---
title: "തൂണിൽ കെട്ടിയിട്ട് യുവതിയുടെ മുടി മുറിച്ചു, അഴുക്കുചാലിലേക്ക് തല താഴ്ത്തി വച്ചു; കണ്ണിൽ ചോരയില്ലാത്ത അക്രമം അമ്മായിയമ്മയുമായി വഴക്കിട്ടതിന് "
english_title: "woman assaulted and tied to electric pole in tripura"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311109/woman-assaulted-and-tied-to-electric-pole-in-tripura"
published_at: "2025-08-26T18:20:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68adadce1ccb9_1.jpg"
keywords: []
---

# തൂണിൽ കെട്ടിയിട്ട് യുവതിയുടെ മുടി മുറിച്ചു, അഴുക്കുചാലിലേക്ക് തല താഴ്ത്തി വച്ചു; കണ്ണിൽ ചോരയില്ലാത്ത അക്രമം അമ്മായിയമ്മയുമായി വഴക്കിട്ടതിന് 

> **Lead Summary:** **അഗർത്തല: **ത്രിപുരയിലെ ഗോമതി ജില്ലയിൽ അമ്മായിയമ്മയുമായി വഴക്കിട്ടതിനു അയൽക്കാർ യുവതിയെ വൈദ്യുത തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച ശേഷം മുടി മുറിച്ചു. ഗോമതിയിലെ ഉദയ്പുരിൽ റിപ്പോർട്ട് ചെയ്ത സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലാണ് പ്രചരിച്ചത്. ആക്രമണത്തിനു നേതൃത്വം നൽകിയ മഞ്ജു റാണി ദാസ് , പുതുൽ റാണി ദാസ് , ഹമീദ ബാനു എന്നീ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**അഗർത്തല: **ത്രിപുരയിലെ ഗോമതി ജില്ലയിൽ അമ്മായിയമ്മയുമായി വഴക്കിട്ടതിനു അയൽക്കാർ യുവതിയെ വൈദ്യുത തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച ശേഷം മുടി മുറിച്ചു. ഗോമതിയിലെ ഉദയ്പുരിൽ റിപ്പോർട്ട് ചെയ്ത സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലാണ് പ്രചരിച്ചത്. ആക്രമണത്തിനു നേതൃത്വം നൽകിയ മഞ്ജു റാണി ദാസ് , പുതുൽ റാണി ദാസ് , ഹമീദ ബാനു എന്നീ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.

കൈകൾ പിന്നിൽ കെട്ടിയിട്ട് തല അഴുക്കുചാലിലേക്ക് താഴ്ത്തി വച്ചായിരുന്നു യുവതിക്കു നേരെ ആക്രമണം അരങ്ങേറിയത്. ഒരു സ്ത്രീ തല മുണ്ഡനം ചെയ്യുമ്പോൾ യുവതി നിലവിളിക്കുന്നത് പ്രചരിക്കുന്ന വിഡിയോയിൽ കേൾക്കാം. പുരുഷന്മാർ ഇതു നോക്കിനിൽക്കുകയും വിഡിയോ ചിത്രീകരിക്കുകയുമായിരുന്നു. ഇരയുടെ മുടി മുറിച്ച സ്ത്രീ ബിജെപിയുടെ പ്രാദേശിക നേതാവാണെന്നാണ് ആരോപണം.

അമ്മായിയമ്മ തന്നോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായി ഇര ആരോപിച്ചു. പ്രദേശവാസികൾ തന്റെ കൈകൾ ഒരു വൈദ്യുത തൂണിൽ കെട്ടി, മുഖത്ത് കറുപ്പ് തേച്ച്, കഴുത്തിൽ ചെരുപ്പ് മാല തൂക്കിയെന്നാണ് യുവതി പറയുന്നത്. പ്രദേശത്തെ നിരവധി സ്ത്രീകൾ ആക്രമണത്തിൽ പങ്കാളികളാണെന്നും തനിക്ക് നീതി വേണമെന്നും യുവതി പറഞ്ഞു.

ആരോപണവിധേയ ആയ ബിജെപി നേതാവിനെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യത്തിന്, അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിനു മുൻപ് പൊലീസ് അന്വേഷണം അവസാനിക്കുന്നതുവരെ കാത്തിരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തടങ്കലിൽ വയ്ക്കുക, പരുക്കേൽപ്പിക്കുക, യുവതിയുടെ വസ്ത്രം അഴിച്ചുമാറ്റാനുള്ള ഉദ്ദേശ്യത്തോടെ ആക്രമിക്കുക, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311109/woman-assaulted-and-tied-to-electric-pole-in-tripura)