---
title: "'യാഥാർഥ്യമാക്കുന്ന പദ്ധതികളുടെ പട്ടികയിലേക്ക് തുരങ്കപാതകൂടി എഴുതിച്ചേർക്കപ്പെടുകയാണ്' -മന്ത്രി പി.എ മുഹമ്മദ് റിയാസ്"
english_title: "Minister P.A Muhammad Riyaz says that the tunnel is being added to the list of projects to be implemented"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312300/minister-pa-muhammad-riyaz-says-that-the-tunnel-is-being-added-to-the-list-of-projects-to-be-implemented"
published_at: "2025-09-01T09:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b514adbad0a_riyas.jpg"
keywords: []
---

# 'യാഥാർഥ്യമാക്കുന്ന പദ്ധതികളുടെ പട്ടികയിലേക്ക് തുരങ്കപാതകൂടി എഴുതിച്ചേർക്കപ്പെടുകയാണ്' -മന്ത്രി പി.എ മുഹമ്മദ് റിയാസ്

> **Lead Summary:** യാഥാർഥ്യമാക്കുന്ന പദ്ധതികളുടെ പട്ടികയിലേക്ക് തുരങ്കപാതകൂടി എഴുതിച്ചേർക്കപ്പെടുകയാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

യാഥാർഥ്യമാക്കുന്ന പദ്ധതികളുടെ പട്ടികയിലേക്ക് തുരങ്കപാതകൂടി എഴുതിച്ചേർക്കപ്പെടുകയാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസാധ്യമെന്നു കരുതിയ പദ്ധതികൾ സാധ്യമാക്കുമെന്ന് തെളിയിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും കേരളത്തിലെ ടൂറിസത്തിന്റെ കുതിപ്പിന് വലിയ സംഭാവന നൽകാനാകുക മലബാർ ടൂറിസത്തിന്റെ സാധ്യതകളെ വികസിപ്പിക്കുന്നതിലൂടെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒൻപതുവർഷക്കാലം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് പദ്ധതികൾ‌ എൽഡിഎഫ് സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും യാഥാർഥ്യമാക്കിയത്. പല പദ്ധതികൾക്കും പല തടസ്സങ്ങളുമുണ്ടായി. ചില പദ്ധതികൾ ഇല്ലാതാക്കാനുള്ള അനാവശ്യവിവാദങ്ങളും പ്രചാരണവും നടന്നു. ആ പദ്ധതികൾ യാഥാർഥ്യമാകുമോയെന്ന് ജനം ആശങ്കപ്പെട്ടുനിൽക്കുന്ന ഘട്ടത്തിൽ, ഒരു തുരങ്കപാത ഒരുക്കുന്നതുപോലെ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സർക്കാരും അത് യാഥാർഥ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.

ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തിൽ കോഴിക്കോട് ജില്ലയിൽ 14.44 ശതമാനത്തിന്റെയും വയനാട്ടിൽ 16.21 ശതമാനത്തിന്റെയും വർധനയുണ്ടായി. വിദേശ വിനോദസഞ്ചാരികളുടെ നിരക്കിൽ കോഴിക്കോട്ട് 45 ശതമാനത്തിന്റെയും വയനാട്ടിൽ 24.64 ശതമാനത്തിന്റെയും വർധനയുണ്ടായെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പശ്ചാത്തല വികസനമേഖലയ്ക്കാകെ പ്രതീക്ഷയും ആവേശവും നൽകുന്ന പദ്ധതിയാണ് ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത.

കാലങ്ങളായി ഇവിടത്തെ ജനത ആഗ്രഹിച്ച പദ്ധതിയാണ് യാഥാർഥ്യമാകാൻ പോകുന്നത്. താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളോളം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം തേടുകയായിരുന്നു എല്ലാവരും. അതിനുള്ള പരിഹാരമായി തുരങ്കപാത മാറും. കാർഷിക ടൂറിസം മേഖലകളിലും പദ്ധതി വലിയ കുതിച്ചുചാട്ടം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312300/minister-pa-muhammad-riyaz-says-that-the-tunnel-is-being-added-to-the-list-of-projects-to-be-implemented)