---
title: "മേഘങ്ങളെ പുതച്ചുറങ്ങുന്ന മലനിരകളിലേക്ക് ഒരു സ്വപ്നയാത്ര! 'കോഴിക്കോടിന്റെ സ്വന്തം ഊട്ടി' നിങ്ങളെയും കാത്തിരിക്കുന്നു"
english_title: "A dream trip to the cloud-covered mountains! 'Kozhikode's own Ooty' awaits you too"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311389/a-dream-trip-to-the-cloud-covered-mountains-kozhikodes-own-ooty-awaits-you-too"
published_at: "2025-08-27T22:08:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68af3611795d1_gyfgf.jpg"
keywords: []
---

# മേഘങ്ങളെ പുതച്ചുറങ്ങുന്ന മലനിരകളിലേക്ക് ഒരു സ്വപ്നയാത്ര! 'കോഴിക്കോടിന്റെ സ്വന്തം ഊട്ടി' നിങ്ങളെയും കാത്തിരിക്കുന്നു

> **Lead Summary:** **[**നീല നിറമാർന്ന ആകാശത്തോളം ഉയർന്നതും പച്ചപ്പണിഞ്ഞതും കോടമഞ്ഞിൽ പുതച്ചും ഒളിച്ചും നിൽക്കുന്ന മലനിരകൾ. അതിനെ തഴുകി തലോടി പോവുന്ന കോടമഞ്ഞിന്റെ തണുപ്പ്. കോടമഞ്ഞിനാൽ പുതച്ച മലനിരകൾക്കിടയിലൂടെ നേർത്ത അരുവികളായി ഉത്ഭവിച്ച് പാൽ നുര പോലെയുള്ള നുരയും പതയും തീർത്ത് ഒഴുകിപ്പോകുന്ന ജലധാര. ഈ കാഴ്ചകൾക്കിടയിലൂടെയുള്ള യാത്ര ഒരു സ്വപ്നത്തെപോലെ നമ്മളെ ആകർഷിക്കും.

## Article Content

**[**നീല നിറമാർന്ന ആകാശത്തോളം ഉയർന്നതും പച്ചപ്പണിഞ്ഞതും കോടമഞ്ഞിൽ പുതച്ചും ഒളിച്ചും നിൽക്കുന്ന മലനിരകൾ. അതിനെ തഴുകി തലോടി പോവുന്ന കോടമഞ്ഞിന്റെ തണുപ്പ്. കോടമഞ്ഞിനാൽ പുതച്ച മലനിരകൾക്കിടയിലൂടെ നേർത്ത അരുവികളായി ഉത്ഭവിച്ച് പാൽ നുര പോലെയുള്ള നുരയും പതയും തീർത്ത് ഒഴുകിപ്പോകുന്ന ജലധാര. ഈ കാഴ്ചകൾക്കിടയിലൂടെയുള്ള യാത്ര ഒരു സ്വപ്നത്തെപോലെ നമ്മളെ ആകർഷിക്കും.

ചില സമയങ്ങളിൽ ശാന്തവും ചിലപ്പോൾ ഉഗ്രകോപിയും പാറക്കല്ലുകൾക്കിടയിലൂടെയും ഉരുളൻകല്ലിലൂടെയും ഒഴുകിവരുന്ന പുഴ. ആ പുഴ നമ്മളെ വല്ലാതെ ഒന്ന് ആകർഷിക്കും. കാരണം, അവൾ അതിസുന്ദരിയാണ്. വെള്ളിക്കിണ്ണം പോലെ തിളക്കമുള്ളതും തെളിമയാർന്നതുമായ ആ ജലം, മനസ്സിനെയും ശരീരത്തെയും ഒരുപോലെ കുളിരണിയിക്കും. ഇതെല്ലാം കേട്ട് നിങ്ങൾ ആലോചിക്കുന്നത് എവിടെയാണിതെന്നല്ലേ? കോഴിക്കോട്ടുകാരുടെ സ്വന്തം ഊട്ടിയെന്നറിയപ്പെടുന്ന തോണിക്കടവും കരിയാത്തുംപാറയുമാണ് ഈ സൗന്ദര്യത്തിന്റെ കേന്ദ്രങ്ങൾ.

