---
title: "'രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല, ആരോപണം വന്നയുടനെ രാഹുൽ ‌രാജി പ്രഖ്യാപിച്ചു' - ഷാഫി പറമ്പിൽ"
english_title: "There is no legal complaint against Rahul Rahul announced his resignation as soon as the allegations came' - Shafi Parambil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310409/there-is-no-legal-complaint-against-rahul-rahul-announced-his-resignation-as-soon-as-the-allegations-came-shafi-parambil"
published_at: "2025-08-23T12:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a962f8aa656_WhatsApp_Image_2025-08-23_at_12.12.50_PM.jpeg"
keywords: []
---

# 'രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല, ആരോപണം വന്നയുടനെ രാഹുൽ ‌രാജി പ്രഖ്യാപിച്ചു' - ഷാഫി പറമ്പിൽ

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** ) **രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിച്ച് ഷാഫി പറമ്പില്‍ എംപി. രാഹുലിനെതിരെ രേഖാമൂലമുള്ള പരാതിയോ കേസോ ഇല്ലെന്നും ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹം രാജിവെച്ചെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** ) **രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിച്ച് ഷാഫി പറമ്പില്‍ എംപി. രാഹുലിനെതിരെ രേഖാമൂലമുള്ള പരാതിയോ കേസോ ഇല്ലെന്നും ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹം രാജിവെച്ചെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

സിപിഐഎം നേതാക്കള്‍ക്കെതിരെയായിരുന്നെങ്കില്‍ ധാർമ്മികതയെന്ന് പറഞ്ഞ് വിഷയത്തെ നിസാരവത്ക്കരിക്കുമായിരുന്നു. പാര്‍ട്ടി സ്ഥാനം രാഹുല്‍ ഒഴിഞ്ഞിട്ടും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണെന്നും ധാര്‍മ്മികത പഠിപ്പിക്കുകയാണെന്നും ഷാഫി പറമ്പില്‍ വടകരയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ ഒരു എംഎല്‍എയ്‌ക്കെതിരെ കേസ് എടുക്കുകയും ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോപണവിധേയന്‍ ആ സ്ഥാനത്ത് തുടരട്ടെ എന്നായിരുന്നു ആ പാര്‍ട്ടിയുടെ നിലപാട്. അങ്ങനെ തീരുമാനമെടുത്തവര്‍ക്ക് എങ്ങനെ കോണ്‍ഗ്രസ് എംഎല്‍എയുടെ രാജി ആവശ്യപ്പെടാന്‍ സാധിക്കുമെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്നാണ് ചിലര്‍ ചിന്തിക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മാധ്യമങ്ങള്‍ ആ അജണ്ടയുടെ ഭാഗമാകുകയാണ്. പ്രതിഷേധങ്ങളുടെയോ സമരങ്ങളുടെയോ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍വീര്യമാകില്ല. സര്‍ക്കാരിന്റെ വീഴ്ചകളെ തുറന്നുകാട്ടുന്ന സമീപനം തുടരുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ താന്‍ ബിഹാറിലേയ്ക്ക് ഒളിച്ചോടിയെന്നും മുങ്ങിയെന്നുമായിരുന്നു ചില മാധ്യമവാര്‍ത്തകള്‍. രാഹുല്‍ ഗാന്ധി നടത്തുന്ന യാത്രയുടെ ഭാഗമാകുക എന്നത് പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണ്. ബിഹാറിലേക്ക് പോയി എന്നതിന് പകരം മുങ്ങി എന്ന് വാര്‍ത്തകൊടുത്തത് ശരിയാണോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണം. എല്ലാ കോണ്‍ഗ്രസ് നേതാക്കളും വരിനിന്ന് വാര്‍ത്താസമ്മേളനം നടത്തണെന്ന് നിര്‍ബന്ധമുണ്ടോ? ആരെ പേടിച്ചിട്ടാണ് താന്‍ ഒളിച്ചോടേണ്ടതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310409/there-is-no-legal-complaint-against-rahul-rahul-announced-his-resignation-as-soon-as-the-allegations-came-shafi-parambil)