---
title: "കൈകാലുകള്‍ കെട്ടിയിട്ട് ദേഹത്ത് മണ്ണെണ്ണയൊഴിച്ചു...; അവിഹിതബന്ധമുണ്ടെന്ന സംശയം,  യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊലപ്പെടുത്തി"
english_title: "The woman was set on fire by her husband after he suspected her of having an affair."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311564/the-woman-was-set-on-fire-by-her-husband-after-he-suspected-her-of-having-an-affair"
published_at: "2025-08-28T14:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b01fd2039e8_fire.jpg"
keywords: []
---

# കൈകാലുകള്‍ കെട്ടിയിട്ട് ദേഹത്ത് മണ്ണെണ്ണയൊഴിച്ചു...; അവിഹിതബന്ധമുണ്ടെന്ന സംശയം,  യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊലപ്പെടുത്തി

> **Lead Summary:** അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നവിമുംബൈയിലാണ് സംഭവം. യുവതി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും കൊലപാതകത്തിന് സാക്ഷിയായ ദമ്പതികളുടെ മകളുടെ മൊഴി വഴിത്തിരിവായി.

## Article Content

അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നവിമുംബൈയിലാണ് സംഭവം. യുവതി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും കൊലപാതകത്തിന് സാക്ഷിയായ ദമ്പതികളുടെ മകളുടെ മൊഴി വഴിത്തിരിവായി.

രാജ്കുമാര്‍ രാംശിരോമണി സാഹു എന്ന 35-കാരനാണ് ഭാര്യ ജാഗ്രണി(32)യെ കൊലപ്പെടുത്തിയത്. ഉരണിലെ പഗോതെഗാവില്‍ ഓഗസ്റ്റ് 25-ാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം. ജാഗ്രണിയുടെ കൈകാലുകള്‍ കെട്ടിയിട്ട് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് രാജ്കുമാര്‍ തീകൊളുത്തുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുന്‍പേ മരിച്ചു.

ഭാര്യ മുറിയില്‍ കയറി വാതിലടച്ച് സ്വയം തീകൊളുത്തുകയായിരുന്നു എന്നായിരുന്നു രാജ്കുമാര്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജ്കുമാര്‍ പറഞ്ഞത് കളവാണെന്ന് കണ്ടെത്തി.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാജ്കുമാറിന്റെയും ജാഗ്രണിയുടെയും മകളായ ഏഴുവയസ്സുകാരിയുടെ മൊഴിയുമാണ് ഇതില്‍ നിര്‍ണായകമായത്. അമ്മയെ അച്ഛന്‍ തീകൊളുത്തിയെന്നായിരുന്നു മകളുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു. പിന്നാലെ രാജ്കുമാറിനെ 26-ാം തീയതി അറസ്റ്റ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311564/the-woman-was-set-on-fire-by-her-husband-after-he-suspected-her-of-having-an-affair)