---
title: "സ്കൂൾ കാലം മുതൽ പ്രണയം, വീട്ടില്‍വെച്ചുള്ള തര്‍ക്കത്തിന് പിന്നാലെ ജീവനൊടുക്കി; യുവാവും യുവതിയും മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്"
english_title: "Police say the death of a young man and a young woman in Idukki is a suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310547/police-say-the-death-of-a-young-man-and-a-young-woman-in-idukki-is-a-suicide"
published_at: "2025-08-24T08:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aa80489ee06_WhatsApp_Image_2025-08-24_at_8.30.14_AM.jpeg"
keywords: []
---

# സ്കൂൾ കാലം മുതൽ പ്രണയം, വീട്ടില്‍വെച്ചുള്ള തര്‍ക്കത്തിന് പിന്നാലെ ജീവനൊടുക്കി; യുവാവും യുവതിയും മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്

> **Lead Summary:** **ഉടുമ്പന്നൂര്‍ (ഇടുക്കി): **പാറേക്കവല മനയ്ക്കത്തണ്ട് ഭാഗത്ത് യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. ഇരുവരും തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായെന്നും പോലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിൽ ജീവനൊടുക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.

## Article Content

**ഉടുമ്പന്നൂര്‍ (ഇടുക്കി): **പാറേക്കവല മനയ്ക്കത്തണ്ട് ഭാഗത്ത് യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. ഇരുവരും തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായെന്നും പോലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിൽ ജീവനൊടുക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.

മണിയനാനിക്കല്‍ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലായ്ക്കല്‍ മീനാക്ഷി (20) എന്നിവര്‍ വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത്. ഇരുവരും പ്രണയത്തിലായിരുന്നു. കൊന്നത്തടിയിലാണ് ശിവഘോഷിന്റെ അച്ഛന്റെ വീട്. ഇതിന് സമീപമുള്ള പാറത്തോട് സ്‌കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്. അന്നേ മീനാക്ഷിയെ പരിചയമുണ്ടായിരുന്നു.

പീന്നീട് ശിവഘോഷ് വാഴക്കുളത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാന്‍ ചേര്‍ന്നു. അങ്ങനെയാണ് മനയ്ക്കത്തണ്ടിലുള്ള അമ്മവീട്ടില്‍ എത്തുന്നത്. മീനാക്ഷി വാഴാക്കുളത്ത് ടിടിസിക്കും ചേര്‍ന്നു. തൊടുപുഴയിലെ ഹോസ്റ്റലില്‍നിന്നാണ് പഠിച്ചത്. വെള്ളിയാഴ്ച ഇരുവരും ശിവഘോഷിന്റെ മനയ്ക്കത്തണ്ടിലുള്ള അമ്മവീട്ടിലെത്തി. രണ്ടുപേരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കമുണ്ടായിരുന്നു. ഈ വീട്ടില്‍വെച്ചും തര്‍ക്കമുണ്ടാവുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

ഇതിനിടെ മീനാക്ഷി കിടപ്പുമുറിയിലേക്ക് പോകുകയും വാതിലടയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് മുറിക്കുള്ളിലെ ബാത്ത്‌റൂമില്‍ കയറി ജനലില്‍ ഷാള്‍ കുരുക്കി തൂങ്ങിയെന്നാണ് പോലീസ് കരുതുന്നത്. മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍, മീനാക്ഷിക്ക് അനക്കമില്ലായിരുന്നു. ശിവഘോഷ് തൊട്ടടുത്തുള്ള മുറിയിലെ ഫാനില്‍ ഷാള്‍ കുരുക്കി തൂങ്ങുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

മീനാക്ഷി ബാത്ത്‌റൂമിലെ ജനലില്‍ തൂങ്ങിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ശിവഘോഷിന്റെ പോസ്റ്റ്മോര്‍ട്ടം തൊടുപുഴ ജില്ലാ ആശുപത്രിയിലും മീനാക്ഷിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നടത്തി. ശിവഘോഷിന്റെ മൃതദേഹം കൊന്നത്തടിയിലെ വീട്ടുവളപ്പിലും മീനാക്ഷിയുടെ മൃതദേഹം പാറത്തോട് വീട്ടുവളപ്പിലും സംസ്‌കരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310547/police-say-the-death-of-a-young-man-and-a-young-woman-in-idukki-is-a-suicide)