---
title: "രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം; വീട്ടമ്മയെ കെട്ടിയിട്ട് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി വീട്ടുജോലിക്കാര്‍"
english_title: "Housewife tied up hit on the head with a pressure cooker then slit her throat her body found in a pool of blood"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314181/housewife-tied-up-hit-on-the-head-with-a-pressure-cooker-then-slit-her-throat-her-body-found-in-a-pool-of-blood"
published_at: "2025-09-11T13:17:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c27eb39a5fa_hhhht.jpg"
keywords: []
---

# രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം; വീട്ടമ്മയെ കെട്ടിയിട്ട് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി വീട്ടുജോലിക്കാര്‍

> **Lead Summary:** **( **[www.truevisionnews.com]** )** ഹൈദരാബാദിൽ വീട്ടമ്മയെ കെട്ടിയിട്ട് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്ത് വീട്ടുജോലിക്കാര്‍. സൈബരാബാദിലെ ഐടി ഹബ്ബായ സ്വാൻ ലേക്ക് അപ്പാർട്ട്മെന്റിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. 13-ാം നിലയില്‍ ഭര്‍ത്താവിനും മകനുമൊപ്പം താമസിക്കുന്ന 50 കാരിയായ രേണു അഗർവാളാണ് കൊല്ലപ്പെട്ടത്.

## Article Content

**( **[www.truevisionnews.com]** )** ഹൈദരാബാദിൽ വീട്ടമ്മയെ കെട്ടിയിട്ട് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്ത് വീട്ടുജോലിക്കാര്‍. സൈബരാബാദിലെ ഐടി ഹബ്ബായ സ്വാൻ ലേക്ക് അപ്പാർട്ട്മെന്റിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. 13-ാം നിലയില്‍ ഭര്‍ത്താവിനും മകനുമൊപ്പം താമസിക്കുന്ന 50 കാരിയായ രേണു അഗർവാളാണ് കൊല്ലപ്പെട്ടത്.

രേണുവിന്‍റെ ജോലിക്കാരനായ ഹര്‍ഷ (20), ഇയാളുടെ സഹായിയും അടുത്തി അപ്പാര്‍ട്ട്മെന്‍റിലെ ജോലിക്കാരനുമായ റൂഷന്‍ എന്നിവരാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. രേണുവിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... ബുധനാഴ്ച രാവിലെ 10 മണിയോടെ രേണുവിന്‍റെ ഭര്‍ത്താവും മകനും ജോലിക്ക് പോയിരുന്നു. അന്ന് വൈകുന്നേരം 5 മണിയോടെ ഭര്‍ത്താവ് രേണുവിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. പലതവണ വിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടര്‍ന്ന് അദ്ദേഹം നേരെ അപ്പാര്‍ട്ട്മെന്‍റിലെത്തുകയായിരുന്നു.

എന്നാല്‍ വാതിൽ പുറത്തുനിന്ന് പൂട്ടിയിരുന്നതിനാൽ ഒരു പ്ലംബറുടെ സഹായത്തോടെ ബാൽക്കണിയിൽ നിന്ന് തുറന്നപ്പോളാണ് രക്തത്തില്‍ കുളിച്ച നിലയില്‍ രേണുവിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. പിന്നാലെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ വീട്ടുജോലിക്കാരനായ ഹര്‍ഷ, തൊട്ടടുത്ത അപ്പാര്‍ട്മെന്‍റിലെ ജോലിക്കാരനായ റൂഷന്‍ എന്നിവരാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇരുവരും രേണുവിന്‍റെ കൈകാലുകൾ കെട്ടിയിട്ട് പ്രഷർ കുക്കർ ഉപയോഗിച്ച് തലയ്ക്കടിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കത്തിയും കത്രികയും ഉപയോഗിച്ച് രേണുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി.

കവര്‍ച്ചയ്ക്ക് ശേഷം ഫ്ലാറ്റില്‍ നിന്നു തന്നെ മോഷ്ടാക്കള്‍ കുളിക്കുകയും രക്തം പുരണ്ട വസ്ത്രങ്ങൾ ഉപേക്ഷിച്ച് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 40 ഗ്രാം സ്വർണ്ണവും ഒരു ലക്ഷം രൂപയും ഇവര്‍ കവര്‍‌ന്നിട്ടുണ്ട്. 20 കാരനായ ഹര്‍ഷ രേണുവിന്‍റെ വീട്ടില്‍ ജോലിയാരംഭിച്ചിട്ട് 10 ദിവസം മാത്രമേ ആയിട്ടുള്ളൂ. കൊൽക്കത്തയിലെ ഒരു ഏജന്‍സി വഴിയാണ് ഇയാള്‍ രേണുവിന്‍റെ വീട്ടില്‍ ജോലിക്കെത്തുന്നത്.

പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ ഹര്‍ഷയും റൂഷനും പതിമൂന്നാം നിലയിലേക്ക് പോകുന്നതും വൈകുന്നേരം 5:02 ന് തിരിച്ചിറങ്ങുന്നതും വ്യക്തമാണ്. കൊലപാതകം നടത്തിയ ശേഷം ഇവര്‍ ജാർഖണ്ഡിലെ റാഞ്ചിയിലേക്ക് കടന്നിരിക്കാം എന്നാണ് പൊലീസ് സംശയിക്കുന്നത്. ഹര്‍ഷ ജാർഖണ്ഡ് സ്വദേശിയാണ്. രക്ഷപ്പെടാനായി റൂഷന്‍ ജോലി ചെയ്യുന്ന വീട്ടുടമയുടെ ബൈക്ക് ഇവര്‍ മോഷ്ടിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314181/housewife-tied-up-hit-on-the-head-with-a-pressure-cooker-then-slit-her-throat-her-body-found-in-a-pool-of-blood)