---
title: "'ആഗോള അയ്യപ്പ സംഗമത്തിൽ സുരേഷ്​ ​ഗേപി പങ്കെടുക്കുമോ?' ഞാനൊരു മന്ത്രിയാണെന്ന് മറുപടി"
english_title: "Will Suresh Gopi participate in the global Ayyappa Sangam replied that I am a minister Suresh Gopi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313026/will-suresh-gopi-participate-in-the-global-ayyappa-sangam-replied-that-i-am-a-minister-suresh-gopi"
published_at: "2025-09-05T12:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ba8dcc4ea4c_JCGHGCH.jpg"
keywords: []
---

# 'ആഗോള അയ്യപ്പ സംഗമത്തിൽ സുരേഷ്​ ​ഗേപി പങ്കെടുക്കുമോ?' ഞാനൊരു മന്ത്രിയാണെന്ന് മറുപടി

> **Lead Summary:** തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ആദ്യം പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പിന്നാലെ ഞാനൊരു മന്ത്രിയാണെന്ന് മറുപടി. സേവാഭാരതിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ ഒരുക്കിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം.

## Article Content

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ആദ്യം പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പിന്നാലെ ഞാനൊരു മന്ത്രിയാണെന്ന് മറുപടി. സേവാഭാരതിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ ഒരുക്കിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം.

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നടക്കുന്ന അയ്യപ്പ സംഗമത്തിനെതിരെ ബിജെപി വ്യാപക വിമര്‍ശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ സാന്നിധ്യം സംബന്ധിച്ച ചോദ്യം ഉയര്‍ത്തിയത്.

ആഗോള അയ്യപ്പസംഗമത്തിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കഴിഞ്ഞദിവസം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, വീട്ടിലെത്തി ക്ഷണിച്ചിരുന്നു. കേരളത്തിൽനിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരെയും മറ്റ് നാല് മന്ത്രിമാരെയും സംഗമത്തിനു ക്ഷണിക്കുമെന്ന് സംഘാടകർ നേരത്തേ അറിയിച്ചിരുന്നു.

മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയുള്ള സംഘാടകസമിതിയാണ് ആഗോള അയ്യപ്പ സംഗമത്തിന് ഉള്ളത്. ഈ മാസം 20നാണ് സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ശബരിമലയുടെ വികസനത്തില്‍ താല്പര്യമുള്ള, ശബരിമലയില്‍ നിരന്തരം എത്തുന്നവര്‍ എന്നതാണ് സംഗമത്തില്‍ പങ്കെടുക്കാന്‍ ദേവസ്വം ബോര്‍ഡ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്.

3,000 പേരെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് വ്യക്തമാക്കി. ആന്ധ്ര, തെലങ്കാനയില്‍ നിന്ന് 750 പേരും കേരളത്തില്‍നിന്ന് 800 പേരും പങ്കെടുക്കും. തമിഴ്‌നാട്ടില്‍ നിന്ന് 500 പേരും വിദേശത്തുനിന്ന് 500 പേര്‍ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 200 പേര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313026/will-suresh-gopi-participate-in-the-global-ayyappa-sangam-replied-that-i-am-a-minister-suresh-gopi)