---
title: "മറക്കില്ലൊരിക്കലും ഈ രുചി; ബിരിയാണിയെ വെല്ലുന്ന കപ്പ ബിരിയാണി തയാറാക്കി നോക്കാം"
english_title: "You will never forget this taste; Let's try making Kappa Biryani that beats Biryani"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310447/you-will-never-forget-this-taste-lets-try-making-kappa-biryani-that-beats-biryani"
published_at: "2025-08-23T15:44:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a99912d993b_GHGHG.jpg"
keywords: []
---

# മറക്കില്ലൊരിക്കലും ഈ രുചി; ബിരിയാണിയെ വെല്ലുന്ന കപ്പ ബിരിയാണി തയാറാക്കി നോക്കാം

> **Lead Summary:** ഒരു നാടിൻ്റെ രുചിക്കൂട്ട്, അതിലേക്ക് ബിരിയാണിയുടെ രാജകീയ പ്രൗഢിയും ചേരുമ്പോൾ എന്തായിരിക്കും ഫലം? അതാണ് കപ്പ ബിരിയാണി! കേരളത്തിൻ്റെ മണ്ണിൽ വിളഞ്ഞ കപ്പയും, അവിടത്തെ മസാലക്കൂട്ടിൽ വെന്ത ബീഫും ഒത്തുചെരുമ്പോൾ പലരുടെയും മനം കവരും. ഓരോ സ്പൂണിലും നാടിൻ്റെ ഓർമ്മകളും, പുതുമയുടെ രുചിയും ഒരുപോലെ അനുഭവിക്കാം. ഇത് വെറുമൊരു ബിരിയാണിയല്ല, മറിച്ച് ഒരു സംസ്കാരത്തിൻ്റെയും, രുചി വൈവിധ്യത്തിൻ്റെയും പ്രീതികമാണ്.

## Article Content

ഒരു നാടിൻ്റെ രുചിക്കൂട്ട്, അതിലേക്ക് ബിരിയാണിയുടെ രാജകീയ പ്രൗഢിയും ചേരുമ്പോൾ എന്തായിരിക്കും ഫലം? അതാണ് കപ്പ ബിരിയാണി! കേരളത്തിൻ്റെ മണ്ണിൽ വിളഞ്ഞ കപ്പയും, അവിടത്തെ മസാലക്കൂട്ടിൽ വെന്ത ബീഫും ഒത്തുചെരുമ്പോൾ പലരുടെയും മനം കവരും. ഓരോ സ്പൂണിലും നാടിൻ്റെ ഓർമ്മകളും, പുതുമയുടെ രുചിയും ഒരുപോലെ അനുഭവിക്കാം. ഇത് വെറുമൊരു ബിരിയാണിയല്ല, മറിച്ച് ഒരു സംസ്കാരത്തിൻ്റെയും, രുചി വൈവിധ്യത്തിൻ്റെയും പ്രീതികമാണ്.

വിരുന്നുകളിലും, വീട്ടാവശ്യങ്ങൾക്കും ഒരുപോലെ തിളങ്ങുന്ന ഈ കപ്പ ബിരിയാണിയുടെ രുചിക്കൂട്ട് നിങ്ങളെ രുചിയുടെ മായാലോക്കത്തെത്തിക്കും. ബിരിയാണിയുടെ മസാലകൾ കപ്പയുടെ നനുത്ത പ്രതലത്തിൽ അലിഞ്ഞുചേരുമ്പോൾ ഉണ്ടാകുന്ന ആ രുചി അനുഭവം പറഞ്ഞറിയിക്കാൻ കഴിയില്ല. ഇനി നമുക്ക് ഈ രുചിയുടെ രഹസ്യം ഇതിലൂടെ കണ്ടെത്താം.

