---
title: "രാഹുൽ മാങ്കൂട്ടത്തിലിനെതിരായ തുറന്ന് പറച്ചിൽ; പിന്നാലെ ഹണി ഭാസ്‌കരനെതിരെ സൈബർ ആക്രമണം; ഒമ്പത് ഫേസ്ബുക്ക് പ്രൊഫൈലുകൾക്കെതിരെ കേസെടുത്തു"
english_title: "Case registered against nine pro-Congress Facebook profiles for cyber-abuse against Honey Bhaskaran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310364/case-registered-against-nine-pro-congress-facebook-profiles-for-cyber-abuse-against-honey-bhaskaran"
published_at: "2025-08-23T09:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a938745cf64_rahul_.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിലിനെതിരായ തുറന്ന് പറച്ചിൽ; പിന്നാലെ ഹണി ഭാസ്‌കരനെതിരെ സൈബർ ആക്രമണം; ഒമ്പത് ഫേസ്ബുക്ക് പ്രൊഫൈലുകൾക്കെതിരെ കേസെടുത്തു

> **Lead Summary:** **തിരുവനന്തപുരം: ** പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ തുറന്ന് പറച്ചിലിനു പിന്നാലെ പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കരനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ ഒമ്പത് കോൺ​ഗ്രസ് അനുകൂല ഫേസ്ബുക്ക് പ്രൊഫൈലുകൾക്കെതിരെ കേസെടുത്തു. നിലമ്പൂര്‍ സ്വദേശി പി ടി ജാഫര്‍, റിട്ട. എസ്പി മധു ഡി, പോള്‍ ഫ്രെഡി തുടങ്ങിയവര്‍ പ്രതികളാണ്. ഹണി ഭാസ്‌കരന്റെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പ്രചാരണം നടത്തൽ എന്നിവയ്ക്കാണ് എഫ്‌ഐആര്‍ എടുത്തിട്ടുള്ളത്.

## Article Content

**തിരുവനന്തപുരം: ** പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ തുറന്ന് പറച്ചിലിനു പിന്നാലെ പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കരനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ ഒമ്പത് കോൺ​ഗ്രസ് അനുകൂല ഫേസ്ബുക്ക് പ്രൊഫൈലുകൾക്കെതിരെ കേസെടുത്തു. നിലമ്പൂര്‍ സ്വദേശി പി ടി ജാഫര്‍, റിട്ട. എസ്പി മധു ഡി, പോള്‍ ഫ്രെഡി തുടങ്ങിയവര്‍ പ്രതികളാണ്. ഹണി ഭാസ്‌കരന്റെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പ്രചാരണം നടത്തൽ എന്നിവയ്ക്കാണ് എഫ്‌ഐആര്‍ എടുത്തിട്ടുള്ളത്.

സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് എഴുത്തുകാരി ഹണി ഭാസ്‌കരന്‍ നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും ഹണി വ്യക്തമാക്കിയിരുന്നു. ഏറ്റവും ഭീകരമായ സൈബര്‍ ആക്രമണം നേരിടുന്നുവെന്നും പക്ഷേ, നിങ്ങള്‍ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിച്ചാല്‍ മതിയെന്നുമാണ് ഇതേകുറിച്ച് ഹണി ഫേസ്ബുക്കില്‍ കുറിച്ചത്.

മുന്‍ മാധ്യമപ്രവര്‍ത്തകയും യുവനടിയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിസന്ധിയിലാകുന്നത്. എന്നാല്‍ റിനി യുവ നേതാവിന്‍റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. റിനി ഉദ്ദേശിച്ചത് രാഹുലിനെയാണെന്ന് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയുണ്ടായിരുന്നു. പിന്നാലെയാണ് രാഹുലിനെതിരെ പേരെടുത്ത് വിമര്‍ശിച്ച് ഹണി ഭാസ്‌കരന്‍ രംഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310364/case-registered-against-nine-pro-congress-facebook-profiles-for-cyber-abuse-against-honey-bhaskaran)