---
title: "താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ ചെറിയ കല്ലുകൾ റോഡിലേക്ക് ഇടിഞ്ഞുവീണു "
english_title: "Traffic restrictions again at Thamarassery Pass Small stones fell onto the road while vehicles were passing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311425/traffic-restrictions-again-at-thamarassery-pass-small-stones-fell-onto-the-road-while-vehicles-were-passing"
published_at: "2025-08-28T08:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afc783707f0_churam.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ ചെറിയ കല്ലുകൾ റോഡിലേക്ക് ഇടിഞ്ഞുവീണു 

> **Lead Summary:** താമരശ്ശേരി ചുരത്തിൽ അപകടഭീഷണി ഉയർത്തി വീണ്ടും പാറക്ഷണങ്ങളും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീഴുന്നു. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചിരുന്നു. കെഎസ്ആർടിസി ബസുകളും സർവീസ് ആരംഭിച്ചു.

## Article Content

താമരശ്ശേരി ചുരത്തിൽ അപകടഭീഷണി ഉയർത്തി വീണ്ടും പാറക്ഷണങ്ങളും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീഴുന്നു. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചിരുന്നു. കെഎസ്ആർടിസി ബസുകളും സർവീസ് ആരംഭിച്ചു.

എന്നാൽ, ഇന്ന് രാവിലെയാണ് വീണ്ടും ഇതേ സ്ഥലത്ത് പാറക്ഷണങ്ങളും മണ്ണും വീണത്. അതിനാൽ ചുരത്തിൽ വീണ്ടും ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നതിനിടെയാണ് ചെറിയ പാറക്ഷണങ്ങള്‍ റോഡിലേക്ക് വീണത്. ഒരു വാഹനത്തിന്‍റെ തൊട്ടരികിലാണ് കല്ല് പതിച്ചത്. ഇതിനിടയിലും വാഹനങ്ങള്‍ നിലവിൽ കടന്നുപോകുന്നതുണ്ട്. സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയില്ലെന്നാണ് ആക്ഷേപം.

കല്ലിടിഞ്ഞ സ്ഥലത്ത് ചെറിയ ഗതാഗതക്കുരുക്കും ഉണ്ടായി. ചുരത്തിൽ നേരിയ മഴ പെയ്യുന്നുണ്ട്. റോഡിന്‍റെ പകുതി വരെ കല്ലുകൾ വീണുകിടക്കുന്നുണ്ട്. കല്ലുകള്‍ നീക്കാത്തതിനാൽ ഈ ഭാഗത്ത് നിലവിൽ വാഹനങ്ങള്‍ ഒറ്റവരിയായിട്ടാണ് പോകുന്നത്. ഒരു വാഹനം കല്ല് പതിക്കാതെ നേരിയ വ്യത്യാസത്തിനാണ് രക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311425/traffic-restrictions-again-at-thamarassery-pass-small-stones-fell-onto-the-road-while-vehicles-were-passing)