---
title: " ജമ്മു കശ്മീരിൽ കനത്ത മഴ തുടരുന്നു; മഴക്കെടുതിയിൽ മരണം പതിമൂന്നായി, 22 ട്രെയിനുകൾ റദ്ദാക്കി "
english_title: "Heavy rains continue in Jammu and Kashmir Death toll rises to 13 22 trains cancelled"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311172/heavy-rains-continue-in-jammu-and-kashmir-death-toll-rises-to-13-22-trains-cancelled"
published_at: "2025-08-27T06:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ae5bb5acf86_jammu.jpg"
keywords: []
---

#  ജമ്മു കശ്മീരിൽ കനത്ത മഴ തുടരുന്നു; മഴക്കെടുതിയിൽ മരണം പതിമൂന്നായി, 22 ട്രെയിനുകൾ റദ്ദാക്കി 

> **Lead Summary:** ജമ്മു കശ്മീരിൽ മഴക്കെടുതിയിൽ മരണം പതിമൂന്നായി. ഇപ്പോഴും ഇവിടെ കനത്ത മഴ തുടരുന്നു. ട്രെയിൻ ഗതാഗതവും താറുമാറായി. ജമ്മു, കത്ര സ്റ്റേഷനുകളിൽ നിർത്തുകയോ അവിടെ നിന്ന് പുറപ്പെടുകയോ ചെയ്യുന്ന 22 ട്രെയിനുകൾ റദ്ദാക്കി.വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം പലയിടത്തും റോഡുകളും പാലങ്ങളും തകർന്നിരിക്കുകയാണ്.

## Article Content

ജമ്മു കശ്മീരിൽ മഴക്കെടുതിയിൽ മരണം പതിമൂന്നായി. ഇപ്പോഴും ഇവിടെ കനത്ത മഴ തുടരുന്നു. ട്രെയിൻ ഗതാഗതവും താറുമാറായി. ജമ്മു, കത്ര സ്റ്റേഷനുകളിൽ നിർത്തുകയോ അവിടെ നിന്ന് പുറപ്പെടുകയോ ചെയ്യുന്ന 22 ട്രെയിനുകൾ റദ്ദാക്കി.വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം പലയിടത്തും റോഡുകളും പാലങ്ങളും തകർന്നിരിക്കുകയാണ്.

നദികൾ കരകവിഞ്ഞ് ഒഴുകുന്നതും പലയിടത്തും വെള്ളം കയറിയതും ഭീഷണിയാണ്. മഴയെത്തുടർന്നുണ്ടായ ജമ്മു–ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായി. തിങ്കളാഴ്ച മുതൽ കനത്ത മഴയാണ് ജമ്മു മേഖലയിൽ അനുഭവപ്പെടുന്നത്. പല വീടുകളും വെള്ളത്തിനടിയിലായി. നിരവധിപേർ മാറിത്താമസിച്ചു. കിഷ്ത്വാർ, ദോഡ, രജൗരി ജില്ലകളിലെ ഉയർന്ന പ്രദേശങ്ങളിൽ വീടുകളും കാലിത്തൊഴുത്തുകളും തകർന്നിട്ടുണ്ട്.

കിഷ്ത്വാറിലെ പദ്ദർ റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി, റാംനഗർ-ഉധംപൂർ, ജംഗൽവാർ-തത്ത്രി റോഡുകൾ ഉരുൾപൊട്ടൽ മൂലം തടസ്സപ്പെട്ടു. രവി നദിയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങി. ചെനാബ് നദിയിലും ജലനിരപ്പ് ഉയർന്നു. സാംബയിലെ ബസന്തർ നദിയും കവിഞ്ഞനിലയിലാണ്. റിയാസി ജില്ലയിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ ഉരുൾപൊട്ടലിൽ ഒൻപതു പേർ മരിച്ചു. 21 പേർക്ക് പരുക്കേറ്റു.

ഇവിടെ രക്ഷാപ്രവർത്തനങ്ങൾ നടന്നു വരികയാണ്.നിരവധിപേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ആശങ്ക. കട്രയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള അധക്‌വാരിയിലെ ഇന്ദർപ്രസ്ഥ ഭോജനാലയത്തിനു സമീപമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത് ക്ഷേത്രത്തിലേക്കുള്ള യാത്ര നിർത്തിവച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311172/heavy-rains-continue-in-jammu-and-kashmir-death-toll-rises-to-13-22-trains-cancelled)