീണ്ടും വാഹനാപകടം

> **Lead Summary:** **ബെംഗളൂരു: ( **[www.truevisionnews.com]** )** കര്‍ണാടകയില്‍ വീണ്ടും വാഹനാപകടം. ഇന്നലെ ഹാസനില്‍ 9 പേര്‍ മരിച്ച അപകടത്തിന് പിന്നാലെയാണ് കാമാക്ഷി പാളയത്ത് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. കാമാക്ഷിപാളയത്ത് കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർ മരിച്ചു. ഓട്ടോ ഡ്രൈവറും രണ്ട് യാത്രക്കാരുമാണ് മരിച്ചത്.

## Article Content

**ബെംഗളൂരു: ( **[www.truevisionnews.com]** )** കര്‍ണാടകയില്‍ വീണ്ടും വാഹനാപകടം. ഇന്നലെ ഹാസനില്‍ 9 പേര്‍ മരിച്ച അപകടത്തിന് പിന്നാലെയാണ് കാമാക്ഷി പാളയത്ത് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. കാമാക്ഷിപാളയത്ത് കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർ മരിച്ചു. ഓട്ടോ ഡ്രൈവറും രണ്ട് യാത്രക്കാരുമാണ് മരിച്ചത്.

സ്റ്റിയറിംഗ് വീൽ ഒടിഞ്ഞ് ട്രക്കിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണം. ഓട്ടോയിൽ ഇടിച്ച ശേഷം ട്രക്ക് ഒരു കാറിലും ഇടിച്ചു. കാറിൽ ഉണ്ടായിരുന്ന ഗർഭിണിയും മൂന്നു വയസ്സുകാരിയായ മകളും ഉൾപ്പെടെയുള്ള മൂന്നംഗ കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തിന് പിന്നാലെ പ്രദേശത്തെ തടിച്ചുകൂടിയ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് ചെറിയതോതിൽ ലാത്തി വീശിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

ഇന്നലെ ഹാസനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. അപകടത്തില്‍ പരിക്കേറ്റത് 29 പേർക്കാണ്. നിലവില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അഞ്ചുപേർ സംഭവസ്ഥലത്തും നാലുപേർ ആശുപത്രിയിലും വെച്ചണ് മരിച്ചത്. ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.

മരിച്ചവരിൽ നാലുപേർ വിദ്യാർത്ഥികളാണ്. മൊസലെ ഹൊസഹള്ളി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളായ സുരേഷ്, പ്രവീൺ, ജെമിനി, മിഥുൻ എന്നിവരാണ് മരിച്ച നാല് വിദ്യാര്‍ത്ഥികൾ. പരിക്കേറ്റവരിലും 15 വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.

അപകട കാരണമായി ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്. ഡ്രൈവര്‍ ഭുവനേശ്വറാണ് അറസ്റ്റിലായിരിക്കുന്നത്. വാഹനം ഓടിച്ചിരുന്ന സമയത്ത് ഇയാൾ മദ്യപിച്ചിരുന്നു എന്ന സംശയവും നിലനില്‍ക്കുന്നു. തിരക്കേറിയ NH-373 റോഡിലാണ് അപകടം ഉണ്ടായത്. മരണസംഖ്യ ഉയർന്നേക്കാമെന്ന് ജില്ലാ ഭരണകൂടം ഇന്നലെ തന്നെ അറിയിച്ചിരുന്നു.

അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിരവധി ആളുകളുടെ ഇടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ നടത്തിയ ശ്രമമാണ് ഇത്രയു വലിയ അപകടത്തില്‍ കലാശിച്ചത് എന്നാണ് വിവരം

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314538/three-people-die-in-tragic-accident-pregnant-woman-and-three-year-old-miraculously-survive-after-hassan-accident-another-road-accident-in-karnataka)