---
title: "കൂട്ടുകാർക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ അപകടം, വയനാട് സ്വദേശി മുങ്ങി മരിച്ചു"
english_title: "A Wayanad native drowned in an accident while bathing with friends in Periyar."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310678/a-wayanad-native-drowned-in-an-accident-while-bathing-with-friends-in-periyar"
published_at: "2025-08-24T20:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ab2fe68fba7_drowned.jpg"
keywords: []
---

# കൂട്ടുകാർക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ അപകടം, വയനാട് സ്വദേശി മുങ്ങി മരിച്ചു

> **Lead Summary:** പെരിയാറിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ അപകടം. വയനാട് സ്വദേശി മുങ്ങി മരിച്ചു. മാനന്തവാടി വേമം വലിയ കുന്നേൽ ചാക്കോയുടെ മകൻ ബിനു ജേക്കബാണ് മരിച്ചത്. ഇന്ന് വൈകീട്ട് 4.30ഓടെ ആലുവ മണപ്പുറം ദേശം കടവിലാണ് അപകടം നടന്നത്. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ബിനു നീന്തുന്നതിനിടയിൽ കുഴഞ്ഞുപോവുകയായിരുന്നു.

## Article Content

പെരിയാറിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ അപകടം. വയനാട് സ്വദേശി മുങ്ങി മരിച്ചു. മാനന്തവാടി വേമം വലിയ കുന്നേൽ ചാക്കോയുടെ മകൻ ബിനു ജേക്കബാണ് മരിച്ചത്. ഇന്ന് വൈകീട്ട് 4.30ഓടെ ആലുവ മണപ്പുറം ദേശം കടവിലാണ് അപകടം നടന്നത്. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ബിനു നീന്തുന്നതിനിടയിൽ കുഴഞ്ഞുപോവുകയായിരുന്നു.

വിവരമറിഞ്ഞ് ആലുവ അഗ്നി രക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഉളിയന്നൂർ കുഞ്ഞുണ്ണിക്കര സ്കൂബ ടീം (യു.കെ സ്കൂബ ടീം) അംഗങ്ങളായ അസ്‍ലം, ലത്തീഫ്, നിസാം, നിയാസ് കപ്പൂരി എന്നിവർ തിരച്ചിൽ നടത്തി. 5.30 ഓടെ കടവിൽ നിന്ന് 30 മീറ്ററിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ആലുവ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മറ്റൊരു സംഭവത്തിൽ, ജോലിക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ചു. പാണത്തൂര്‍ ചിറങ്കടവിലെ സുനീഷ് അബ്രഹാം (43) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4.10-ന് പാണത്തൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന ബസിലെ കണ്ടക്ടറായിരുന്നു.

യാത്ര പുറപ്പെടുന്ന സമയത്തുതന്നെ ചെറിയ അസ്വസ്ഥത അനുഭവപ്പെടുന്നതായി സുനീഷ് അറിയിച്ചിരുന്നുവെങ്കിലും വലിയ പ്രശ്നമില്ലാത്തതിനാല്‍ ഡ്യൂട്ടിക്ക് കയറുകയായിരുന്നുവെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിനിടെ കോളിച്ചാല്‍ എത്തിയപ്പോഴേക്കും നെഞ്ച് വേദന കൂടി. തുടര്‍ന്ന് മാലക്കല്ലിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അച്ഛന്‍: ഒ.വി. അബ്രഹാം. അമ്മ: മോളി. ഭാര്യ: ലീനാ സുനീഷ്. മക്കള്‍: ആല്‍ഫിന്‍, അന്‍വിയ, ഏബല്‍. സഹോദരങ്ങള്‍: സുനില്‍ അബ്രഹാം, സുനിതാ അബ്രഹാം, സുജിതാ അബ്രഹാം. സംസ്‌കാരം ഞായറാഴ്ച രാവിലെ 10-ന് പാണത്തൂര്‍ സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310678/a-wayanad-native-drowned-in-an-accident-while-bathing-with-friends-in-periyar)