---
title: "കോഴിക്കോട് സൈബർ തട്ടിപ്പ്; പ്രധാന പ്രതി ബിഹാറിൽ ചോമ്പാല പൊലീസിന്റെ പിടിയിൽ, അറസ്റ്റ് അഴിയൂർ സ്വദേശിയായ യുവതിയിൽ നിന്ന് പണം തട്ടിയ കേസിൽ"
english_title: "Kozhikode cyber fraud Main accused arrested by Chombala police in Bihar arrested in case of extorting money from a woman native of Azhiyur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313120/kozhikode-cyber-fraud-main-accused-arrested-by-chombala-police-in-bihar-arrested-in-case-of-extorting-money-from-a-woman-native-of-azhiyur"
published_at: "2025-09-06T08:57:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bbaa5e88986_dg.jpg"
keywords: []
---

# കോഴിക്കോട് സൈബർ തട്ടിപ്പ്; പ്രധാന പ്രതി ബിഹാറിൽ ചോമ്പാല പൊലീസിന്റെ പിടിയിൽ, അറസ്റ്റ് അഴിയൂർ സ്വദേശിയായ യുവതിയിൽ നിന്ന് പണം തട്ടിയ കേസിൽ

> **Lead Summary:** **വടകര(കോഴിക്കോട് ): ( **[www.truevisionnews.com]** ) **സൈബർ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയെ ബിഹാറിലെ ഔറങ്കാബാദ് ജില്ലയിലെ മാലിയിൽ നിന്ന് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. അഭിമന്യു കുമാർ എന്നയാളെയാണ് ചോമ്പാല സബ് ഇൻസ്പക്ടർ ജെഫിൻ രാജു, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.ടി. സജിത്ത്, സിവിൽ പോലീസ് ഓഫീസർ എം.കെ.രാജേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

## Article Content

**വടകര(കോഴിക്കോട് ): ( **[www.truevisionnews.com]** ) **സൈബർ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയെ ബിഹാറിലെ ഔറങ്കാബാദ് ജില്ലയിലെ മാലിയിൽ നിന്ന് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. അഭിമന്യു കുമാർ എന്നയാളെയാണ് ചോമ്പാല സബ് ഇൻസ്പക്ടർ ജെഫിൻ രാജു, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.ടി. സജിത്ത്, സിവിൽ പോലീസ് ഓഫീസർ എം.കെ.രാജേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാമിലൂടെ ലോൺ പരസ്യം നൽകി അഴിയൂർ സ്വദേശിയായ യുവതിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിലാണ് നടപടി. യുവതിയുടെ ഫോൺ ഐഡി സംഘടിപ്പിക്കുകയും പണം തട്ടിയെടുക്കുകയും തുടർന്ന് കൂടുതൽ പണം അയച്ച് നൽകാത്തതിൽ യുവതിയുടെയും 13 വയസ് മാത്രമുള്ള മകളുടെയും ഫോട്ടോ മോർഫ് ചെയ്ത് നഗ്‌ന ഫോട്ടോ നിർമിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു.

ഈ സംഭവത്തിൽ യുവതി നൽകിയ പരാതി പ്രകാരമാണ് ചോമ്പാല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ബാങ്ക് അക്കൗണ്ടുകളും മൊബൈൽ നമ്പറും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചു. ജില്ലാ പോലീസ് മേധാവി കെ.ഇ.ബൈജു നൽകിയ നിർദ്ദേശപ്രകാരമാണ് അന്വേഷണ സംഘം ബിഹാറിലേക്ക് പോയതും പ്രതിയെ പിടികൂടിയതും.

നക്സൽ ഭീഷണിയുള്ളതും വർഷങ്ങൾക്ക് മുമ്പ് പോലീസ് സ്റ്റേഷൻ ആക്രമിച്ച് പോലീസുകാരെ വധിച്ച് ആയുധങ്ങളുമായി കടന്ന ഔറങ്കബാദ് ജില്ലയിലെ മാലി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രാദേശിക പോലീസ് സഹായത്താൽ പ്രതിയെ പിടികൂടിയത്. പോലീസ് സാന്നിധ്യം മനസ്സിലാക്കി പ്രതി രക്ഷപ്പെടുന്നത് ഒഴിവാക്കാൻ വാഹനം ഒഴിവാക്കി അർധരാത്രിയിൽ ആയുധങ്ങളേന്തിയ ഇരുപതോളം സായുധ സേനക്കൊപ്പം കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് വീട് വളഞ്ഞ് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഉത്തരവ് വാങ്ങി താല്കാലിക കസ്റ്റഡിയിൽ പാർപ്പിച്ച് മറ്റ് പ്രതികളെ കുറിച്ച് അന്വേഷണം നടത്തി നിർണായക വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണ സംഘം മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313120/kozhikode-cyber-fraud-main-accused-arrested-by-chombala-police-in-bihar-arrested-in-case-of-extorting-money-from-a-woman-native-of-azhiyur)