---
title: "വല്ലാത്ത ചതിയായിപ്പോയി ....; ഐഫോണ്‍ 17 സീരീസ് പുറത്തിറങ്ങുന്നതോടെ ചില പഴയ മോഡലുകള്‍ ആപ്പിള്‍ പിന്‍വലിക്കും "
english_title: "Apple to discontinue some older models with iPhone 17 series launch"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311324/apple-to-discontinue-some-older-models-with-iphone-17-series-launch"
published_at: "2025-08-27T15:28:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aed7282cdd0_iphone.jpg"
keywords: []
---

# വല്ലാത്ത ചതിയായിപ്പോയി ....; ഐഫോണ്‍ 17 സീരീസ് പുറത്തിറങ്ങുന്നതോടെ ചില പഴയ മോഡലുകള്‍ ആപ്പിള്‍ പിന്‍വലിക്കും 

> **Lead Summary:** ** **ഓരോ പുത്തന്‍ സീരീസ് ഐഫോണുകളും പുറത്തിറക്കുമ്പോള്‍ പഴയ ചില ഫോണുകള്‍ പിന്‍വലിക്കുന്ന പതിവ് ആപ്പിളിനുണ്ട്. 2025 സെപ്റ്റംബറില്‍ ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ പുറത്തിറക്കുമ്പോഴും ഇത്തരത്തില്‍ ചില പഴയ ഡിവൈസുകള്‍ ആപ്പിള്‍ പിന്‍വലിക്കും.

## Article Content

** **ഓരോ പുത്തന്‍ സീരീസ് ഐഫോണുകളും പുറത്തിറക്കുമ്പോള്‍ പഴയ ചില ഫോണുകള്‍ പിന്‍വലിക്കുന്ന പതിവ് ആപ്പിളിനുണ്ട്. 2025 സെപ്റ്റംബറില്‍ ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ പുറത്തിറക്കുമ്പോഴും ഇത്തരത്തില്‍ ചില പഴയ ഡിവൈസുകള്‍ ആപ്പിള്‍ പിന്‍വലിക്കും.

സാധാരണയായി, തൊട്ടു മുന്‍ വര്‍ഷത്തെ രണ്ട് നോണ്‍-പ്രോ ഫ്ലാഗ്ഷിപ്പുകള്‍ ആപ്പിള്‍ നിലനിര്‍ത്താറുണ്ട്. അതേസമയം പ്രോ മോഡലുകള്‍ പിന്‍വലിക്കാറാണ് പതിവ്. അതിനും മുമ്പത്തെ സീരീസിലെ, അതായത് 2023ലെ രണ്ട് നോണ്‍-പ്രോ മോഡലുകള്‍ പിന്‍വലിക്കുകയും ചെയ്യും. ഈ സൂചന വച്ച് നോക്കിയാല്‍, ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ ഫോണ്‍ മോഡലുകള്‍ ഐഫോണ്‍ 17 ലൈനപ്പ് വരുന്നതോടെ പിന്‍വലിക്കപ്പെടും.

അതായത്, ഐഫോണ്‍ 17 ശ്രേണി അവതരിപ്പിച്ചാലും ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് വേരിയന്‍റുകള്‍ തുടര്‍ന്നും വാങ്ങാന്‍ വിപണിയില്‍ ലഭ്യമായിരിക്കും.

അതേസമയം സെപ്റ്റംബർ 9ന് ആപ്പിൾ പാർക്കിൽ നടക്കുന്ന ‘Awe dropping’ പരിപാടിയില്‍ ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 17 സ്‌മാര്‍ട്ട്‌ഫോണുകള്‍ കമ്പനി അവതരിപ്പിക്കും. പരിപാടിയിലേക്കുള്ള ക്ഷണക്കത്ത് ആപ്പിൾ ഔദ്യോഗികമായി പുറത്തിറക്കി.

കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആപ്പിൾ പാർക്ക് ക്യാംപസിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ സെപ്റ്റംബർ 9ന് ഇന്ത്യൻ സമയം രാത്രി 10:30നാണ് Awe dropping ആരംഭിക്കുക. ആപ്പിളിന്‍റെ ലോഞ്ച് ഇവന്‍റ് ആപ്പിൾ വെബ്‌സൈറ്റും, ഔദ്യോഗിക യൂട്യൂബ് ചാനലും, ആപ്പിൾ ടിവി ആപ്പിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311324/apple-to-discontinue-some-older-models-with-iphone-17-series-launch)