---
title: "കഫക്കെട്ട് കൊണ്ട് പൊറുതിമുട്ടിയോ? എങ്കിൽ ഈ നിറവ്യത്യാസങ്ങൾ  ശ്രദ്ധിക്കണം..."
english_title: "Are you struggling with phlegm? Then you should pay attention to these color changes..."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311373/are-you-struggling-with-phlegm-then-you-should-pay-attention-to-these-color-changes"
published_at: "2025-08-27T19:33:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68af106e0c0e1_1.jpg"
keywords: []
---

# കഫക്കെട്ട് കൊണ്ട് പൊറുതിമുട്ടിയോ? എങ്കിൽ ഈ നിറവ്യത്യാസങ്ങൾ  ശ്രദ്ധിക്കണം...

> **Lead Summary:** ** രാ**വിലെ എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന കഫക്കെട്ട് നമ്മളിൽ ഭൂരിഭാ​ഗം പേരും അവ​ഗണിക്കാറാണ് പതിവ്. എന്നാൽ, രാവിലെ എഴുന്നേൽക്കുമ്പോൾ കഫം ഉള്ളതായി അനുഭവപ്പെടുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുടെ സൂചനയാകാം. കഫത്തിന്റെ നിറം ആരോഗ്യത്തെക്കുറിച്ചുള്ള പ്രധാന സൂചനകൾ നൽകും.

## Article Content

** രാ**വിലെ എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന കഫക്കെട്ട് നമ്മളിൽ ഭൂരിഭാ​ഗം പേരും അവ​ഗണിക്കാറാണ് പതിവ്. എന്നാൽ, രാവിലെ എഴുന്നേൽക്കുമ്പോൾ കഫം ഉള്ളതായി അനുഭവപ്പെടുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുടെ സൂചനയാകാം. കഫത്തിന്റെ നിറം ആരോഗ്യത്തെക്കുറിച്ചുള്ള പ്രധാന സൂചനകൾ നൽകും.

പൊടി, അലർജി, രോഗാണുക്കൾ എന്നിവയെ തടഞ്ഞുനിർത്താനായി ശ്വാസനാളികളും ശ്വാസകോശവുമാണ് കഫം ഉത്പാദിപ്പിക്കുന്നത്. രാവിലെ ചെറിയ അളവിൽ കഫം വരുന്നത് സാധാരണമാണ്. എന്നാൽ അതിന്റെ നിറം മാറുകയോ, കട്ടി കൂടുകയോ ചെയ്താൽ ശ്രദ്ധവേണം .

**വെളുത്ത കഫം‌**

ചെറിയ അലർജികളെയോ അല്ലെങ്കിൽ അസ്വസ്ഥതകളെയോ ആണ് വെളുത്ത കഫം സൂചിപ്പിക്കുന്നത്. തെളിഞ്ഞതോ ഇളം വെള്ള നിറത്തിലുള്ളതോ ആയ കഫം സാധാരണ അപകടകരമല്ല. ഇത് ചെറിയ അസ്വസ്ഥതകൾ, നിർജ്ജലീകരണം, അല്ലെങ്കിൽ അലർജികൾ എന്നിവ മൂലമുണ്ടാകാം. പൊടി, പുക തുടങ്ങിയയവയിൽ നിന്ന് വിട്ടുനിൽക്കുന്നതും ഇതിന്റെ ഉത്പാദനം കുറയ്ക്കാൻ സഹായിക്കും.

**മഞ്ഞ കഫം**

സാധാരണ ജലദോഷം അല്ലെങ്കിൽ സൈനസൈറ്റിസ് പോലുള്ള ചെറിയ അണുബാധയെ ചെറുക്കാൻ രോഗപ്രതിരോധ സംവിധാനം ശ്രമിക്കുന്നതിന്റെ സൂചനയാണ് മഞ്ഞ കഫം. വെളുത്ത രക്താണുക്കളും ഇൻഫ്ലമേറ്ററി കോശങ്ങളും അണുബാധയുള്ള സ്ഥലത്തേക്ക് എത്തുന്നതാണ് ഈ നിറത്തിന് കാരണം. ഈ പ്രശ്നം ഒരാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയോ അല്ലെങ്കിൽ സ്ഥിതി വഷളാകുകയോ ചെയ്യുകയാണെങ്കിൽ ഒരു ഡോക്ടറെ കാണുക.

**പച്ച കഫം**

കട്ടിയുള്ള പച്ച കഫം ശ്വാസകോശത്തിലെ ​ഗുരുതരമായ ബാക്ടീരിയൽ അണുബാധയെ സൂചിപ്പിക്കുന്നു. ഇതിനോടൊപ്പം പനി, നെഞ്ചിൽ മുറുക്കം, അല്ലെങ്കിൽ വിട്ടുമാറാത്ത ചുമ എന്നിവ ഉണ്ടാകാം. ഈ ആരോ​ഗ്യപ്രശ്നം പരിഹരിക്കുന്നതിന് ഒരുപക്ഷേ ആൻറിബയോട്ടിക്കുകളും ആവശ്യമായി വന്നേക്കാം.

**ബ്രൗൺ കഫം**

പുക, പൊടി, അല്ലെങ്കിൽ മറ്റ് മലിനീകരണ വസ്തുക്കൾ ശ്വസിക്കുന്നതിന്റെ ഫലമായി ബ്രൗൺ കഫം ഉണ്ടാകാം. ശ്വാസനാളങ്ങളിലെ അസ്വസ്ഥത കാരണം ഡ്രൈ ബ്ലഡിനേയും ഇത് സൂചിപ്പിക്കാമെന്നും ഡോക്ടർ പറയുന്നു. പുകവലിക്കുന്ന സ്വഭാവമുണ്ടെങ്കിലോ മലിനമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നയാളാണെങ്കിലോ, ശ്വാസകോശത്തിന് ശ്രദ്ധ ആവശ്യമാണെന്നതിന്റെ സൂചനയാണ് ബ്രൗൺ കഫം.

**പിങ്ക് അല്ലെങ്കിൽ ചുവപ്പ് കഫം**

കഫത്തിലെ പിങ്ക് അല്ലെങ്കിൽ ചുവന്ന വരകൾ ശ്വാസനാളത്തിനുള്ളിലെ രക്തസ്രാവത്തെ സൂചിപ്പിക്കുന്നു. ഇത് അണുബാധ, ദീർഘകാല ശ്വാസകോശ രോഗങ്ങൾ, അല്ലെങ്കിൽ ക്ഷയം, ശ്വാസകോശ അർബുദം പോലുള്ള മറ്റ് അവസ്ഥകൾ മൂലമാകാം. ഈ സാഹചര്യത്തിൽ അടിയന്തര വൈദ്യപരിശോധന ആവശ്യമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311373/are-you-struggling-with-phlegm-then-you-should-pay-attention-to-these-color-changes)