**ആവിശ്യമായ ചേരുവകൾ**

​നെയ്യ് - ഒരു ടീസ്പൂൺ

​വെജിറ്റബിൾ ഓയിൽ - ആവിശ്യത്തിന്

​കറുവാപ്പട്ട - രണ്ടെണം

​ഗ്രാമ്പൂ - നാലെണം

​സ്റ്റാർ അനീസ് - ഒരെണം

​ബേ ലീഫ് - ഒരെണം

​ഏലക്കായ - നാലെണം

​കപ്പ - രണ്ട് കിലോ

​ബീഫ് - ഒരു കിലോ

​ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ

ചതച്ച ​പച്ചമുളക് - അര ടീസ്പൂൺ

​കുരുമുളക്പൊടി - ഒരു ടീസ്പൂൺ

​ഉപ്പ് - ആവിശ്യത്തിന്

​മല്ലിപ്പൊടി - ഒരു ടീസ്പൂൺ

​മുളകുപൊടി - ഒരു ടീസ്പൂൺ

​മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

​ഗരം മസാല - ഒരു ടീസ്പൂൺ

തൈര് - മൂന്ന് ടേബിൾ സ്പൂൺ

​പുതിനയില - ആവിശ്യത്തിന്

​മല്ലിയില - ആവിശ്യത്തിന്

​നാരങ്ങാനീര് - ഒരു ടീസ്പൂൺ

സവാള - രണ്ടെണം

**തയ്യാറാകുന്ന വിധം**

ഒരു പാത്രത്തിലേക്ക് ​നന്നായി കഴുകി വൃത്തിയാക്കിയ ഒരു കിലോ കപ്പ ചേർക്കുക, അതിലേക്ക് ആവിശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക.

കഴുകി വൃത്തിയാക്കിയ ബീഫ് ഒരു കുക്കറിൽ ഇടുക, ​ബീഫിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ ചതച്ച പച്ചമുളക്, ഒരു ടീസ്പൂൺ കുരുമുളക്പൊടി, ആവിശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. അഞ്ച് വിസിൽ വരുന്നതുവരെ ബീഫ് വേവിക്കണം. കപ്പ വെന്തുകഴിഞ്ഞാൽ വെള്ളം ഊറ്റിക്കളയുക.

​ഒരു പാനിൽ നെയ്യും വെജിറ്റബിൾ ഓയിലും ചൂടാക്കി അതിലേക്ക് കറുവാപ്പട്ട, ഗ്രാമ്പൂ, സ്റ്റാർ അനീസ്, ബേ ലീഫ്, ഏലക്കായ, ഗ്രാമ്പൂ എന്നിവ ചേർത്ത് ഇളക്കുക. അതിനുശേഷം, ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ ചതച്ച പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ചെറുതായി അരിഞ്ഞ ഉള്ളി ചേർക്കുക. അതിലേക്ക് കപ്പ ചേർത്ത് നന്നായി ഇളക്കി ഉടച്ചെടുക്കുക.

​അതുപോലെ വേറൊരു പാനിൽ നെയ്യും വെജിറ്റബിൾ ഓയിലും ചൂടാക്കി അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ചതച്ച പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളിയും ചേർത്ത് വഴറ്റുക. ശേഷം അതിലേക്ക് അളവനുസരിച്ച്, ​മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, കുരുമുളകുപൊടി, എന്നിവ ചേർത്ത് വഴറ്റുക. വേവിച്ച ബീഫ് സ്റ്റോക്ക്, തൈര് എന്നിവ ചേർത്ത് നന്നായി ഇളക്കുക. എന്നിട്ട് അര മണിക്കൂർ അടച്ചുവെച്ച് വേവിക്കുക.

തുറന്ന ശേഷം, പുതിനയില, മല്ലിയില, നാരങ്ങാനീര് എന്നിവ ചേർക്കുക. അതിനുശേഷം ​നേരത്തെ തയ്യാറാക്കിയ കപ്പ ഒരു ലെയറായി ഇതിന് മുകളിൽ നിരത്തുക. ​വേണമെങ്കിൽ പച്ചമുളക്, മല്ലിയില, പുതിനയില, ഫ്രൈ ചെയ്ത ഉള്ളി, നെയ്യ് എന്നിവ ചേർക്കുക. ​ശേഷം ഫോയിൽ പേപ്പർ വെച്ച് അടച്ച് അര മണിക്കൂർ ചെറിയ തീയിൽ ദം ചെയ്യുക. ​തീ അണച്ച ശേഷം അര മണിക്കൂർ കൂടി വെക്കുക.

ദം പൊട്ടിച്ച് പാത്രം തുറന്നാൽ, നിങ്ങളെ സ്വാഗതം ചെയ്യുന്നത് നാവിൽ കൊതിയൂറുന്ന മണമാണ്. ആ സുഗന്ധം തന്നെ പറയും, കാത്തിരുന്ന കപ്പ ബിരിയാണി തയ്യാറായിരിക്കുന്നു എന്ന്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310447/you-will-never-forget-this-taste-lets-try-making-kappa-biryani-that-beats-biryani)