---
title: "പൂക്കളവും പൂവിളിയും മാത്രമല്ല; താമരപ്പൂവിന്റെ ലാളിത്യത്തിൽ വിരിയുന്ന ഓണം ഫാഷൻ; ആഭരണങ്ങളിലും മെഹന്ദിയിലും പുത്തൻ ട്രെൻഡുകൾ"
english_title: "Not just flowers and flowers; Onam fashion that blooms in the simplicity of lotus flowers; New trends in jewelry and mehndi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312199/not-just-flowers-and-flowers-onam-fashion-that-blooms-in-the-simplicity-of-lotus-flowers-new-trends-in-jewelry-and-mehndi"
published_at: "2025-08-31T15:08:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b4182a8b9e1_DVDXCVXCV.jpg"
keywords: []
---

# പൂക്കളവും പൂവിളിയും മാത്രമല്ല; താമരപ്പൂവിന്റെ ലാളിത്യത്തിൽ വിരിയുന്ന ഓണം ഫാഷൻ; ആഭരണങ്ങളിലും മെഹന്ദിയിലും പുത്തൻ ട്രെൻഡുകൾ

> **Lead Summary:** **[** ഓണം വീണ്ടും പൂവിട്ടു, കളങ്ങളും തുമ്പപ്പൂക്കളും മാത്രമല്ല, ഫാഷന്റെ ലോകത്തും പുത്തൻ ട്രെൻഡുകൾ പിറവിയെടുക്കുന്നു. കേരളത്തിന്റെ പച്ചപ്പും, പൂക്കളുടെ സൗന്ദര്യവും, ആഘോഷങ്ങളുടെ തിളക്കവും വസ്ത്രധാരണത്തിലും ഒരുപോലെ പ്രതിഫലിക്കുന്ന ഈ സമയത്ത്, ഈ വർഷത്തെ ഫാഷൻ ട്രെൻഡുകൾ പാരമ്പര്യത്തെയും ആധുനികതയെയും ചേർത്തുപിടിച്ച് കൂടുതൽ മനോഹരമാകുന്നു.

## Article Content

**[** ഓണം വീണ്ടും പൂവിട്ടു, കളങ്ങളും തുമ്പപ്പൂക്കളും മാത്രമല്ല, ഫാഷന്റെ ലോകത്തും പുത്തൻ ട്രെൻഡുകൾ പിറവിയെടുക്കുന്നു. കേരളത്തിന്റെ പച്ചപ്പും, പൂക്കളുടെ സൗന്ദര്യവും, ആഘോഷങ്ങളുടെ തിളക്കവും വസ്ത്രധാരണത്തിലും ഒരുപോലെ പ്രതിഫലിക്കുന്ന ഈ സമയത്ത്, ഈ വർഷത്തെ ഫാഷൻ ട്രെൻഡുകൾ പാരമ്പര്യത്തെയും ആധുനികതയെയും ചേർത്തുപിടിച്ച് കൂടുതൽ മനോഹരമാകുന്നു.

ഈ ഓണക്കാലത്തെ ഏറ്റവും പുതിയ ട്രെൻഡുകളിലൊന്നാണ് ലോട്ടസ് മെഹന്തി അഥവാ താമര മെഹന്തി. കൈമുട്ട് വരെ നീളുന്ന സങ്കീർണ്ണമായ ഡിസൈനുകൾക്ക് പകരം, ലളിതവും മനോഹരവുമായ താമരയുടെ ഡിസൈനുകളാണ് ഇപ്പോൾ ഫാഷൻ ലോകത്തെ പുതിയ താരം. പവിത്രതയുടെയും സൗന്ദര്യത്തിന്റെയും പ്രതീകമായ താമരപ്പൂക്കൾ ഓരോ വിരൽത്തുമ്പിലും കൈത്തണ്ടകളിലുമായി വിരിയുമ്പോൾ അത് കേരളീയ തനിമയ്ക്ക് കൂടുതൽ സൗന്ദര്യം നൽകുന്നു.

കൈകളിൽ അതിസൂക്ഷ്മമായി വരച്ച താമര മൊട്ടുകളും ഇതളുകളും, സ്വർണ്ണനിറമുള്ള കസവ് സാരിയുടെ ഭംഗിയെ കൂടുതൽ ആകർഷകമാക്കുന്നു. പരമ്പരാഗത വസ്ത്രങ്ങളായ സെറ്റ് സാരിയോടും ദാവണിയോടും ഈ മെഹന്തി ഡിസൈൻ ചേരുമ്പോൾ അത് പൂർണ്ണമായൊരു ലുക്ക് നൽകുന്നു.

മെഹന്തിയുടെ ലാളിത്യം കൈകളിൽ വിരിഞ്ഞപ്പോൾ, അതിന്റെ പ്രതിഫലനം ആഭരണങ്ങളിലും ദൃശ്യമാണ്. ഈ ഓണത്തിന് ഫാഷൻ ലോകത്ത് തിളങ്ങി നിൽക്കുന്നത് താമരപ്പൂവിന്റെ ഡിസൈനുകളാൽ തീർത്ത മിനിമലിസ്റ്റിക് ആഭരണങ്ങളാണ്. വലിയ സ്വർണ്ണാഭരണങ്ങളുടെ ആഡംബരത്തിനു പകരം, നേർത്തതും എന്നാൽ ശ്രദ്ധേയവുമായ ലളിതമായ ഡിസൈനുകൾക്ക് പ്രാധാന്യം ലഭിക്കുന്നു.

നേരിയ ചരടിൽ കോർത്ത താമരപ്പൂ ലോക്കറ്റുകളുള്ള മാലകൾ, കാതിൽ ഒരു ഇതൾ പോലെ നിൽക്കുന്ന കമ്മലുകൾ, കൈത്തണ്ടയെ അലങ്കരിക്കുന്ന വളകൾ, കാൽത്തളകൾ എന്നിവയെല്ലാം ഈ ലാളിത്യത്തിന്റെ ലാവണ്യം വിളിച്ചോതുന്നു. ഈ ഓണത്തിന് ഫാഷൻ, കേവലം വസ്ത്രധാരണം മാത്രമല്ല, അത് പാരമ്പര്യത്തെയും വ്യക്തിത്വത്തെയും ആഘോഷിക്കുന്ന ഒരു കലാരൂപം കൂടിയാണ്. വർണ്ണങ്ങളുടെയും ആഡംബരങ്ങളുടെയും ലോകത്തുനിന്ന് മാറി, ലാളിത്യവും സൗന്ദര്യവും സമന്വയിക്കുന്ന പുതുപുത്തൻ ട്രെൻഡാണ് ഈ വർഷം ശ്രദ്ധ നേടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312199/not-just-flowers-and-flowers-onam-fashion-that-blooms-in-the-simplicity-of-lotus-flowers-new-trends-in-jewelry-and-mehndi)