---
title: "നീയെന്തിന് ഇത് ചെയ്തു...! മുറിയിൽ തീപിടിക്കുന്ന ദ്രാവകം; നിക്കി ഭാട്ടി കേസിൽ വൻവഴിത്തിരിവായി വീഡിയോ"
english_title: "Major breakthrough in the case where Nikki Bhatti was allegedly set on fire by her in-laws"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311372/major-breakthrough-in-the-case-where-nikki-bhatti-was-allegedly-set-on-fire-by-her-in-laws"
published_at: "2025-08-27T19:25:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68af0e7631c5b_1.jpg"
keywords: []
---

# നീയെന്തിന് ഇത് ചെയ്തു...! മുറിയിൽ തീപിടിക്കുന്ന ദ്രാവകം; നിക്കി ഭാട്ടി കേസിൽ വൻവഴിത്തിരിവായി വീഡിയോ

> **Lead Summary:** **നോയിഡ: ** സ്ത്രീധന പീഡനത്തിനൊടുവിൽ ഭർതൃവീട്ടുകാർ തീകൊളുത്തി കൊലപ്പെടുത്തിയെന്നു കരുതുന്ന കേസിൽ വൻവഴിത്തിരിവ്. യുവതി മരിച്ച മുറിയിൽനിന്ന് തീ പിടിക്കുന്ന ദ്രാവകം കണ്ടെത്തിയതിനു പിന്നാലെ യുവതിയോട് നീയെന്തിന് ഇത് ചെയ്തുവെന്ന് വീട്ടുകാർ ചോദിക്കുന്ന ദൃശ്യങ്ങളടങ്ങിയ പുതിയ വീഡിയോയും പുറത്തായി.

## Article Content

**നോയിഡ: ** സ്ത്രീധന പീഡനത്തിനൊടുവിൽ ഭർതൃവീട്ടുകാർ തീകൊളുത്തി കൊലപ്പെടുത്തിയെന്നു കരുതുന്ന കേസിൽ വൻവഴിത്തിരിവ്. യുവതി മരിച്ച മുറിയിൽനിന്ന് തീ പിടിക്കുന്ന ദ്രാവകം കണ്ടെത്തിയതിനു പിന്നാലെ യുവതിയോട് നീയെന്തിന് ഇത് ചെയ്തുവെന്ന് വീട്ടുകാർ ചോദിക്കുന്ന ദൃശ്യങ്ങളടങ്ങിയ പുതിയ വീഡിയോയും പുറത്തായി.

നിക്കി ഭാട്ടിയുടെ മുറിയിൽനിന്ന് തീപിടിക്കുന്ന ദ്രാവകം കണ്ടെടുക്കുകയും പുതിയ വീഡിയോ ക്ലിപ്പുകൾ പുറത്തുവരികയും ചെയ്തതോടെ സ്ത്രീധന മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ പുതിയ വഴിത്തിരിവുണ്ടായതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഓഗസ്റ്റ് 21-ന് നടന്ന സംഭവത്തിൽ നിക്കിയെ ഭർതൃവീട്ടുകാർ തീകൊളുത്തി കൊന്നു എന്നായിരുന്നു കേസ്.

സംഭവത്തിൽ നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടി, ഭർതൃമാതാവ് ദയ ഭാട്ടി, ഭർതൃപിതാവ് സത്യവീർ, ഭർതൃസഹോദരൻ രോഹിത് ഭാട്ടി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിപിനും അയാളുടെ ദയ ഭാട്ടിയും ചേർന്ന് കൊലപാതകം നടത്തിയെന്നാണ് ആരോപണം. ഓഗസ്റ്റ് 21-നാണ് സംഭവം.ഗുരുതരമായി പൊള്ളലേറ്റ നിക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരണത്തിന് കീഴടങ്ങി.

നിക്കിയുടെ മുറിയിൽനിന്ന് കണ്ടെത്തിയ തീപിടിക്കുന്ന ദ്രാവകം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഓഗസ്റ്റ് 21-ലെ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകൾ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും പരാതി നൽകുകയും വിഷയത്തിൽ ഇടപെടാൻ ശ്രമിച്ചെന്ന് അവകാശപ്പെടുകയും ചെയ്ത നിക്കിയുടെ സഹോദരി കാഞ്ചന്റെ മൊഴി പോലീസ് വീണ്ടും പരിശോധിക്കും.

