---
title: "നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ല; കുടുംബത്തിൻ്റെ ഹർജി തള്ളി കോടതി"
english_title: "The court rejected the petition of the wife of the late former ADM Naveen Babu."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311741/the-court-rejected-the-petition-of-the-wife-of-the-late-former-adm-naveen-babu"
published_at: "2025-08-29T12:26:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68b14f3a4c096_naveenbabu.jpg"
keywords: []
---

# നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ല; കുടുംബത്തിൻ്റെ ഹർജി തള്ളി കോടതി

> **Lead Summary:** അന്തരിച്ച മുൻ എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യയുടെ ഹർജി തള്ളി കോടതി. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ലെന്ന് ചൂണ്ടിക്കാട്ടിയ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റി.

## Article Content

അന്തരിച്ച മുൻ എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യയുടെ ഹർജി തള്ളി കോടതി. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ലെന്ന് ചൂണ്ടിക്കാട്ടിയ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റി.

കേസിൽ ഇരുവിഭാ​ഗങ്ങളുടേയും വിശദമായ വാദം കോടതി കേട്ടിരുന്നു. അതിന് ശേഷം ഇന്നത്തേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു. ഇന്ന് കേസ് പരി​ഗണിച്ച കോടതി നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം തള്ളുകയായിരുന്നു.

അതേസമയം കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണത്തിന് അനുമതി തേടിയെന്നു വിജിലൻസ്. ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു നൽകിയ പരാതി അട്ടിമറിച്ചെന്നു ചൂണ്ടിക്കാട്ടി കെഎസ്‍യു നേതാവ് പി.മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജിയില്‍ ഹൈക്കോടതി വിജിലൻസിന്റെ മറുപടി തേടിയിരുന്നു.

തുടർന്നാണ് ഹൈക്കോടതിയില്‍ വിജിലൻസ് ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തിന് അനുമതി തേടിയതിലെ പുരോഗതി അറിയിക്കാന്‍ വിജിലന്‍സിനു കോടതി നിര്‍ദ്ദേശം നല്‍കി. കേസ് സെപ്റ്റംബർ 18ന് വീണ്ടും പരിഗണിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോള്‍ ദിവ്യ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്നാണ് കെഎസ്‍യു നേതാവിന്റെ ആരോപണം. ബെനാമി സ്വത്ത് ഇടപാടുകൾ അടക്കം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനു പരാതി നല്‍കിയിരുന്നു എന്ന് ഹർജിയിൽ പറയുന്നു.

എന്നാൽ, ഉന്നത ഇടപെടലില്‍ ആറു മാസമായിട്ടും പരാതിക്കാരന്റെ മൊഴി പോലുമെടുക്കാതെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡ‍ന്റായതിനു പിന്നാലെ ആരംഭിച്ച കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ബെനാമി പേരിൽ ദിവ്യയും ഭർത്താവും ചേർന്ന് ആരംഭിച്ചതാണെന്നാണ് ഹർജിയിലെ ആരോപണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311741/the-court-rejected-the-petition-of-the-wife-of-the-late-former-adm-naveen-babu)