---
title: "'കടം തീർക്കാൻ കാറും വീടും വിൽക്കണം'; നാല് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി, പിന്നാലെ ദമ്പതികൾ ജീവനൊടുക്കി"
english_title: "Couple commits suicide by poisoning four month old baby in Uttar Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311354/couple-commits-suicide-by-poisoning-four-month-old-baby-in-uttar-pradesh"
published_at: "2025-08-27T17:32:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aef43440a08_death.jpg"
keywords: []
---

# 'കടം തീർക്കാൻ കാറും വീടും വിൽക്കണം'; നാല് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി, പിന്നാലെ ദമ്പതികൾ ജീവനൊടുക്കി

> **Lead Summary:** ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു. കൈത്തറി വ്യവസായിയായ സച്ചിൻ ഗ്രോവർ , ഭാര്യ ശിവാനി എന്നിവരാണ് മരിച്ചത്. രണ്ടു മുറികളിൽ നിന്നായാണ് ദമ്പതികളുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.

## Article Content

ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു. കൈത്തറി വ്യവസായിയായ സച്ചിൻ ഗ്രോവർ , ഭാര്യ ശിവാനി എന്നിവരാണ് മരിച്ചത്. രണ്ടു മുറികളിൽ നിന്നായാണ് ദമ്പതികളുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം താൻ വളരെയധികം വിഷമിക്കുന്നുവെന്ന് സച്ചിൻ ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്. ‘‘എന്റെ കുടുംബത്തെ കുറിച്ച് എനിക്ക് പരാതിയില്ല. അവരെല്ലാം എന്നെ പിന്തുണച്ചു. കടം തീർക്കാൻ ഞങ്ങളുടെ കാറും വീടും വിൽക്കണം. ഞങ്ങൾ കടം വീട്ടിയില്ലെന്ന് ആരും പറയരുത്’’ – ആത്മഹത്യ കുറിപ്പിൽ പറയുന്നു.

ഫാനിലാണ് ദമ്പതികൾ തൂങ്ങിമരിച്ചത്. ‌കുടുംബം അവരുടെ വീടിന്റെ രണ്ടാം നിലയിലാണ് താമസിച്ചിരുന്നതെന്നും താഴത്തെ നിലയിൽ താമസിക്കുന്ന അവരുടെ ബന്ധുക്കളാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് മകൻ ബാങ്കിൽ 5 ലക്ഷം രൂപ നിക്ഷേപിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ 3 ലക്ഷം രൂപ സംഘടിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂവെന്നും സച്ചിന്റെ മാതാവ് പറഞ്ഞു.

***(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311354/couple-commits-suicide-by-poisoning-four-month-old-baby-in-uttar-pradesh)