---
title: "'കുഞ്ഞിന് രോഗബാധയേറ്റത് മൂക്കിലൂടെ, മരിച്ച മൂന്നുപേർക്കും ബാധിച്ചത് തലച്ചോർ തിന്നുന്ന നെഗ്ലോറിയ അമീബയെന്ന് കോഴിക്കോട് മെഡി.കോളജ് പ്രിൻസിപ്പൽ"
english_title: "Kozhikode Medical College Principal says Amebic encephalitis all three deceased were infected with the brain-eating Necrolia amoeba"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312351/kozhikode-medical-college-principal-says-amebic-encephalitis-all-three-deceased-were-infected-with-the-brain-eating-necrolia-amoeba"
published_at: "2025-09-01T12:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b541696fd92_amebic.jpg"
keywords: []
---

# 'കുഞ്ഞിന് രോഗബാധയേറ്റത് മൂക്കിലൂടെ, മരിച്ച മൂന്നുപേർക്കും ബാധിച്ചത് തലച്ചോർ തിന്നുന്ന നെഗ്ലോറിയ അമീബയെന്ന് കോഴിക്കോട് മെഡി.കോളജ് പ്രിൻസിപ്പൽ

> **Lead Summary:** **കോഴിക്കോട്: **അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തിൽപ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ.ജി സജിത്ത് കുമാർ. ഇന്നലെ രാത്രി മരിച്ച മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ മൂക്കിലൂടെയാണ് രോഗാണു പ്രവേശിച്ചത്. നിലവിൽ ചികിത്സയിലുള്ള രണ്ട് പേര്‍ വെൻ്റിലേറ്ററിലാണ്.വിദേശത്ത് നിന്നും മരുന്നെത്തിച്ച് ചികിത്സ നടത്തുകയാണെന്നും പ്രിൻസിപ്പൽ ഡോ.കെ.ജി സജിത്ത് കുമാർ ,പീഡിയാട്രിക് വിഭാഗം ഡോക്ടര്‍ മോഹൻദാസ് നായർ എന്നിവര്‍ പറഞ്ഞു.

## Article Content

**കോഴിക്കോട്: **അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തിൽപ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ.ജി സജിത്ത് കുമാർ. ഇന്നലെ രാത്രി മരിച്ച മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ മൂക്കിലൂടെയാണ് രോഗാണു പ്രവേശിച്ചത്. നിലവിൽ ചികിത്സയിലുള്ള രണ്ട് പേര്‍ വെൻ്റിലേറ്ററിലാണ്.വിദേശത്ത് നിന്നും മരുന്നെത്തിച്ച് ചികിത്സ നടത്തുകയാണെന്നും പ്രിൻസിപ്പൽ ഡോ.കെ.ജി സജിത്ത് കുമാർ ,പീഡിയാട്രിക് വിഭാഗം ഡോക്ടര്‍ മോഹൻദാസ് നായർ എന്നിവര്‍ പറഞ്ഞു.

നിലവില്‍ പത്ത് പേരാണ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ടുപേരുടെ നില ഗുരതരമാണെന്നും ഇവര്‍ വെന്‍റിലേറ്ററിലാണ് കഴിയുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ രാത്രി രണ്ടുപേരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിൻ്റെ മൂന്ന് മാസം പ്രായമായ കുഞ്ഞും മലപ്പുറം വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്.

***അമീബിക് മസ്തിഷ്ക ജ്വരം: അമീബിക് മസ്തിഷ്ക ജ്വരം (Amoebic Meningoencephalitis) എന്നറിയപ്പെടുന്നത് തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ അതീവ ഗുരുതരവുമായ ഒരുകൂട്ടം രോഗങ്ങളാണ്. ഇവ അമീബ (amoeba) എന്ന ഏകകോശ ജീവി മൂലമാണ് ഉണ്ടാകുന്നത്. ഈ രോഗങ്ങൾ സാധാരണയായി ശുദ്ധജലത്തിൽ കാണപ്പെടുന്ന ചിലതരം അമീബകൾ തലച്ചോറിലെത്തുമ്പോഴാണ് ഉണ്ടാകുന്നത്.***

***രണ്ടുതരം അമീബിക് മസ്തിഷ്ക ജ്വരങ്ങളാണ് പ്രധാനമായുള്ളത്:***

> ***പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് (PAM): രോഗകാരി: Naegleria fowleri എന്ന അമീബയാണ് ഈ രോഗത്തിന് കാരണമാകുന്നത്. ഇതിനെ "തലച്ചോറ് ഭക്ഷിക്കുന്ന അമീബ" (brain-eating amoeba) എന്നും വിളിക്കാറുണ്ട്.***

***രോഗം പകരുന്നത്: സാധാരണയായി ചൂടുള്ള ശുദ്ധജലത്തിൽ, പ്രത്യേകിച്ച് തടാകങ്ങൾ, നദികൾ, ചൂടുനീരുറവകൾ തുടങ്ങിയ സ്ഥലങ്ങളിൽ നീന്തുമ്പോൾ മൂക്കിലൂടെ അമീബ ശരീരത്തിൽ പ്രവേശിക്കുന്നു. മൂക്കിലൂടെ ഉള്ളിലേക്ക് കടക്കുന്ന അമീബ മണത്തിന്റെ നാഡികളിലൂടെ (olfactory nerves) തലച്ചോറിലെത്തുകയും ഗുരുതരമായ അണുബാധയുണ്ടാക്കുകയും ചെയ്യും.***

***ലക്ഷണങ്ങൾ: തലവേദന, പനി, കഴുത്ത് വേദന, ഓക്കാനം, ഛർദ്ദി, ആശയക്കുഴപ്പം, അപസ്മാരം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.***

***ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസ് (GAE): രോഗകാരി: Acanthamoeba sp. അല്ലെങ്കിൽ Balamuthia mandrillaris പോലുള്ള അമീബകളാണ് ഈ രോഗത്തിന് കാരണം. ***

***രോഗം പകരുന്നത്: ഈ അമീബകൾ സാധാരണയായി മണ്ണ്, പൊടി, അല്ലെങ്കിൽ മലിനമായ വെള്ളം എന്നിവയിലൂടെയാണ് ശ്വസനവ്യവസ്ഥയിലോ മുറിവുകളിലൂടെയോ ശരീരത്തിൽ പ്രവേശിക്കുന്നത്. PAM-നെ അപേക്ഷിച്ച് GAE സാധാരണയായി പ്രതിരോധശേഷി കുറഞ്ഞവരിലാണ് (ഉദാഹരണത്തിന്, എച്ച്.ഐ.വി. ബാധിതർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ) കാണപ്പെടുന്നത്.***

***ലക്ഷണങ്ങൾ: ഈ രോഗത്തിന്റെ ലക്ഷണങ്ങൾ സാവധാനമായി മാത്രമേ പ്രകടമാവുകയുള്ളൂ. കാഴ്ച മങ്ങൽ, തലവേദന, പേശികളുടെ ബലഹീനത, ചിന്താക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങൾ സാധാരണമാണ്.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312351/kozhikode-medical-college-principal-says-amebic-encephalitis-all-three-deceased-were-infected-with-the-brain-eating-necrolia-amoeba)