---
title: "സംസ്ഥാനത്ത് മഴ സജീവമാകാൻ സാധ്യത; ഈ ജില്ലകളിൽ ജാഗ്രത മുന്നറിയിപ്പ്"
english_title: "Rain likely to intensify in the state alert issued in these districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311057/rain-likely-to-intensify-in-the-state-alert-issued-in-these-districts"
published_at: "2025-08-26T15:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad85e363981_rrt.jpg"
keywords: []
---

# സംസ്ഥാനത്ത് മഴ സജീവമാകാൻ സാധ്യത; ഈ ജില്ലകളിൽ ജാഗ്രത മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) **വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ട്.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) **വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്നും ആഗസ്റ്റ് 29നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 28ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 29ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം ഹിമാചൽ പ്രദേശ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യ തലസ്ഥാനമായ ദില്ലിയിൽ ഏകദേശം 13 മില്ലിമീറ്റർ മഴ പെയ്തതായാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

മഴയെ തുടർന്ന് നഗരത്തിലുടനീളം വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമുണ്ടായി. ഓഗസ്റ്റ് 31 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ദില്ലിയിൽ കടുത്ത കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നുമില്ലെങ്കിലും അയൽ സംസ്ഥാനമായ തെക്കുകിഴക്കൻ ഹരിയാനയിൽ മഴ പ്രതീക്ഷിക്കാം.

ഓഗസ്റ്റ് 26, 27, 29 തീയതികളിൽ മുംബൈയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയും ഓഗസ്റ്റ് 28 ന് മിതമായ മഴയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26 മുതൽ 29 വരെ താനെയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, പൂനെയിൽ ഇതേ കാലയളവിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശിലെ ചമ്പ, മാണ്ഡി, കാംഗ്ര ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 26) അതിശക്തമായ മഴ, ഇടിമിന്നൽ എന്നിവയ്ക്ക് സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

അതുപോലെ, പഞ്ചാബിലെ ലുധിയാന, സംഗ്രൂർ, ബർണാല, മൻസ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, രാജസ്ഥാനിലെ പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. രാജ്സമന്ദ്, സിരോഹി, ഉദയ്പൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311057/rain-likely-to-intensify-in-the-state-alert-issued-in-these-districts)