---
title: "ക്ലാസില്‍വച്ച് വയറുവേദന; ഒമ്പതാംക്ലാസുകാരി സ്കൂളില്‍ പ്രസവിച്ചു; 28കാരൻ അറസ്റ്റിൽ"
english_title: "Stomach ache in class 9th grader gives birth in school 28 year old arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311908/stomach-ache-in-class-9th-grader-gives-birth-in-school-28-year-old-arrested"
published_at: "2025-08-30T08:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2677a20be1_jh.jpg"
keywords: []
---

# ക്ലാസില്‍വച്ച് വയറുവേദന; ഒമ്പതാംക്ലാസുകാരി സ്കൂളില്‍ പ്രസവിച്ചു; 28കാരൻ അറസ്റ്റിൽ

> **Lead Summary:** **( **[www.truevisionnews.com]** )** ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി സ്കൂളില്‍വച്ച് പ്രസവിച്ചു. കര്‍ണാടകയിലെ ഷഹപുർ താലൂക്കിലെ സർക്കാർ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാസ് പുരോഗമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് വയറുവേദനയും ശാരീരികാസ്വസ്ഥതയും വന്നത്.

## Article Content

**( **[www.truevisionnews.com]** )** ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി സ്കൂളില്‍വച്ച് പ്രസവിച്ചു. കര്‍ണാടകയിലെ ഷഹപുർ താലൂക്കിലെ സർക്കാർ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാസ് പുരോഗമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് വയറുവേദനയും ശാരീരികാസ്വസ്ഥതയും വന്നത്.

തുടര്‍ന്നാണ് സ്കൂളിലെ ശുചിമുറിയില്‍ പെണ്‍കുട്ടി ഒരാണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ഓഗസ്റ്റ് 27-ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ ബുദ്ധിമുട്ടുകണ്ട സഹപാഠികൾ സ്കൂൾ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

17 വയസ്സും ഏഴ് മാസവും പ്രായമുള്ള പെൺകുട്ടി പൂർണ്ണ ഗർഭിണിയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഏകദേശം ഒൻപത് മാസം മുമ്പ് ഒരു അജ്ഞാതൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന പെണ്‍കുട്ടി ആദ്യഘട്ടത്തില്‍ വിവരങ്ങളൊന്നും പറയാന്‍ തയ്യാറായിരുന്നില്ല. ശുചിമുറിയിൽവച്ച് വയറുവേദന അനുഭവപ്പെടുകയും പ്രസവിക്കുകയും ചെയ്തു എന്ന് മാത്രമാണ് കുട്ടി അധ്യാപകരോടും പൊലീസിനോടും പറഞ്ഞത്.

പെൺകുട്ടിയെയും കുഞ്ഞിനെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് 28 വയസ്സുകാരനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. കുട്ടി ആരോഗ്യവതിയായ ശേഷം സംഭവത്തെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിയാനുള്‍പ്പെടെ കൗണ്‍സിലിങ് നല്‍കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം സ്കൂൾ അധികൃതരോ, പ്രസവം നടന്നതിന് പിന്നാലെ ബന്ധുക്കളോ ഉടനടി പൊലീസില്‍ വിവരമറിയിച്ചില്ലെന്നും ആരോപണമുണ്ട്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പ്രതിക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (POCSO) പ്രകാരവും ഭാരതീയ ന്യായ് സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും കേസെടുത്തു.

പെൺകുട്ടിയുടെ ഗർഭധാരണത്തെക്കുറിച്ച് അധികാരികളെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഹോസ്റ്റൽ വാർഡൻ, സ്കൂൾ പ്രിൻസിപ്പൽ, സ്റ്റാഫ് നഴ്സ്, ഇരയുടെ സഹോദരൻ എന്നിവരടക്കം നാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അധ്യയന വർഷം ആരംഭിച്ചതു മുതൽ പെൺകുട്ടി സ്കൂളിൽ സ്ഥിരമായി ഹാജരായിരുന്നില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളുടെ പഠനപരവും ആരോഗ്യപരവുമായ കാര്യങ്ങൾ നിരീക്ഷിക്കുന്നതിൽ കൃത്യവിലോപം കാണിച്ചതിനും അശ്രദ്ധ കാണിച്ചതിനും പ്രിൻസിപ്പൽ, ഹോസ്റ്റൽ വാർഡൻ എന്നിവരുൾപ്പെടെ സ്കൂളിലെ നാല് ജീവനക്കാരെ കർണാടക റെസിഡൻഷ്യൽ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റി (KREIS) സസ്പെൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311908/stomach-ache-in-class-9th-grader-gives-birth-in-school-28-year-old-arrested)