---
title: "'റീച് കിട്ടാൻ വേണ്ടി മാത്രം'; കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ തനിക്കുനേരെയുണ്ടായ അതിക്രമത്തിന്‍റെ വിഡിയോ പങ്കുവച്ച യുവതിക്കെതിരെ സൈബര്‍ അറ്റാക്ക്"
english_title: "Cyber ​​attack on woman who shared video of assault on her while travelling in KSRTC bus 'just to get a raise"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313052/cyber-attack-on-woman-who-shared-video-of-assault-on-her-while-travelling-in-ksrtc-bus-just-to-get-a-raise"
published_at: "2025-09-05T15:34:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bab600dff93_GHJFG.jpg"
keywords: []
---

# 'റീച് കിട്ടാൻ വേണ്ടി മാത്രം'; കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ തനിക്കുനേരെയുണ്ടായ അതിക്രമത്തിന്‍റെ വിഡിയോ പങ്കുവച്ച യുവതിക്കെതിരെ സൈബര്‍ അറ്റാക്ക്

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) ** കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ തനിക്കുനേരെയുണ്ടായ അതിക്രമത്തിന്‍റെ വിഡിയോ പങ്കുവച്ച കൊച്ചിയില്‍ നിന്നുള്ള കണ്ടന്‍റ് ക്രിയേറ്റര്‍ക്കെതിരെ സൈബർ അറ്റാക്ക്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയായിരുന്നു ബസില്‍ അടുത്തിരുന്ന വയോധികനിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം യുവതി പങ്കുവച്ചത്.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) ** കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ തനിക്കുനേരെയുണ്ടായ അതിക്രമത്തിന്‍റെ വിഡിയോ പങ്കുവച്ച കൊച്ചിയില്‍ നിന്നുള്ള കണ്ടന്‍റ് ക്രിയേറ്റര്‍ക്കെതിരെ സൈബർ അറ്റാക്ക്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയായിരുന്നു ബസില്‍ അടുത്തിരുന്ന വയോധികനിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം യുവതി പങ്കുവച്ചത്.

കേരള സാരി ധരിച്ച യുവതി കെഎസ്ആര്‍ടിസി ബസില്‍ ഇരിക്കുന്നതും അതേസീറ്റിലിരുന്ന മധ്യവയസ്കനായ സഹയാത്രികന്‍ മോശമായി അവളെ നോക്കുന്നതും കാണാം. ഈ അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ യുവതി തന്‍റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷമാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഈ കുട്ടി ചെയ്തത് ശരിയല്ലെന്നും, റീച് കിട്ടാൻ വേണ്ടി മാത്രം ചെയ്തതായിട്ടാണ് തോന്നിയതെന്നുമുള്ള തരത്തിലാണ് കമന്റുകളിൽ അധികവും.

അയാളുടെ ഫാമിലിയുടെ അവസ്ഥ എന്തായിരിക്കും, റീച്ചിനു വേണ്ടി അയാളുടെ കുടുംബം തന്നെ ഇല്ലാതാക്കി, ഇതിനു അവസരം ഉണ്ടാക്കി കൊടുത്തത് ഇവൾ തന്നെയല്ലേ , അയാൾ നോക്കുന്നത് അവൾ നന്നായി ആസ്വദിക്കുന്നുണ്ട്, നീ റീൽസിന് ലൈക്ക് കിട്ടാനായി കാണിക്കുകയാണ് എന്നിങ്ങനെയാണ് അധിക്ഷേപ കമന്റുകൾ.

യുവതി തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലായിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ ഇയാള്‍ നോട്ടം തുടരുകയായിരുന്നു. ഇനി നോക്കിയാല്‍ കണ്ണുകുത്തി പൊട്ടിക്കും എന്ന് പറഞ്ഞപ്പോള്‍ അയാള്‍‌ ഇറങ്ങിയോടിയെന്നും യുവതി പറയുന്നു. ‘പല സംഭവങ്ങളിലും വസ്ത്രധാരണമാണ് പ്രശ്നമെന്നാണ് പറയുന്നത്.

അതുകൊണ്ടാണ് ഞാൻ ഈ റീൽ പോസ്റ്റ് ചെയ്യുന്നത്! ഈ വിഡിയോയിൽ മാന്യമായിട്ടാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. ഇനി പറയൂ, ഞാൻ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതാണോ കുഴപ്പം അതോ ആളുകള്‍ അത് എങ്ങിനെ കാണുന്നു എന്നതാണോ?’ യുവതി പോസ്റ്റിനടിയില്‍ കുറിച്ചു.

