---
title: "നിറങ്ങളുടെയും സമൃദ്ധിയുടെയും ഉത്സവം; തിരുവോണ നിറവില്‍ മലയാളികള്‍, നാടെങ്ങും ആഘോഷം"
english_title: "thiruvonam today Malayalis celebrations "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312981/thiruvonam-today-malayalis-celebrations"
published_at: "2025-09-05T07:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ba3f47c7c6a_onam.jpg"
keywords: []
---

# നിറങ്ങളുടെയും സമൃദ്ധിയുടെയും ഉത്സവം; തിരുവോണ നിറവില്‍ മലയാളികള്‍, നാടെങ്ങും ആഘോഷം

> **Lead Summary:** ഇന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തിരുവോണം ആഘോഷിക്കുകയാണ് നാടെങ്ങും മലയാളികൾ. പൂക്കളവും ഓണക്കോടിയും സദ്യയുമൊരുക്കി നാടും നഗരവും മാവേലിയെ വരവേൽക്കുകയാണ്. കർക്കിടകത്തിലെ വറുതിക്ക് ശേഷം ചിങ്ങം മാസമെത്തുന്നതോടെ കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും നാളുകളാണ് എത്തുന്നത്. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്.തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമൊക്കെ നിറഞ്ഞ തൊടികളും പത്തായം നിറയ്ക്കലുമൊക്കെയായി ഇത്തവണത്തെ ഓണം മലയാളികൾ കൊണ്ടാടുകയാണ്.

## Article Content

ഇന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തിരുവോണം ആഘോഷിക്കുകയാണ് നാടെങ്ങും മലയാളികൾ. പൂക്കളവും ഓണക്കോടിയും സദ്യയുമൊരുക്കി നാടും നഗരവും മാവേലിയെ വരവേൽക്കുകയാണ്. കർക്കിടകത്തിലെ വറുതിക്ക് ശേഷം ചിങ്ങം മാസമെത്തുന്നതോടെ കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും നാളുകളാണ് എത്തുന്നത്. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്.തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമൊക്കെ നിറഞ്ഞ തൊടികളും പത്തായം നിറയ്ക്കലുമൊക്കെയായി ഇത്തവണത്തെ ഓണം മലയാളികൾ കൊണ്ടാടുകയാണ്.

മലരിന്‍ കൂട നിറയ്ക്കുന്ന തുമ്പകളും ദീപക്കുറ്റികള്‍ നാട്ടിയിരിക്കുന്ന നറുമുക്കുറ്റികളും വെള്ളിത്താലവുമേന്തി നില്‍ക്കുന്ന നെയ്യാമ്പലുകളുമായി തിരുവോണത്തെ വരവേല്‍ക്കുകയാണ് കേരളം. പ്രകൃതിയൊരുക്കിയ സ്വീകരണപ്പന്തലിലൂടെയാണ് മാവേലി മന്നന്റെ വരവ്. പഞ്ഞകര്‍ക്കിടകത്തില്‍ നിന്നും ചിങ്ങവെയിലിന്റെ മന്ദഹാസം നിറയുന്ന തിരുവോണത്തിലേക്ക് കേരളം കാലെടുത്തുവയ്ക്കുമ്പോള്‍ മാവേലിയുടെ ഐതിഹ്യം അതിനൊരു പൂത്താലിയാണ്. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത ഒരു നല്ല കാലത്തിന്റെ സ്മരണ പുതുക്കലാണ് നമുക്ക് ഓണം.

ഉണ്ടറിയണം ഓണം’ എന്നാണ് പറയാറ്. കൈക്കൊട്ടിക്കളിയും ഓണപ്പാട്ടുകളും ഓണത്തല്ലും വടംവലിയുമൊക്കെയായി ഓണാഘോഷങ്ങള്‍ തുടരും. ഒരുമയുടെ സന്ദേശമാണ് മനുഷ്യസ്നേഹത്തില്‍ അധിഷ്ഠിതമായ ഈ ആഘോഷം മുന്നോട്ടുവയ്ക്കുന്നത്. ഒരു നാടിൻറെ സ്‌നേഹവും ചന്തവും നിറയുന്ന തിരുവോണം. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കും കൂട്ടുകുടുംബങ്ങളിൽ നിന്ന് ഫ്‌ലാറ്റുകളിലേക്കും എത്തുമ്പോഴും ഓണത്തിൻറെ പകിട്ട് കുറയുന്നതേയില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312981/thiruvonam-today-malayalis-celebrations)