---
title: "'കണ്ണുകണ്ടൂടെ, അവന്റെ തുടയില്‍ 22 മുറിവുണ്ടായിരുന്നു, കോടതിക്ക് ഹൃദയമുണ്ടെങ്കിൽ ഈ വാക്ക് പറയില്ലായിരുന്നു'; പൊട്ടിക്കരഞ്ഞ് ഉദയകുമാറിന്റെ അമ്മ"
english_title: "udayakumar custodial death case judgement mother prabhavathiyamma response"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311302/udayakumar-custodial-death-case-judgement-mother-prabhavathiyamma-response"
published_at: "2025-08-27T14:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aec8004eb87_udayakumar.jpg"
keywords: []
---

# 'കണ്ണുകണ്ടൂടെ, അവന്റെ തുടയില്‍ 22 മുറിവുണ്ടായിരുന്നു, കോടതിക്ക് ഹൃദയമുണ്ടെങ്കിൽ ഈ വാക്ക് പറയില്ലായിരുന്നു'; പൊട്ടിക്കരഞ്ഞ് ഉദയകുമാറിന്റെ അമ്മ

> **Lead Summary:** **തിരുവനന്തപുരം: **വിവാദമായ ഉരുട്ടിക്കൊലക്കേസില്‍ പോലീസുകാരായ മുഴുവന്‍ പ്രതികളെയും വെറുതേവിട്ട ഹൈക്കോടതി ഉത്തരവ് കേട്ട് പൊട്ടിക്കരഞ്ഞ് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ. കോടതിക്ക് ഹൃദയമില്ലെന്നും പ്രതികള്‍ പുറത്തിറങ്ങാനായി ആരൊക്കെയോ ശ്രമിച്ചിട്ടുണ്ടെന്നും പ്രഭാവതിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **വിവാദമായ ഉരുട്ടിക്കൊലക്കേസില്‍ പോലീസുകാരായ മുഴുവന്‍ പ്രതികളെയും വെറുതേവിട്ട ഹൈക്കോടതി ഉത്തരവ് കേട്ട് പൊട്ടിക്കരഞ്ഞ് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ. കോടതിക്ക് ഹൃദയമില്ലെന്നും പ്രതികള്‍ പുറത്തിറങ്ങാനായി ആരൊക്കെയോ ശ്രമിച്ചിട്ടുണ്ടെന്നും പ്രഭാവതിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.

'കോടതിക്ക് കണ്ണുകണ്ടൂടെ, അവന്റെ തുടയില്‍ 22 മുറിവുണ്ടായിരുന്നു. ഉള്ളംകാല്‍ കണ്ടാല്‍ അപ്പോഴേ ബോധംകെട്ട് വീഴും. അപ്പോളാ കോടതി പറയുന്നത് അവര്‍ കുറ്റക്കാരല്ലെന്ന്. അത് ശരി. അപ്പോള്‍ ആര്‍ക്കും എന്തുംചെയ്യാം അല്ലേ. ആണിനും പെണ്ണിനും ഒരു ഹൃദയമേയുള്ളൂ. ഹൃദയമില്ലാത്ത എത്രയോപേര്‍ ലോകത്തുണ്ടെന്നാ. ഇപ്പോള്‍ ആര്‍ക്കും ഹൃദയമില്ലെന്നാണ് തോന്നുന്നത്. ഹൈക്കോടതിക്കും ഹൃദയമില്ല. ഒരുകോടതിക്കും ഹൃദയമില്ല. ഒരേയൊരു ഹൃദയമേയുള്ളൂ. ഇപ്പോള്‍ കോടതിക്ക് ഹൃദയമില്ല. ഹൃദയമുണ്ടായിരുന്നെങ്കില്‍ എന്നോട് ഇത് കാണിക്കില്ലായിരുന്നു. ഹൃദയമുണ്ടെങ്കില്‍ കോടതി ഈ വാക്ക് പറയില്ലായിരുന്നു.

