---
title: "അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം, 12 പേര്‍ ചികിത്സയിൽ "
english_title: "Amebic encephalitis Two people in critical condition 12 under treatment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313286/amebic-encephalitis-two-people-in-critical-condition-12-under-treatment"
published_at: "2025-09-07T06:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bcdfad4c657_Amebic_encephalitis.jpg"
keywords: []
---

# അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം, 12 പേര്‍ ചികിത്സയിൽ 

> **Lead Summary:** കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ആശങ്ക പരത്തുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. രണ്ട് മലപ്പുറം സ്വദേശികളാണ് രോഗം ബാധിച്ച് വെന്റിലേറ്ററിലുള്ളത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

## Article Content

കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ആശങ്ക പരത്തുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. രണ്ട് മലപ്പുറം സ്വദേശികളാണ് രോഗം ബാധിച്ച് വെന്റിലേറ്ററിലുള്ളത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

എട്ട് ദിവസത്തിനിടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കഴിഞ്ഞ ദിവസം ചികിത്സയിലായിരുന്ന 45 കാരന്‍ മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാളാണ് മരിച്ചത്.

ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണ് എന്ന റിപ്പോര്‍ട്ടുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു.

ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാൽ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313286/amebic-encephalitis-two-people-in-critical-condition-12-under-treatment)