---
title: "പേരൂർക്കട വ്യാജ മോഷണകേസ്: അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും"
english_title: "Peroorkada fake robbery case: Human Rights Commission to consider investigation team's report today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314102/peroorkada-fake-robbery-case-human-rights-commission-to-consider-investigation-teams-report-today"
published_at: "2025-09-11T07:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c22893dcd18_bindu.jpg"
keywords: []
---

# പേരൂർക്കട വ്യാജ മോഷണകേസ്: അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും

> **Lead Summary:** ദളിത് സ്ത്രീയായ ബിന്ദുവിനെ വ്യാജമോഷണക്കേസിൽ കസ്റ്റഡിലെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും. പേരൂർക്കട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ബിന്ദു ജോലി ചെയ്തിരുന്ന വീട്ടുടമ ഓമന ഡാനിയലിനെതിരെയും നടപടി വേണമെന്നാണ് ഡിവൈഎസ്പി വിദ്യാധരന്‍റെ റിപ്പോർട്ട്.

## Article Content

ദളിത് സ്ത്രീയായ ബിന്ദുവിനെ വ്യാജമോഷണക്കേസിൽ കസ്റ്റഡിലെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും. പേരൂർക്കട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ബിന്ദു ജോലി ചെയ്തിരുന്ന വീട്ടുടമ ഓമന ഡാനിയലിനെതിരെയും നടപടി വേണമെന്നാണ് ഡിവൈഎസ്പി വിദ്യാധരന്‍റെ റിപ്പോർട്ട്.

ഓമന ഡാനിയലിന്‍റെ പരാതിയിലാണ് ബിന്ദുവിനെ പേരൂർക്കട പൊലീസ് 20 മണിക്കൂർ അനധികൃത കസ്റ്റഡിയിൽ വച്ചത്. മനുഷ്യാവകാശ കമ്മീഷൻെറ നിർദ്ദേശ പ്രകാരമാണ് പ്രത്യേക സംഘം അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് റിപ്പോർട്ട് പരിഗണിക്കുന്നത്.

വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ മാല മോഷണക്കേസില്‍ കുടുക്കാന്‍ പൊലീസ് മെനഞ്ഞത് അടിമുടി നുണക്കഥയെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

അമ്പലമുക്ക് സ്വദേശിനിയായ ഓമന ഡാനിയേലിന്റെ വീട്ടിലാണ് ബിന്ദു ജോലിക്കുനിന്നിരുന്നത്. ഇവിടെനിന്ന് മോഷണംപോയ മാല പിന്നീട് വീടിന് പിന്നിലെ മാലിന്യക്കൂനയില്‍നിന്ന് കണ്ടെത്തിയെന്നായിരുന്നു പൊലീസ് നേരത്തേ പറഞ്ഞിരുന്നത്. മോഷ്ടിച്ച മാല ബിന്ദു മാലിന്യക്കൂനയില്‍ ഉപേക്ഷിച്ചതാകാമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, പൊലീസ് പറഞ്ഞതെല്ലാം നുണക്കഥയാണെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

വീട്ടുടമയായ ഓമന ഡാനിയേലിന് മറവിപ്രശ്‌നമുണ്ട്. കാണാതായ മാല ഇവര്‍ വീട്ടിനുള്ളില്‍ തന്നെ വെച്ചിരുന്നു. വീട്ടിനുള്ളില്‍നിന്നാണ് മാല പിന്നീട് കണ്ടെത്തിയത്. ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത് ന്യായീകരിക്കാനാണ് പൊലീസ് നുണക്കഥ മെനഞ്ഞതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. സംഭവത്തില്‍ പേരൂര്‍ക്കട എസ്എച്ച്ഒയായിരുന്ന ശിവകുമാറിനെതിരേ നടപടി വേണമെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

 വെള്ളംപോലും നല്‍കാതെ ഒരുരാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനിലിരുത്തി ബിന്ദുവിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. മാല മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു ആവര്‍ത്തിച്ചിട്ട് പറഞ്ഞിട്ടും പൊലീസ് ഇതൊന്നും ചെവികൊണ്ടില്ല. തുടര്‍ന്ന് വീട്ടില്‍നിന്ന് മാല കിട്ടിയതോടെയാണ് മണിക്കൂറുകള്‍ക്ക് ശേഷം പൊലീസ് ബിന്ദുവിനെ വിട്ടയച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314102/peroorkada-fake-robbery-case-human-rights-commission-to-consider-investigation-teams-report-today)