---
title: "അരിപ്പൊടി ഇരിപ്പുണ്ടോ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം രുചിയോറും നൊസ്റ്റാൾജിയ 'കലത്തപ്പം' "
english_title: "Kalathappam Cooking Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310446/kalathappam-cooking-recipe"
published_at: "2025-08-23T15:43:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a99479020e9_ghfyhgj.jpg"
keywords: []
---

# അരിപ്പൊടി ഇരിപ്പുണ്ടോ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം രുചിയോറും നൊസ്റ്റാൾജിയ 'കലത്തപ്പം' 

> **Lead Summary:** ഒരു മലബാർ സ്പെഷ്യൽ സ്നാക്ക് റെസിപ്പിയാണ് 'കലത്തപ്പം'. ചില സ്ഥലങ്ങളിൽ ഇതിനെ 'കളത്തപ്പം' എന്നും 'കുക്കറപ്പം' എന്നൊക്കെ വിളിക്കാറുണ്ട്. മറന്നുപോയ കാലത്തിന്റെ മധുരം ഓർമ്മിപ്പിക്കുന്ന ഒരു വിഭവം കൂടിയാണ് 'കലത്തപ്പം'.

## Article Content

ഒരു മലബാർ സ്പെഷ്യൽ സ്നാക്ക് റെസിപ്പിയാണ് 'കലത്തപ്പം'. ചില സ്ഥലങ്ങളിൽ ഇതിനെ 'കളത്തപ്പം' എന്നും 'കുക്കറപ്പം' എന്നൊക്കെ വിളിക്കാറുണ്ട്. മറന്നുപോയ കാലത്തിന്റെ മധുരം ഓർമ്മിപ്പിക്കുന്ന ഒരു വിഭവം കൂടിയാണ് 'കലത്തപ്പം'.

**ആവിശ്യമായ സാധനങ്ങൾ :**

*ചിരകിയ തേങ്ങ - ½ കപ്പ്*

*ചെറിയ ജീരകം - ½ ടീസ്പൂൺ*

*ഏലയ്ക്ക - 6 എണ്ണം*

*വെള്ളം - ½ കപ്പ് *

*അരിപ്പൊടി (അപ്പത്തിനും ഇടിയപ്പത്തിനും ഉപയോഗിക്കുന്നത്) - രണ്ട് കപ്പ് *

*വെള്ളം - 1½ കപ്പ് *

*പൊടിച്ച ശർക്കര - 1½ കപ്പ് *

*വെള്ളം - ¾ കപ്പ് *

*വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ*

*നെയ്യ് - 1 ടേബിൾസ്പൂൺ*

*തേങ്ങാക്കൊത്ത് - ¼ കപ്പ്*

*ചെറിയ ഉള്ളി അരിഞ്ഞത് - ½ കപ്പ്*

*ഉപ്പ് - ¼ ടീസ്പൂൺ*

*ബേക്കിംഗ് സോഡ - ½ ടീസ്പൂൺ*

**തയ്യാറാക്കുന്ന വിധം :**

മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങ, അര ടീസ്പൂൺ ചെറിയ ജീരകം, ആറ് ഏലയ്ക്ക, അര കപ്പ് വെള്ളം എന്നിവ ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത കൂട്ടിലേക്ക് രണ്ട് കപ്പ് അരിപ്പൊടിയും ഒന്നര കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം മിക്സിയിൽ അര മിനിറ്റ് നേരം അടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. മാവിന്റെ അയവ് ശരിയായ പരുവത്തിലായിരിക്കാൻ ശ്രദ്ധിക്കുക.

ഒരു പാത്രത്തിൽ ശർക്കരയും മുക്കാൽ കപ്പ് വെള്ളവും ഒഴിച്ച് ചൂടാക്കുക. ശർക്കര അലിഞ്ഞ് പാനി നന്നായി തിളച്ചുവരുമ്പോൾ തീ ഓഫ് ചെയ്യുക. ചൂടോടുകൂടിത്തന്നെ ഈ ശർക്കരപ്പാനി ഒരു അരിപ്പയിലൂടെ നേരത്തെ തയ്യാറാക്കിവെച്ച മാവിലേക്ക് ഒഴിച്ച് വേഗത്തിൽ ഇളക്കി യോജിപ്പിക്കുക. അഞ്ച് ലിറ്ററിൻ്റെ ഒരു പ്രഷർ കുക്കർ ചൂടാക്കി അതിലേക്ക് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും ഒരു ടേബിൾസ്പൂൺ നെയ്യും ഒഴിക്കുക.

ചൂടായി വരുമ്പോൾ കാൽ കപ്പ് തേങ്ങാക്കൊത്തും അര കപ്പ് ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. ഈ സമയം, തയ്യാറാക്കിവെച്ച മാവിലേക്ക് കാൽ ടീസ്പൂൺ ഉപ്പും അര ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നന്നായി ഇളക്കുക. കുക്കറിലെ ഉള്ളിയും തേങ്ങാക്കൊത്തും പാകമായിക്കഴിഞ്ഞാൽ,പത്ത് മുതൽ പതിനഞ്ച് സെക്കൻഡ് നേരം തീ കൂട്ടി വെച്ച് കുക്കർ നന്നായി ചൂടാക്കുക.

ഉടൻ തന്നെ തയ്യാറാക്കിയ മാവ് കുക്കറിലേക്ക് ഒഴിക്കുക. ഒരു മിനിറ്റ് നേരം തീ കൂട്ടി വെക്കുക. ശേഷം വിസിൽ ഊരിമാറ്റി കുക്കർ അടച്ചുവെക്കുക.

തീ കുറച്ച് (low-medium) ഏകദേശം ആറു മിനിറ്റോളം വേവിക്കുക. നന്നായി ആവി വന്നു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക. അഞ്ചാറ് മിനിറ്റിനു ശേഷം കുക്കർ തുറന്ന ചൂടാറിയ ശേഷം കലത്തപ്പം ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.

**പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ **

*മാവിന്റെ അയവ് കൃത്യമായിരിക്കണം. തിളച്ച ശർക്കരപ്പാനി ചൂടോടുകൂടിത്തന്നെ മാവിലേക്ക് ഒഴിക്കുക. മാവ് തയ്യാറാക്കിയ ശേഷം അധികസമയം വെക്കാതെ, ഇളം ചൂടോടുകൂടിത്തന്നെ പാകം ചെയ്യാനെടുക്കുക. പാചകം ചെയ്യുന്ന സമയവും തീയുടെ അളവും കൃത്യമായി ക്രമീകരിക്കുക.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310446/kalathappam-cooking-recipe)