( www.truevisionnews.com) കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ ഉറപ്പായും നപടിയുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പൊലിസ് അതിക്രമം വളരെ മോശം പ്രവർത്തി. നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ തന്നെ. നടപടി ഉണ്ടാകും. തൻ്റെ പരിധിയിൽ വരുന്ന പ്രദേശമാണ് എന്താണ് ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെ. ദൃശ്യങ്ങള്‍ കണ്ടുവെന്നും വളരെ മോശപ്പെട്ട പ്രവൃത്തിയാണ് ഉണ്ടായതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം കുന്നംകുളത്തെ പോലീസ് മര്‍ദ്ദനത്തില്‍ രണ്ടരവര്‍ഷത്തിനുശേഷം ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. യൂത്ത്കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ മര്‍ദ്ദിച്ച എസ്‌ഐ ഉള്‍പ്പെടെയുള്ള നാലു പോലീസുകാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തു. സുജിത്തിനെ മര്‍ദ്ദിച്ച എസ്‌ഐ നൂഹ്‌മാന്‍(നിലവില്‍ വിയ്യൂര്‍ സ്റ്റേഷന്‍), സീനിയര്‍ സിപിഒ. ശശിധരന്‍(നിലവില്‍ തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ്), സിപിഒമാരായ സജീവന്‍ (നിലവില്‍ തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ്), സന്ദീപ് (നിലവില്‍ മണ്ണുത്തി) എന്നിവരെയാണ് ഐജി സസ്‌പെന്‍ഡ് ചെയ്തത്.
അതിനിടെ കുന്നംകുളം, പീച്ചി സ്റ്റേഷനുകളിലെ കസ്റ്റഡി മർദ്ദന ക്രൂരതകൾ പുറത്തുവന്നതിന് പിന്നാലെ പൊലീസ് ക്രൂരത വെളിപ്പെടുത്തി മുൻ എസ്എഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. യുഡിഎഫ് ഭരണകാലത്ത് തന്നെ ലോക്കപ്പ് മർദ്ദനത്തിന് വിധേയമാക്കിയെന്ന് എസ്എഫ്‌ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോട് പറയുന്നു. മർദ്ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പൊലീസ് ഓഫീസർമാർ ഇപ്പോഴും കേരള പൊലീസ് സേനയിലെ തലപ്പത്ത് മാന്യൻമാർ ചമഞ്ഞ് നടക്കന്നുണ്ട്.
യുഡിഎഫ് ഭരണകാലത്ത് അന്നത്തെ കോന്നി സി ഐ മധുബാബു തന്നെ ലോക്കപ്പ് മർദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കി. കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ ചെയ്തുവെന്നും ജയകൃഷ്ണന്‍ കുറിപ്പിൽ പറയുന്നുണ്ട്.
തന്റെ പാർട്ടിയുടെ സംരക്ഷണമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്തിന്റെ കാരണമെന്നും പൊലീസ് മർദനത്തിന് പിന്നാലെ ആറ് മാസം മെഡിക്കൽ കോളേജിൽ ചികിത്സതേടി അന്നത്തെ ഭരണകൂടം തന്നെ മൂന്ന് മാസത്തിൽ അധികം ജയിലിൽ അടച്ചുവെന്നും ജയകൃഷ്ണൻ പറയുന്നു.
പത്തൊമ്പതാമത്തെ വയസിലാണ് സംഭവം. ഒരു ചെറിയ കേസ് പോലും തനിക്കെതിരെ ഉണ്ടായിരുന്നില്ല. രാത്രി വീട്ടിലെത്തി അമ്മയുടെ മുന്നിൽവെച്ച് മർദ്ദിച്ചാണ് തന്നെ കോന്നി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് ജയകൃഷ്ണൻ തണ്ണിത്തോട് പറഞ്ഞു. സ്റ്റേഷനിലെത്തിച്ചതോടെ ചൂരൽ കൊണ്ട് കാൽവെള്ള അടിച്ചുപൊട്ടിച്ചു. ഇപ്പോഴും അതിന്‍റെ പാടുകൾ കാലിലുണ്ട്. ചെവി രണ്ടും പൊത്തി അടിച്ചു.
ഷൂ ഇട്ട് മുഖത്ത് ചവിട്ടി. മർദ്ദനത്തിന് പിന്നാലെ പാർട്ടി പ്രവർത്തകർ ഇടപെട്ടു. കേസില്ലാത്തതിനാൽ തന്നെ പറഞ്ഞുവിടുകയായിരുന്നുവെന്നും ഡിവൈഎസ്പിയുടെ നിർദേശപ്രകാരമാണ് അന്ന് തന്നെ വെറുതെ വിട്ടതെന്നും ജയകൃഷ്ണൻ പറഞ്ഞു. നിലവിൽ ആലപ്പുഴ ഡിവൈഎസ്പിയായ മധുബാബു പൊലീസിലെ മോശപ്പെട്ട ക്രിമിനലാണെന്നും നിരവധി കേസുകളിൽ അദ്ദേഹം പ്രതിയാണെന്നും ജയകൃഷ്ണൻ പറഞ്ഞു. നിലവിൽ ഇതുമായി ബന്ധപ്പെട്ട് കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ജയകൃഷ്ണൻ പറഞ്ഞു.
Content Highlight: sureshgopi kunnamkulam custody torture






























