---
title: "ആർത്തവം നീട്ടിവെയ്ക്കാനായി മരുന്ന് കഴിച്ചു , രക്തം കട്ടപിടിച്ച് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം"
english_title: "An 18 year old girl died tragically after taking medication to delay her period due to a blood clot"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311110/an-18-year-old-girl-died-tragically-after-taking-medication-to-delay-her-period-due-to-a-blood-clot"
published_at: "2025-08-26T18:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68adaf073b216_ghfght.jpg"
keywords: []
---

# ആർത്തവം നീട്ടിവെയ്ക്കാനായി മരുന്ന് കഴിച്ചു , രക്തം കട്ടപിടിച്ച് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** **[ **ആർത്തവം നീട്ടിവെയ്ക്കാനായി മരുന്ന് കഴിച്ച്‌ രക്തം കട്ടപിടിച്ച് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. പ്രമുഖ വാസ്കുലർ സർജൻ ഡോ. വിവേകാനന്ദ് വെളിപ്പെടുത്തലിലാണ് സംഭവം പുറത്ത് വന്നത്.മൂന്ന് ദിവസം ഹോർമോൺ ​ഗുളികകൾ കഴിച്ചതായും പിന്നീട് തുടകളിലും കാലുകളിലും നീര് വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**[ **ആർത്തവം നീട്ടിവെയ്ക്കാനായി മരുന്ന് കഴിച്ച്‌ രക്തം കട്ടപിടിച്ച് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. പ്രമുഖ വാസ്കുലർ സർജൻ ഡോ. വിവേകാനന്ദ് വെളിപ്പെടുത്തലിലാണ് സംഭവം പുറത്ത് വന്നത്.മൂന്ന് ദിവസം ഹോർമോൺ ​ഗുളികകൾ കഴിച്ചതായും പിന്നീട് തുടകളിലും കാലുകളിലും നീര് വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകടകരമായി രക്തം കട്ടപിടിക്കുന്ന അവസ്ഥയായ ഡീപ് വെയിൻ ത്രോംബോസിസ് (Deep vein thrombosis) കുട്ടിക്ക് ബാധിച്ചതായി പിന്നീട് വ്യക്തമായെങ്കിലും അവരെ രക്ഷിക്കാനായില്ല. റീബൂട്ടിംഗ് ദി ബ്രെയിൻ പോഡ്‌കാസ്റ്റിലായിരുന്നു ഡോക്ടറുടെ വെളിപ്പെടുത്തൽ.

**അപകടകരം ഈ ശീലം**

ഇന്നത്തെ കാലത്ത് ഒട്ടേറെ സ്ത്രീകൾ ചില പ്രത്യേക കാരണങ്ങളാൽ ആർത്തവചക്രം നീട്ടിവെക്കാനുള്ള ​ഗുളികകൾ ഉപയോ​ഗിക്കുന്നുണ്ട്. എന്നാൽ, ഈ ഗുളികകൾക്ക് ഗുരുതരമായ അപകടസാധ്യതകളുണ്ടെന്നാണ് വിവിധ പഠനങ്ങളെ ഉദ്ദരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ആർത്തവം വൈകിപ്പിക്കുന്ന ഗുളികകൾ ഉപയോഗിക്കുന്നതിന് മുമ്പ് അവയുടെ പ്രവർത്തനവും അതുമായി ബന്ധപ്പെട്ട ആരോഗ്യപരമായ കാര്യങ്ങളും അറിയേണ്ടത് അനിവാര്യമാണ്.

സാധാരണയായ norethisterone എന്ന ഹോർമോൺ അടിസ്ഥാനമാക്കിയുള്ള മരുന്നാണ് ഇത്തരം ​ഗുളികകളിൽ അടങ്ങിയിട്ടുള്ളത്. ആർത്തവത്തിന് കാരണമാകുന്ന ഹോർമോണുകളിലുണ്ടാകുന്ന സ്വാഭാവികമായ കുറവ് തടഞ്ഞുകൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്. ഹോർമോൺ നില സ്ഥിരമായി നിലനിർത്തുന്നതിലൂടെ ഇവ ഗർഭാശയ പാളികൾ അടർന്നുപോകുന്നത് തടയുകയും ഗുളിക കഴിക്കുന്നത് നിർത്തുന്നത് വരെ ആർത്തവം വൈകിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, ഈ ഗുളികകൾക്ക് ഹോർമോൺ സന്തുലിതാവസ്ഥയെയും രക്തത്തിന്റെ രാസഘടനയെയും ബാധിക്കാൻ കഴിയും. രക്തം കട്ടപിടിക്കാനുള്ള സാധ്യതയും ഈ മരുന്നു വർധിപ്പിക്കുന്നു.

**അപകടസാധ്യതയുള്ളവർ**

ആർത്തവം വൈകിപ്പിക്കാനുള്ള ഗുളികകളുടെ ഹ്രസ്വകാല ഉപയോഗം ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നത് വളരെ വിരളമാണ്. എന്നാൽ, താഴെ പറയുന്ന വിഭാഗത്തിലുള്ള സ്ത്രീകൾ ഈ മരുന്നുകളിൽ നിന്ന് വിട്ടുനിൽക്കണം.

**അമിതവണ്ണം**

പുകവലി ശീലമുള്ളവർ (പ്രത്യേകിച്ച് 35 വയസ്സിനു മുകളിലുള്ള സ്ത്രീകൾ)

രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പാരമ്പര്യ രോഗങ്ങളുള്ളവർ

ദീർഘനേരം ചലനമില്ലാതിരിക്കുന്ന അവസ്ഥ

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ

മൈഗ്രേയ്ൻ പോലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർ

പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനായി ആർത്തവം വൈകിപ്പിക്കാനുള്ള ഗുളികകൾ കഴിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ നിർദേശം തേടേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311110/an-18-year-old-girl-died-tragically-after-taking-medication-to-delay-her-period-due-to-a-blood-clot)