---
title: "എംബിബിഎസ് പ്രവേശനത്തിന് സമർപ്പിച്ചത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ്; വിദ്യാർത്ഥിയുടെ പിതാവിന് അഞ്ചുലക്ഷം രൂപ പിഴ "
english_title: "Father of student who submitted fake caste certificate for MBBS admission fined five lakh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312291/father-of-student-who-submitted-fake-caste-certificate-for-mbbs-admission-fined-five-lakh"
published_at: "2025-09-01T08:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b5092e748f7_dctr.jpg"
keywords: []
---

# എംബിബിഎസ് പ്രവേശനത്തിന് സമർപ്പിച്ചത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ്; വിദ്യാർത്ഥിയുടെ പിതാവിന് അഞ്ചുലക്ഷം രൂപ പിഴ 

> **Lead Summary:** എംബിബിഎസ് പ്രവേശനത്തിന് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സമർപ്പിച്ച വിദ്യാർത്ഥിയുടെ പിതാവിന് അഞ്ചുലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി. മകളുടെ എംബിബിഎസ് പ്രവേശനത്തിനാണ് പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയത്. എന്നാൽ, പഠനം കഴിഞ്ഞ മകളുടെ എംബിബിഎസ് റദ്ദാക്കാന്‍ കോടതി തയ്യാറായില്ല.

## Article Content

എംബിബിഎസ് പ്രവേശനത്തിന് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സമർപ്പിച്ച വിദ്യാർത്ഥിയുടെ പിതാവിന് അഞ്ചുലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി. മകളുടെ എംബിബിഎസ് പ്രവേശനത്തിനാണ് പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയത്. എന്നാൽ, പഠനം കഴിഞ്ഞ മകളുടെ എംബിബിഎസ് റദ്ദാക്കാന്‍ കോടതി തയ്യാറായില്ല.

പിതാവ് കാണിച്ച കൃത്രിമത്വത്തിന് മകളുടെ അക്കാദമിക ഭാവി ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പട്ടികവര്‍ഗമാണെന്ന് അവകാശപ്പെട്ട് തന്റെ കുടുംബാംഗങ്ങള്‍ യാതൊരു ആനുകൂല്യവും നേടില്ലെന്ന് പിതാവിനെക്കൊണ്ട് ഉറപ്പ് എഴുതി വാങ്ങിയശേഷമാണ് മകളുടെ എംബിബിഎസ് സാധുവാക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

മഹാരാഷ്ട്ര സ്വദേശിനിയായ പെണ്‍കുട്ടി പട്ടികവര്‍ഗത്തില്‍പ്പെട്ട മന്നേര്‍വര്‍ലു സമുദായക്കാരിയാണെന്നു കാണിക്കുന്ന 2009-ലെ സര്‍ട്ടിഫിക്കറ്റാണ് 2016-ലെ എംബിബിഎസ് പ്രവേശന സമയത്ത് സമര്‍പ്പിച്ചത്. 2021-ല്‍ പഠനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി ഇപ്പോള്‍ ജനറല്‍ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദ പഠനത്തിലാണ്. 2022-ല്‍ സ്‌ക്രൂട്ടിനി കമ്മിറ്റി നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ സമുദായ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312291/father-of-student-who-submitted-fake-caste-certificate-for-mbbs-admission-fined-five-lakh)