---
title: "തിരുവനന്തപുരത്ത് പൊലീസുകാരന് കുത്തേറ്റ സംഭവം;  പ്രതി പിടിയിൽ"
english_title: "Suspect arrested in the incident of stabbing a policeman in Ulloor Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310359/suspect-arrested-in-the-incident-of-stabbing-a-policeman-in-ulloor-thiruvananthapuram"
published_at: "2025-08-23T08:38:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a931566967e_arrest.jpg"
keywords: []
---

# തിരുവനന്തപുരത്ത് പൊലീസുകാരന് കുത്തേറ്റ സംഭവം;  പ്രതി പിടിയിൽ

> **Lead Summary:** തിരുവനന്തപുരം ഉള്ളൂരിൽ പൊലീസുകാരന് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. ഉള്ളൂർ സ്വദേശി മനുവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ സജീവ് എന്നയാളെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് മനുവിന് കുത്തേറ്റത്. മനുവിൻ്റെ അമ്മ നടത്തുന്ന കടയിലെത്തിയ സജീവും മനുവും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് ഇത് കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും നീങ്ങുകയുമായിരുന്നു.

## Article Content

തിരുവനന്തപുരം ഉള്ളൂരിൽ പൊലീസുകാരന് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. ഉള്ളൂർ സ്വദേശി മനുവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ സജീവ് എന്നയാളെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് മനുവിന് കുത്തേറ്റത്. മനുവിൻ്റെ അമ്മ നടത്തുന്ന കടയിലെത്തിയ സജീവും മനുവും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് ഇത് കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും നീങ്ങുകയുമായിരുന്നു.

മനു ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. സജീവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ വധശ്രമത്തിനുള്ള കുറ്റം ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

മറ്റൊരു സംഭവത്തിൽ, ഏഴരക്കോടയിലേറെ രൂപയുടെ ഹീവാൻ ഫിനാൻസ് നിക്ഷേപത്തട്ടിപ്പു കേസിൽ കമ്പനി ഡയറക്ടർമാരിലൊരാൾ അറസ്റ്റിൽ. മുഖ്യപ്രതിയും ഹീവാൻ ഡയറക്ടറുമായ ബിജു മണികണ്ഠന്റെ ഭാര്യ ഗ്രീഷ്മയാണു ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കമ്പനി ആരംഭിച്ച കാലം മുതൽ ഡയറക്ടറും മുഖ്യനടത്തിപ്പുകാരിലൊരാളുമായിരുന്നു ഗ്രീഷ്മ.

തട്ടിപ്പു പുറത്തുവരികയും ബിജുവും മറ്റു പ്രതികളും അറസ്റ്റിലാകുകയും ചെയ്തതോടെ മുങ്ങി നടക്കുകയായിരുന്ന ഗ്രീഷ്മയെ ആലുവയിൽ നിന്നാണു കസ്റ്റഡിയിലെടുത്തത്. ഹീവാൻ നിക്ഷേപത്തട്ടിപ്പ‍ുമായി ബന്ധപ്പെട്ട് 67 കേസുകളാണു ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുള്ളത്. പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനൽകാതെ വഞ്ചിക്കുകയും ചെയ്‌തതിന്‌ സ്ഥാപനങ്ങളുടെയും ഉടമകളുടെയും സ്ഥാവരജംഗമവസ്തുക്കൾ ജപ്തി ചെയ്യുന്നതിന്‌ ജില്ലാ മജിസ്‌ട്രേറ്റ്‌ ഉത്തരവിട്ടിരുന്നു.

ബഡ്‌സ് ആക്ട് 2019 നിയമത്തിലെ വ്യവസ്ഥകള്‍ക്കും റിസർവ് ബാങ്ക് നിബന്ധനകൾക്ക് വിരുദ്ധമായും പ്രവർത്തിച്ച കമ്പനി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുകയും പണം തിരികെ നല്‍കാതെ വഞ്ചിച്ചതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കണ്ടുകെട്ടൽ.

കെപിസിസി സെക്രട്ടറിയായിരുന്ന സി എസ്‌ ശ്രീനിവാസൻ, യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ വാണിയമ്പാറ സ്വദേശി സി എം അനിൽകുമാർ, പ്രവാസി വ്യവസായി സുന്ദർ സി മേനോൻ, പുതൂർക്കര സ്വദേശി ബിജു മണികണ്ഠൻ തുടങ്ങിയവരാണ്‌ കേസിലെ മറ്റു പ്രതികൾ. സാമ്പത്തികകാര്യ കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്‌പി എം സുരേന്ദ്രന്റെ നേതൃത്വത്തിൽ ഡിക്ടറ്റീവ് ഇൻസ്‌പെക്ടർ കെ ബാബു, എഎസ്ഐ മാർട്ടിൻ, റഷീദ, സിനീയർ സിപിഒ ജോഷി, അനു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310359/suspect-arrested-in-the-incident-of-stabbing-a-policeman-in-ulloor-thiruvananthapuram)