നിക്കിയുടെ ഭർതൃസഹോദരൻ രോഹിത് ഭാട്ടിയുടെ ഭാര്യയാണ് കാഞ്ചൻ. 'വഴക്കിനിടെ ഭർതൃമാതാവ് നിക്കിയെയും വിപിനെയും പിടിച്ചുമാറ്റുന്നതായി കാണുന്ന ഒരു വീഡിയോയും 'യേ ക്യാ കർ ലിയാ (നീയെന്തിന് ഇത് ചെയ്തു)' എന്ന് ഒരാൾ പറയുന്നതും കാഞ്ചൻ ചിത്രീകരിച്ചതെന്ന് കരുതുന്നതുമായ മറ്റൊരു വീഡിയോയും ഉൾപ്പെടെ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇരു കുടുംബങ്ങളിൽ നിന്നുമായി ഒരു ഡസനോളം മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

സംഭവത്തിന് മിനിറ്റുകൾക്ക് മുമ്പ് വിപിൻ വീടിനു പുറത്തുനിൽക്കുന്നത് കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്. ഇതിന് പുറമെ, കഴിഞ്ഞ ഒക്ടോബറിൽ ഗ്രേറ്റർ നോയിഡയിലെ ജാർച്ച പ്രദേശത്ത് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത മറ്റൊരു കേസും അന്വേഷിക്കുന്നുണ്ട്. സമീപത്തെ ആനന്ദ്പൂർ ഗ്രാമത്തിലെ ഇരുപത്തൊന്നുകാരിയായ പ്രീതിയെ കയ്യേറ്റം ചെയ്ത കുറ്റത്തിന് കഴിഞ്ഞ വർഷം ഒക്ടോബറിൽ വിപിനും കൂട്ടാളി തുഷാറിനുമെതിരെയാണ് ആ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഇരുവരും യുവതിയുടെ ഫോൺ ബലമായി പിടിച്ചുപറിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്. ആ കേസിൽ അന്വേഷണം നടന്നുവരികയാണെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും അഡീഷണൽ ഡിസിപി (ഗ്രേറ്റർ നോയിഡ) സുധീർ കുമാർ പറഞ്ഞു.

ഓഗസ്റ്റ് 21-ന് സിർസ ഗ്രാമത്തിലെ വീട്ടിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് നിക്കിയെ കണ്ടെത്തിയത്. ഡൽഹിയിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേ അവർ മരണപ്പെട്ടു. വീട്ടിലുണ്ടായ ഗ്യാസ് സിലിണ്ടർ സ്‌ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റുവെന്നും വിപിന്റെ ബന്ധുവായ ദേവേന്ദ്രയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചതെന്നും മെഡിക്കൽ രേഖകളിൽ രേഖപ്പെടുത്തിയിരുന്നു.

എന്നാൽ, മർദ്ദിച്ചതിന് ശേഷം വിപിൻ, അമ്മ ദയ, അച്ഛൻ സത്വീർ, സഹോദരൻ രോഹിത് എന്നിവർ ചേർന്ന് നിക്കിയെ മനഃപൂർവം തീകൊളുത്തുകയായിരുന്നുവെന്നാണ് സഹോദരി കാഞ്ചൻ പോലീസിനോടു പറഞ്ഞത്.

2016-ൽ 'സ്ത്രീധനമില്ലാതെ' വിവാഹം നടത്തിയെങ്കിലും നിക്കിക്ക് നിരന്തരമായ സ്ത്രീധന പീഡനം നേരിടേണ്ടി വന്നിരുന്നുവെന്ന് കാഞ്ചൻ പറയുന്നു. തന്റെ കുടുംബം സ്‌കോർപ്പിയോ എസ്യുവി, മോട്ടോർ സൈക്കിൾ, ആഭരണങ്ങൾ എന്നിവ ഭാട്ടി കുടുംബത്തിന് നൽകിയിരുന്നുവെന്നും എന്നിട്ടും 36 ലക്ഷം രൂപയും ഒരു ആഡംബര കാറും കൂടി നൽകാൻ സമ്മർദ്ദമുണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311372/major-breakthrough-in-the-case-where-nikki-bhatti-was-allegedly-set-on-fire-by-her-in-laws)