വിഡിയോക്ക് താഴെ യുവതിക്ക് പിന്തുണയുമായും ഒട്ടേറപ്പേര്‍ എത്തുന്നുണ്ട് . അതേസമയം എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യവുമായും ആളുകള്‍ എത്തുന്നുണ്ട്. അതിനു മറുപടിയായി മറ്റൊരു വിഡിയോയും യുവതി പോസ്റ്റ് ചെയ്തു. താന്‍ കഴിഞ്ഞ ദിവസം ഓണാഘോഷം കഴിഞ്ഞ് ബസില്‍ വരുമ്പോളാണ് സംഭവം നടന്നതെന്ന് യുവതി വിഡിയോയില്‍ പറയുന്നു. ‌

താന്‍ പ്രതികരിച്ചില്ല എന്ന് പലരും പറയുന്നു എന്നാല്‍ അങ്ങിനെയല്ല, താന്‍ പ്രതികരിക്കുകയും അയാള്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തതായി യുവതി പറഞ്ഞു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. താന്‍ മാന്യമായ രീതിയിലാണ് വസ്ത്രം ധരിച്ചതെന്നും അയാള്‍ വീണ്ടും വീണ്ടും മോശമായി നോക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. തന്‍റെ പ്രൊഫൈലിലുള്ള മറ്റ് വിഡിയോകള്‍ കണ്ട് ആളുകള്‍ കുറ്റപ്പെടുത്തുന്നുവെന്നും എന്നാല്‍ ഇതിലൊന്നും യാതൊരു കഴമ്പുമില്ലെന്നും യുവതി പറയുന്നു.

‘പിഞ്ചു കുഞ്ഞുങ്ങള്‍ വരെ പീഡിപ്പിക്കപ്പെടുന്ന നാടാണിത്. കേസുകള്‍ എടുത്തുനോക്കിയാല്‍ പീഡിപ്പിക്കപ്പെടുന്നവരില്‍ ഭൂരിഭാഗം പേരും ചുരിദാറും ഷാളും ധരിക്കുന്ന നാട്ടിന്‍ പുറത്തെ പെണ്‍കുട്ടികളാണ്. നമ്മുടെ നിയമം ഇത്തരക്കാരെയെല്ലാം ജയിലിലിട്ടു വളര്‍ത്തുന്നതാണ്. നിയമത്തില്‍ പേടിയില്ലാത്തതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. വിഡിയോ ഇട്ടതിന് പിന്നാലെ ഒത്തിരി പെണ്‍കുട്ടികള്‍ മെസേജ് അയച്ചു.

അനുഭവങ്ങള്‍ പറ‍ഞ്ഞു. പലര്‍ക്കും ഇത്തരത്തില്‍ അനുഭവമുണ്ടെങ്കിലും പുറത്തുപറയാന്‍ പേടിയാണ്. പേടികൊണ്ടാണ് അവര്‍ പ്രതികരിക്കാത്തതും. ഏതൊരു സ്ത്രീക്കും ഇത്തരത്തില്‍ പറയാന്‍ ഒരു അനുഭവമുണ്ടാകും. ഈ അനുഭവം ഞാന്‍ പങ്കുവച്ചത്, റീല്‍സിനോ കണ്ടന്‍റിനോ അല്ല, ഇയാളുടെ മുഖം നാട്ടുകാര്‍ കാണാന്‍ വേണ്ടിയാണ്’.

യുവതി പറയുന്നു,തനിക്ക് ഒന്‍പതാം ക്ലാസില്‍ വച്ചും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. അന്ന് ബസില്‍ അതിക്രമമുണ്ടായപ്പോള്‍ പ്രതികരിച്ചതിന് തന്‍റെ അമ്മ എന്നോടു ചോദിച്ചു എന്തിനാണ് പ്രതികരിച്ചത് എന്ന്. യൂണിഫോമിലായിരുന്നു അന്ന്. അന്നു മുതലുണ്ടായ അനുഭവമാണ് ഇതെന്നും യുവതി പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313052/cyber-attack-on-woman-who-shared-video-of-assault-on-her-while-travelling-in-ksrtc-bus-just-to-get-a-raise)