---
title: "'ഒരു കുട്ടി ക്ലാസിൽ പരാജയപ്പെട്ടാൽ അതിൽ ആദ്യ ഉത്തരവാദിത്തം അധ്യാപകൻ്റേത്' - മന്ത്രി വി ശിവൻകുട്ടി"
english_title: "If a child fails in class, the teacher is the first responsible person Minister V Sivankutty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314017/if-a-child-fails-in-class-the-teacher-is-the-first-responsible-person-minister-v-sivankutty"
published_at: "2025-09-10T16:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c15f3c08795_hjh.jpg"
keywords: []
---

# 'ഒരു കുട്ടി ക്ലാസിൽ പരാജയപ്പെട്ടാൽ അതിൽ ആദ്യ ഉത്തരവാദിത്തം അധ്യാപകൻ്റേത്' - മന്ത്രി വി ശിവൻകുട്ടി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )**ഒരു സ്‌കൂളിന്റെ വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും ആദ്യ ഉത്തരവാദി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ അടങ്ങുന്ന അധ്യാപക സംഘടനയാണെന്നും വിദ്യാര്‍ത്ഥികളുടെ മുന്നില്‍ എല്ലാ കാര്യത്തിലും മാതൃക അധ്യാപകനാണെന്നും മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന അധ്യാപക അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )**ഒരു സ്‌കൂളിന്റെ വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും ആദ്യ ഉത്തരവാദി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ അടങ്ങുന്ന അധ്യാപക സംഘടനയാണെന്നും വിദ്യാര്‍ത്ഥികളുടെ മുന്നില്‍ എല്ലാ കാര്യത്തിലും മാതൃക അധ്യാപകനാണെന്നും മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന അധ്യാപക അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ചില പ്രഥമാധ്യാപകര്‍ സ്‌കൂളിലെ ചുമതല ഏറ്റെടുക്കുമ്പോള്‍ ആ സ്‌കൂള്‍ നല്ലവണ്ണം പുരോഗമിക്കുന്നു. എന്നാല്‍ ചില അധ്യാപകര്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ ആ സ്‌കൂളില്‍ നാശം തുടങ്ങുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. പാഠ്യവിഷയങ്ങള്‍ക്ക് അപ്പുറമായി പാഠ്യേതര വിഷയങ്ങള്‍ കൂടി വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ പകര്‍ന്നു നല്‍കണമെന്നും മന്ത്രി പറഞ്ഞു.

ഓരോ വിദ്യാര്‍ത്ഥിയുടെയും ഭാവിയാണ് ഓരോ അധ്യാപകന്റെയും കൈകളില്‍. അതിനാല്‍ ആ വിദ്യാര്‍ത്ഥിയെ വളര്‍ത്തിക്കൊണ്ടു വരാന്‍ അധ്യാപകന് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം അധ്യാപകര്‍ അധ്യാപകയോഗ്യതയ്ക്കുള്ള പരീക്ഷ എഴുതി യോഗ്യത നേടുന്നതില്‍ ഉദാസീനത കാണിക്കുകയോ പരീക്ഷ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നത് നമ്മുടെ മാന്യതയ്ക്ക് യോജിച്ചതല്ലെന്നും മന്ത്രി പറഞ്ഞു.

എയിഡഡ് സ്‌കൂളുകളില്‍ നിയമനം നടത്താനുള്ള അധികാരം മാനേജ്മെന്റുകള്‍ക്ക് ആണെങ്കിലും അപ്പോയ്മെന്റിന് മുമ്പ് ഒരു പ്രവേശന ടെസ്റ്റ് നടത്തുന്നത് സംബന്ധിച്ചുള്ള കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓരോ ക്ലാസ്സിലെയും കുട്ടികള്‍ ഒരു പ്രത്യേക വിഷയത്തിന് പരാജയപ്പെട്ട് തോറ്റാല്‍ അതിനുള്ള ആദ്യ മറുപടി പറയേണ്ടത് ആ വിഷയം പഠിപ്പിക്കുന്ന അധ്യാപകനാണ്.