ഇത്രയുംചെയ്തിട്ട് അവര്‍ കുറ്റക്കാരല്ലെന്ന് പറയുന്നതില്‍ കള്ളക്കളിയുണ്ട്. കള്ളക്കളിയുമായി ഇതിനുപിന്നില്‍ ആരോ ഉണ്ട്. ആരെയാണ് സംശയമെന്ന് പറയാന്‍പറ്റില്ല. പക്ഷേ, ആരോ ഉണ്ട്. അതാണ് പ്രതികള്‍ പുറത്തിറങ്ങാന്‍ കാരണം', പ്രഭാവതിയമ്മ വിതുമ്പി. പ്രതികള്‍ക്ക് ശിക്ഷ കിട്ടണമെന്നതാണ് തന്റെ ആവശ്യമെന്നും ഇപ്പോള്‍ പുറത്തിറങ്ങിയവരെ അകത്താക്കണമെന്നും പ്രഭാവതിയമ്മ പറഞ്ഞു.

കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പോലീസുകാരായ മുഴുവന്‍ പ്രതികളെയും വെറുതേവിട്ട് ബുധനാഴ്ചയാണ് ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണത്തില്‍ സിബിഐയ്ക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുഴുവന്‍പ്രതികളെയും കുറ്റവിമുക്തരാക്കിയത്. കേസില്‍ ഒന്നാംപ്രതിയുടെ വധശിക്ഷയും റദ്ദാക്കി. സിബിഐ കോടതി വിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

2005 സെപ്റ്റംബര്‍ 27-ന് രാത്രിയാണ് തിരുവനന്തപുരം കിള്ളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ഉദയകുമാര്‍(28) മരിച്ചത്. ക്രൂരമര്‍ദനത്തിനൊടുവില്‍ തുടയിലെ രക്തധമനികള്‍ പൊട്ടിയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം നഗരത്തിലെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍നിന്ന് മോഷണക്കേസ് പ്രതിയോടൊപ്പമാണ് ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മോഷണത്തില്‍ ഉദയകുമാറിനും പങ്കുണ്ടെന്നും ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന നാലായിരം രൂപ മോഷ്ടിച്ച തുകയാണെന്നുമായിരുന്നു പോലീസിന്റെ ആരോപണം. തുടര്‍ന്ന് തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയാക്കി ഉദയകുമാറിനെ കൊലപ്പെടുത്തിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2008 ഓഗസ്റ്റിലാണ് സിബിഐ ഏറ്റെടുത്തത്. പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ നടത്തിയ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്. തുടര്‍ന്ന് പോലീസുകാരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയും 2018 ജൂലായ് 25-ന് പ്രതികളെ ശിക്ഷിക്കുകയുമായിരുന്നു.

കേസിലെ ഒന്നും രണ്ടും പ്രതികളായ കെ. ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്ക് വധശിക്ഷയാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്. ഇരുവര്‍ക്കും രണ്ടുലക്ഷം രൂപ വീതം പിഴയും ചുമത്തിയിരുന്നു. ഈ തുക ഉദയകുമാറിന്റെ അമ്മയ്ക്ക് നല്‍കാനും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ. നാസര്‍ ഉത്തരവിട്ടിരുന്നു. ഫോര്‍ട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന കെ.ജിതകുമാര്‍, എസ്.വി. ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായാണ് കോടതി ഉത്തരവിലുണ്ടായിരുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടാംപ്രതി ശ്രീകുമാര്‍ പിന്നീട് മരിച്ചു.

കേസിലെ അഞ്ചുമുതല്‍ ഏഴുവരെ പ്രതികളായ ഡിവൈഎസ്പി അജിത് കുമാര്‍, മുന്‍ എസ്പിമാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവര്‍ക്കെതിരെ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, കൃത്രിമരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളും തെളിഞ്ഞിരുന്നു. കൊലപാതകം നടക്കുമ്പോള്‍ അജിത്കുമാര്‍ ഫോര്‍ട്ട് സ്റ്റേഷനിലെ എസ്ഐയും സാബു സിഐയും ആയിരുന്നു. ഹരിദാസ് അസിസ്റ്റന്റ് കമ്മിഷണറും. മൂന്നാംപ്രതി എഎസ്‌ഐ കെ.വി.സോമനെയും കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയിരുന്നെങ്കിലും വിചാരണയ്ക്കിടെ ഇദ്ദേഹം മരിച്ചിരുന്നു. നാലാം പ്രതി വി.പി.മോഹനനെ കോടതി നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311302/udayakumar-custodial-death-case-judgement-mother-prabhavathiyamma-response)