കോഴിക്കോട് നഗരത്തിന്റെ ഹൃദയത്തിൽ നിന്ന് 50 കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതിക്ക് ഒട്ടും പോറലേൽപ്പിക്കാതെ പച്ചപ്പിനാല്‍ അണിയിച്ചൊരുക്കിയ ഈ കേന്ദ്രങ്ങളിൽ എത്താം. ​കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്‌ ഇവിടം. കക്കയം ഡാമിനടുത്താണ് തോണിക്കടവെന്ന അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്നത്. കണ്ണുകൾക്ക് കുളിർമയേകുന്ന പച്ചപ്പും തണുപ്പുമുള്ള കാലാവസ്ഥയും കൊണ്ട് ഇവിടം സഞ്ചാരികളുടെ മനം കവരുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പ്രകൃതിയെ അടുത്തറിയാനും പറ്റിയ ഒരിടമാണിത്. കല്യാണ ഫോട്ടോ ഷൂട്ടുകൾക്കും സിനിമ ഷൂട്ടിങ്ങിനും കുടുംബസമേതം സായാഹ്നങ്ങൾ ചെലവിടാനും അവധി ദിനങ്ങൾ ആഘോഷമാക്കാനും അനുയോജ്യമാണ്‌ തോണിക്കടവും കരിയാത്തുംപാറയും.

ഇനി തോണിക്കടവിൽ നമുക്കായി കാത്തുവെച്ചിരിക്കുന്നത്, മേഘങ്ങളെ തൊട്ടുനിൽക്കുന്ന വാച്ച് ടവറും ശാന്തമായ ജലാശയവും പച്ചപ്പും ഹൃദയ ദ്വീപകളുമെല്ലാം കാഴ്ചക്കാർക്ക് നൽകുന്നത് ഹൃദ്യമായ അനുഭവമാണ്. കക്കയം മലനിരകളും, ബോട്ട് സർവീസിന്, കുറ്റ്യാടി റിസർവേയറിൻറ ഭാഗമായ ജലാശയവുമാണ് തോണിക്കടവിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കുട്ടികൾക്കുള്ള ചെറിയ പാർക്ക്, ഇരിപ്പിടങ്ങൾ, കൂടാരങ്ങൾ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ പുഴയുടെ കരയിൽ, പച്ചപ്പിന്റെ മറവിൽ ഒതുങ്ങിയൊഴുകുന്ന അനേകം വെള്ളച്ചാട്ടങ്ങളുണ്ട്. പുഴയുടെ തണുപ്പും പച്ചപ്പിന്റെ കുളിരും ചേർന്നുള്ള അനുഭവം ഏതൊരാൾക്കും മറക്കാനാവാത്തതാണ്.

​കരിയാത്തുംപാറയിലേക്കും തോണിക്കടവിലേക്കും ബസ്സിലും കാറിലും എളുപ്പത്തിൽ എത്തിച്ചേരാം. നാല് റൂട്ടുകളാണ് ഇവിടേക്ക് എത്തിച്ചേരാനായുള്ളത്. ഈ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ വരുന്നവർ കോഴിക്കോട് നിന്ന് ബാലുശ്ശേരി- കൂരാച്ചുണ്ട്- കല്ലനോട് വഴിയും കോഴിക്കോട് നിന്ന് താമരശ്ശേരി വന്ന് എസ്റ്റേറ്റ്മുക്ക്- തലയാട് വഴിയും തോണിക്കടവിലെത്താം. മറ്റൊന്ന് പേരാമ്പ്രയിൽ നിന്നും കൂരാച്ചുണ്ട്- കല്ലനോട് വഴി എത്തിച്ചേരുന്നതാണ്. കണ്ണൂരിൽ നിന്നാണ് യാത്രയെങ്കിൽ കണ്ണൂർ തലശ്ശേരി- നാദാപുരം -കുറ്റിയാടി - ചക്കിട്ടപാറ വഴിയും ഇവിടെയെത്താം. ഇവിടെയുള്ള റോഡുകളും വൃത്തിയായി പരിപാലിക്കപ്പെടുന്നു. പ്രകൃതി സൗന്ദര്യത്തോടൊപ്പം, കേരളത്തിന്റെ ഗ്രാമീണ ജീവിതവും ഇവിടെ അടുത്തറിയാൻ സാധിക്കും.

കൂടാതെ, ഇവിടെയുള്ള തട്ടുകടകളിൽ നിന്ന് നാടൻ വിഭവങ്ങൾ ആസ്വദിക്കാം. ചുരുക്കത്തിൽ, കാഴ്ചകൾ കൊണ്ടും അനുഭവങ്ങൾകൊണ്ടും കരിയാത്തുംപാറയും തോണിക്കടവും സഞ്ചാരികൾക്ക് ഒരു വിസ്മയം തീർക്കും. പ്രകൃതിയുടെ വശ്യ സൗന്ദര്യം നിറഞ്ഞ ഈ സ്ഥലം അടുത്തറിയാൻ ആഗ്രഹമുണ്ടെങ്കിൽ വേഗം വിട്ടോളൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311389/a-dream-trip-to-the-cloud-covered-mountains-kozhikodes-own-ooty-awaits-you-too)