പാഠപുസ്തകം പഠിപ്പിക്കുന്നതില്‍, പരീക്ഷ പേപ്പര്‍ നോക്കുന്നതില്‍, നിരന്തര മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമായി മാര്‍ക്ക് കൊടുക്കുന്നതില്‍ ഒക്കെ നല്ല ശ്രദ്ധ വേണം. അധ്യാപകര്‍ക്ക് പ്രമോഷനുമായി ബന്ധപ്പെട്ട് അവരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് വേണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നിട്ടുണ്ട്. ഇപ്പോള്‍ അത് പ്രിന്‍സിപ്പലിനും, എച്ച്.എമ്മിനും മാത്രമാണുള്ളത്. ഇക്കാര്യം അധ്യാപക സംഘടനകളുമായി ആലോചിച്ച് തീരുമാനം കൈക്കൊള്ളുന്നതാണ്. സംസ്ഥാന അധ്യാപക അവാര്‍ഡ് ഇപ്പോള്‍ നല്‍കി വരുന്നത് പതിനായിരം രൂപയാണ് വരും വര്‍ഷങ്ങളില്‍ അത് ഇരുപതിനായിരം രൂപയായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

എഴുത്തുകാരായ അധ്യാപകരുടെ മികച്ച പുസ്തകങ്ങള്‍ക്ക് നല്‍കി വരുന്ന പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് തുക വരും വര്‍ഷങ്ങളില്‍ പതിനായിരം രൂപയില്‍ നിന്നും ഇരുപത്തി അയ്യായിരം രൂപയാക്കുമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രീപ്രൈമറിയില്‍ പ്രവേശിപ്പിക്കുന്ന സ്‌കൂളിനും

ഏറ്റവും കൂടുതല്‍ കുട്ടികളെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഇരുത്തുന്നുന്ന സ്‌കൂളിനും ഏറ്റവും കൂടുതല്‍ കുട്ടികളെ പ്ലസ്ടുവിന് പരീക്ഷയ്ക്കിരുത്തുന്ന സ്‌കൂളിനും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പേരിലുള്ള സി.എം. എവറോളിംഗ് ട്രോഫി പരിഗണനയിലാണ്. സി.എം. ട്രോഫി നേടുന്ന സ്‌കൂളിന് അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍ഗണയും നല്‍കുന്നതാണ്.

എയ്ഡഡ് സ്കൂൾ മാനേജർമാർ അധ്യാപകരുടെ കാര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധ പുലർത്തേണ്ടതാണെന്ന് ചൂണ്ടിക്കാണിച്ച വി ശിവൻകുട്ടി എയ്ഡഡ് സ്കൂളിലെ ടീച്ചർമാർക്ക് വീട്ടുജോലിയ്ക്ക് കൂടി പോകേണ്ട അവസ്ഥ നിലനിൽക്കുന്നുവെന്നും പറഞ്ഞു. ഇന്ന് വന്ന കണ്ട പല ടീച്ചർമാരും പല പ്രശ്നങ്ങൾ പറഞ്ഞു. അധ്യാപകരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് മാനേജ്മെൻ്റുകൾ കമ്മിറ്റികൾ ആരംഭിക്കണം.സർക്കാരും ഇതിന് വേണ്ട പിന്തുണ നൽകുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. ഓണാഘോഷ പരിപാടികൾ നന്നായി നടന്നുവെന്നും ശിവൻകുട്ടി വ്യക്തമാക്കി. സംസ്ഥാന സർക്കാരിൻ്റെ നന്ദി രേഖപ്പെടുത്തുന്നുവെന്നും ഒരു പരാതികളും ഇല്ലാതെ ഓണാഘോഷം നടത്തി തീർത്തുവെന്നും ശിവൻകുട്ടി വ്യക്തമാക്കി.

ഓണം വാരാഘോഷസമാപനത്തിലെ ലാത്തി ചാർജ്ജിനെക്കുറിച്ചും ശിവൻകുട്ടി പ്രതികരിച്ചു. സംഘർഷത്തിന്റെ പട്ടികയിൽ പെട്ടതല്ലാതെ വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 1500ളം പൊലീസുകാരാണ് കഴിഞ്ഞ ദിവസം ഓണാഘോഷത്തിന് ഡ്യൂട്ടി ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപകർക്ക് യൂണിഫോം നൽകുന്ന കാര്യം അധ്യാപക സംഘടന നേതാക്കൾ തീരുമാനിക്കട്ടെയെന്നും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314017/if-a-child-fails-in-class-the-teacher-is-the-first-responsible-person-minister-v-sivankutty)