---
title: "കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽക്കിടന്ന് പത്ത് വയസ്സുകാരന് ദാരുണാന്ത്യം"
english_title: "Ten year old boy dies tragically after suffering heart attack while playing in mother lap"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313061/ten-year-old-boy-dies-tragically-after-suffering-heart-attack-while-playing-in-mother-lap"
published_at: "2025-09-05T16:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68babff74cae8_FFF.jpg"
keywords: []
---

# കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽക്കിടന്ന് പത്ത് വയസ്സുകാരന് ദാരുണാന്ത്യം

> **Lead Summary:** **കോലാപ്പുര്‍ (മഹാരാഷ്ട്ര): ( **[www.truevisionnews.com]** )** കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച് 10 വയസുകാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പുര്‍ ജില്ലയിലെ കൊഡോളി ഗ്രാമത്തിലാണ് സംഭവം. ശ്രാവണ്‍ ഗവാഡെ എന്ന കുട്ടിയാണ് മരിച്ചത്.

## Article Content

**കോലാപ്പുര്‍ (മഹാരാഷ്ട്ര): ( **[www.truevisionnews.com]** )** കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച് 10 വയസുകാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പുര്‍ ജില്ലയിലെ കൊഡോളി ഗ്രാമത്തിലാണ് സംഭവം. ശ്രാവണ്‍ ഗവാഡെ എന്ന കുട്ടിയാണ് മരിച്ചത്.

കൂട്ടുകാര്‍ക്കൊപ്പം ഗണേശ പന്തലില്‍ (വിനായക ചതുര്‍ഥി ആഘോഷവേളയില്‍ ഗണേശ വിഗ്രഹങ്ങള്‍ പ്രതിഷ്ടിക്കുന്നതിനായി താത്കാലികമായി നിര്‍മിച്ച പന്തല്‍) കളിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട ശ്രാവണ്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷം അമ്മയുടെ മടിയില്‍ കിടന്ന ശ്രാവണ്‍ മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് അധികൃതര്‍ അറിയിച്ചു.

**എന്താണ് ഹൃദയാഘാതം?**

ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തിൽ തടസ്സം ഉണ്ടാകുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ദിവസവും ഹൃദയാഘാതം സംഭവിക്കുന്നത്. മിക്കവർക്കും ആദ്യ തവണയാകും ഇതുണ്ടാകുന്നത്. ഹൃദയാഘാതത്തിന് ദിവസങ്ങൾക്കോ മാസങ്ങൾക്കോ മുൻപ് പ്രോഡ്രോമൽ സിംപ്റ്റംസ് എന്നറിയപ്പെടുന്ന ഹൃദയാഘാതത്തിലേക്കു നയിക്കുന്ന ലക്ഷണങ്ങൾ മിക്ക ആളുകളിലും പ്രകടമാകും.

നെഞ്ചുവേദന, നെഞ്ചിന് കനം, ഹാർട്ട് പാൽപ്പിറ്റേഷൻസ്, ശ്വാസമെടുക്കാൻ പ്രയാസം, നെഞ്ചിന് എരിച്ചിൽ, കടുത്ത ക്ഷീണവും തളർച്ചയും എന്നിവയാണ് ലക്ഷണങ്ങള്‍. ഈ അപകടസൂചനകളെ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടുന്നത് പൂർണമായ ഒരു രോഗമുക്തിക്ക് സഹായിക്കും. ഹൃദയാഘാതം ഉണ്ടാകുമ്പോൾ ആദ്യ ഒരു മണിക്കൂറിനുള്ളിൽ ചികിൽസ തേടിയാൽ രക്ഷപ്പെടാനുള്ള സാധ്യത 60 മുതൽ 70 ശതമാനം വരെ ആണ്.

ഹൃദയത്തിനുണ്ടാകുന്ന പ്രശ്നങ്ങളാണ് ഹൃദയാഘാതത്തിന് പ്രധാന കാരണം. ഹൃദയത്തിലെ രക്തക്കുഴലുകൾക്ക് പ്രശ്നങ്ങളുണ്ടാകുക, ഹൃദയ മസിലുകൾക്ക് ബലക്ഷയമുണ്ടാകുക (കാർഡിയോ മയോപ്പതി), ജന്മനാതന്നെ ഹൃദയത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ, ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്നു നിന്നു പോകുക, നെഞ്ചിടിപ്പിന്റെ താളം തെറ്റുക എന്നിവയാണ് ഹൃദയത്തെ ബാധിക്കാവുന്ന പ്രധാന പ്രശ്നങ്ങൾ.

80ശതമാനവും പെട്ടെന്നുള്ള ഹൃദയാഘാതങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം കൊറോണറി ആർട്ടറി രോഗങ്ങൾ അഥവാ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ ആണ്. പുകവലി, അമിതമായ സ്ടെസ്സ് (മാനസിക സംഘർഷങ്ങൾ), ഡയബറ്റിസ് ഇതെല്ലാം ഹൃദയാഘാതത്തിന് കാരണമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313061/ten-year-old-boy-dies-tragically-after-suffering-heart-attack-while-playing-in-mother-lap)