---
title: "പാലക്കാട് വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ് "
english_title: "Police register case after firecrackers explode inside house in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312976/police-register-case-after-firecrackers-explode-inside-house-in-palakkad"
published_at: "2025-09-04T23:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b9cde8a0613_WhatsApp_Image_2025-09-04_at_11.05.23_PM.jpeg"
keywords: []
---

# പാലക്കാട് വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ് 

> **Lead Summary:** പുതുനഗരത്ത് വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച സംഭവത്തില്‍ പുതുനഗരം പൊലീസ് കേസെടുത്തു. അനധികൃതമായി സ്‌ഫോടക വസ്തു സൂക്ഷിച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ്. എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റന്‍സ് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

## Article Content

പുതുനഗരത്ത് വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച സംഭവത്തില്‍ പുതുനഗരം പൊലീസ് കേസെടുത്തു. അനധികൃതമായി സ്‌ഫോടക വസ്തു സൂക്ഷിച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ്. എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റന്‍സ് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

പൊട്ടിത്തെറിയില്‍ മാങ്ങോട് ലക്ഷംവീട് നഗറിലെ ശരീഫിനും സഹോദരി ഷഹാനക്കും പരിക്കേറ്റിരുന്നു. ഹക്കീമിന്റെ അയല്‍വാസിയായ റഷീദിന്റെ പരാതിയിലാണ് കേസെടുത്തത്. നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. മനുഷ്യജീവന് അപകടം വരുത്തുകയെന്ന ലക്ഷ്യത്തോടെ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചെന്നാണ് എഫ്‌ഐആര്‍.

ശരീഫിന്റെ പരിക്ക് ഗുരുതരമാണ്. ഷഹാനയുടെ ഭർത്താവിൻ്റെ ബന്ധു വീട്ടിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ബോംബ് സ്ക്വാഡും, ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തും. പാലക്കാട് പുതുനഗരം മാങ്ങോട് ഉച്ചയ്ക്കായിരുന്നു സംഭവം.

വീട്ടിൽ പൊട്ടിത്തെറി ഉണ്ടായി തീ ആളിക്കത്തുകയായിരുന്നു. പൊട്ടിത്തെറിയിൽ പരിക്കേറ്റ സഹോദരങ്ങളെ പാലക്കാട് ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശരീഫിനെ അവിടെ നിന്നും തൃശൂർ മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ശരീഫിൻ്റെ ശരീരത്തിൽ പൊള്ളലിന് സമാനമായ മുറിവുകളുണ്ടെന്ന് പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312976/police-register-case-after-firecrackers-explode-inside-house-in-palakkad)