---
title: "കഫക്കെട്ട് വന്നപ്പോൾ എക്സ്റേ എടുത്തു, പരിശോധനയിൽ കണ്ടെത്തിയത് നെഞ്ചിൽ സർജിക്കൽ ട്യൂബ്; ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണവുമായി യുവതി"
english_title: "Allegations of serious medical malpractice at Thiruvananthapuram General Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311349/allegations-of-serious-medical-malpractice-at-thiruvananthapuram-general-hospital"
published_at: "2025-08-27T17:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aeecc63e321_women.jpg"
keywords: []
---

# കഫക്കെട്ട് വന്നപ്പോൾ എക്സ്റേ എടുത്തു, പരിശോധനയിൽ കണ്ടെത്തിയത് നെഞ്ചിൽ സർജിക്കൽ ട്യൂബ്; ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണവുമായി യുവതി

> **Lead Summary:** തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര ചികിത്സ പിഴവെന്ന് ആരോപണം. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങിയെന്ന പരാതിയുമായി യുവതി. 50 സെന്റീമീറ്റർ നീളമുള്ള സർജിക്കൽ ട്യൂബ് ആണ് കുടുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് കാട്ടാക്കട സ്വദേശിനിയായ സുമയ്യ ആരോഗ്യ വകുപ്പിൽ പരാതി നൽകി.

## Article Content

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര ചികിത്സ പിഴവെന്ന് ആരോപണം. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങിയെന്ന പരാതിയുമായി യുവതി. 50 സെന്റീമീറ്റർ നീളമുള്ള സർജിക്കൽ ട്യൂബ് ആണ് കുടുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് കാട്ടാക്കട സ്വദേശിനിയായ സുമയ്യ ആരോഗ്യ വകുപ്പിൽ പരാതി നൽകി.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ രാജീവ്‌ കുമാറിനെതിരെയാണ് യുവതിയുടെ പരാതി. 2023 മാർച്ച്‌ 22ന് ആണ് ശസ്ത്രക്രിയ നടന്നത്. വീണ്ടും ആരോഗ്യ പ്രശ്നം ഉണ്ടായപ്പോൾ ഇതേ ഡോക്ടറുടെ അടുത്ത് രണ്ടു വർഷം ചികിത്സ തുടർന്നു. ആരോഗ്യം പ്രശ്നം കടുത്തപ്പോൾ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

കഫക്കെട്ട് വന്നപ്പോൾ എക്സ്റേ എടുത്തപ്പോഴാണ് നെഞ്ചിൽ ട്യൂബ് കിടക്കുന്നതായി അറിഞ്ഞതെന്നും യുവതി പറയുന്നു. തുടർന്നു വീണ്ടും ഡോക്ടർ രാജീവ് കുമാറിനെ സമീപിച്ചു. ഡോക്ടർ പിഴവ് സമ്മതിച്ചെന്നും യുവതി വ്യക്തമാക്കി. രാജീവ്‌ കുമാർ മറ്റു ഡോകടർമാരുമായി സംസാരിച്ചു കീ ഹോൾ വഴി ട്യൂബ് എടുത്തു നൽകാമെന്നു അറിയിച്ചു. മറ്റാരോടും പറയരുതെന്നും ഡോക്ടർ ആവശ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു.

പിന്നീട് രാജീവ്‌ കുമാറിന്റെ നിർദ്ദേശപ്രകാരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ തേടി. സി.റ്റി സ്കാനിൽ വയർ രക്തകുഴലുമായി ഒട്ടി ചേർന്നെന്നും എടുക്കാൻ കഴിയില്ലെന്നും അറിയിച്ചു. ഇതോടെ രാജീവ്‌ കുമാർ കയ്യൊഴിഞ്ഞെന്നും യുവതി ആരോപിച്ചു. തുടർ ചികിത്സക്ക് മാർഗമില്ലെന്നും മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്നും സുമയ്യ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311349/allegations-of-serious-medical-malpractice-at-thiruvananthapuram-general-hospital)