---
title: "'രാഹുല്‍ രാജിവെയ്ക്കണോ എന്ന കാര്യത്തില്‍ പ്രസ്ഥാനം തീരുമാനമെടുക്കട്ടെ, തന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയില്ല' - റിനി"
english_title: "Actress and former journalist Rini Ann George says there is no conspiracy behind her revelations."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311385/actress-and-former-journalist-rini-ann-george-says-there-is-no-conspiracy-behind-her-revelations"
published_at: "2025-08-27T21:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68af2d0b9bbdb_rini.jpg"
keywords: []
---

# 'രാഹുല്‍ രാജിവെയ്ക്കണോ എന്ന കാര്യത്തില്‍ പ്രസ്ഥാനം തീരുമാനമെടുക്കട്ടെ, തന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയില്ല' - റിനി

> **Lead Summary:** **കൊച്ചി: ** തന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയില്ലെന്ന് നടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്. ഒരു അഭിമുഖത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞുപോയ കാര്യമായിരുന്നു അത്. അതിന് പിന്നില്‍ ഒരു ഗൂഢാലോചനയുമില്ല. സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ടായിരുന്നു തന്റെ പോസ്റ്റ്.

## Article Content

**കൊച്ചി: ** തന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയില്ലെന്ന് നടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്. ഒരു അഭിമുഖത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞുപോയ കാര്യമായിരുന്നു അത്. അതിന് പിന്നില്‍ ഒരു ഗൂഢാലോചനയുമില്ല. സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ടായിരുന്നു തന്റെ പോസ്റ്റ്.

മനസാ വാചാ കര്‍മണ അറിയാത്ത കാര്യത്തിന്റെ പേരിലാണ് സതീശന്‍ ആക്രമിക്കപ്പെട്ടതെന്നും റിനി പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോടായിരുന്നു റിനിയുടെ പ്രതികരണം. രാഹുലിനെതിരെ കേസെടുത്തതില്‍ പ്രതികരിക്കാനില്ലെന്നും റിനി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിവരം തേടിയാല്‍ നല്‍കുമോ എന്ന കാര്യം ഇപ്പോള്‍ പറയുന്നില്ല. രാഹുല്‍ രാജിവെയ്ക്കണോ എന്ന കാര്യത്തില്‍ പ്രസ്ഥാനം തീരുമാനമെടുക്കട്ടെയെന്നും റിനി കൂട്ടിച്ചേര്‍ത്തു.

നേരത്തേ താന്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പൂര്‍ണ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്ന് വ്യക്തമാക്കി റിനി ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിലേക്ക് താന്‍ ഏറ്റവും ബഹുമാനിക്കുന്ന നേതാവിനെ ചില കേന്ദ്രങ്ങള്‍ വലിച്ചിട്ടത് വേദനിപ്പിച്ചതായി റിനി പറഞ്ഞിരുന്നു. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ എന്നും റിനി ചോദിച്ചിരുന്നു.

ഉള്ളില്‍ എരിഞ്ഞ ഒരു നെരിപ്പോടിന് ആശ്വാസം ലഭിക്കുന്നതിനാണ് സ്ത്രീപക്ഷത്തുനിന്നുകൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞത്. അതിലേക്ക് മനസും വായുമറിയാത്ത വ്യക്തികളെ വലിച്ചിഴച്ച് ഗളഹസ്തം ചെയ്യുന്നവോട് ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. തന്റെ വാക്ക് തന്റേത് മാത്രമാണെന്നും ഒരു ഗൂഢാലോചനാ സിദ്ധാന്തവും ഇവിടെ വര്‍ക്ക് ഔട്ട് ആവില്ലെന്നും റിനി വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311385/actress-and-former-journalist-rini-ann-george-says-there-is-no-conspiracy-behind-her-revelations)