---
title: "അമ്പാടി കേമി .....! ഏഴരക്കോടിയുടെ നിക്ഷേപ തട്ടിപ്പ്: മുങ്ങി നടന്ന കമ്പനി ഡയറക്ടർമാരിലൊരാൾ പിടിയിൽ"
english_title: "nvestment fraud worth Rs. 7.5 crore One of the directors of the company who went undercover has been arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310343/nvestment-fraud-worth-rs-75-crore-one-of-the-directors-of-the-company-who-went-undercover-has-been-arrested"
published_at: "2025-08-23T06:33:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/68a913bd2cfa3_ff.jpg"
keywords: []
---

# അമ്പാടി കേമി .....! ഏഴരക്കോടിയുടെ നിക്ഷേപ തട്ടിപ്പ്: മുങ്ങി നടന്ന കമ്പനി ഡയറക്ടർമാരിലൊരാൾ പിടിയിൽ

> **Lead Summary:** **തൃശൂർ: ( **[www.truevisionnews.com]** ) ** ഏഴരക്കോടയിലേറെ രൂപയുടെ ഹീവാൻ ഫിനാൻസ് നിക്ഷേപത്തട്ടിപ്പു കേസിൽ കമ്പനി ഡയറക്ടർമാരിലൊരാൾ അറസ്റ്റിൽ. മുഖ്യപ്രതിയും ഹീവാൻ ഡയറക്ടറുമായ ബിജു മണികണ്ഠന്റെ ഭാര്യ ഗ്രീഷ്മയാണു ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കമ്പനി ആരംഭിച്ച കാലം മുതൽ ഡയറക്ടറും മുഖ്യനടത്തിപ്പുകാരിലൊരാളുമായിരുന്നു ഗ്രീഷ്മ.

## Article Content

**തൃശൂർ: ( **[www.truevisionnews.com]** ) ** ഏഴരക്കോടയിലേറെ രൂപയുടെ ഹീവാൻ ഫിനാൻസ് നിക്ഷേപത്തട്ടിപ്പു കേസിൽ കമ്പനി ഡയറക്ടർമാരിലൊരാൾ അറസ്റ്റിൽ. മുഖ്യപ്രതിയും ഹീവാൻ ഡയറക്ടറുമായ ബിജു മണികണ്ഠന്റെ ഭാര്യ ഗ്രീഷ്മയാണു ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കമ്പനി ആരംഭിച്ച കാലം മുതൽ ഡയറക്ടറും മുഖ്യനടത്തിപ്പുകാരിലൊരാളുമായിരുന്നു ഗ്രീഷ്മ.

തട്ടിപ്പു പുറത്തുവരികയും ബിജുവും മറ്റു പ്രതികളും അറസ്റ്റിലാകുകയും ചെയ്തതോടെ മുങ്ങി നടക്കുകയായിരുന്ന ഗ്രീഷ്മയെ ആലുവയിൽ നിന്നാണു കസ്റ്റഡിയിലെടുത്തത്. ഹീവാൻ നിക്ഷേപത്തട്ടിപ്പ‍ുമായി ബന്ധപ്പെട്ട് 67 കേസുകളാണു ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുള്ളത്. പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനൽകാതെ വഞ്ചിക്കുകയും ചെയ്‌തതിന്‌ സ്ഥാപനങ്ങളുടെയും ഉടമകളുടെയും സ്ഥാവരജംഗമവസ്തുക്കൾ ജപ്തി ചെയ്യുന്നതിന്‌ ജില്ലാ മജിസ്‌ട്രേറ്റ്‌ ഉത്തരവിട്ടിരുന്നു.

ബഡ്‌സ് ആക്ട് 2019 നിയമത്തിലെ വ്യവസ്ഥകള്‍ക്കും റിസർവ് ബാങ്ക് നിബന്ധനകൾക്ക് വിരുദ്ധമായും പ്രവർത്തിച്ച കമ്പനി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുകയും പണം തിരികെ നല്‍കാതെ വഞ്ചിച്ചതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കണ്ടുകെട്ടൽ.

കെപിസിസി സെക്രട്ടറിയായിരുന്ന സി എസ്‌ ശ്രീനിവാസൻ, യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ വാണിയമ്പാറ സ്വദേശി സി എം അനിൽകുമാർ, പ്രവാസി വ്യവസായി സുന്ദർ സി മേനോൻ, പുതൂർക്കര സ്വദേശി ബിജു മണികണ്ഠൻ തുടങ്ങിയവരാണ്‌ കേസിലെ മറ്റു പ്രതികൾ. സാമ്പത്തികകാര്യ കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്‌പി എം സുരേന്ദ്രന്റെ നേതൃത്വത്തിൽ ഡിക്ടറ്റീവ് ഇൻസ്‌പെക്ടർ കെ ബാബു, എഎസ്ഐ മാർട്ടിൻ, റഷീദ, സിനീയർ സിപിഒ ജോഷി, അനു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310343/nvestment-fraud-worth-rs-75-crore-one-of-the-directors-of-the-company-who-went-undercover-has-been-arrested)