---
title: "പാലക്കാട്ടെ പ്രതിഷേധ കോഴി ചത്തു...? മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ പരാതി"
english_title: "Protest chicken dies in Palakkad complaint filed against Mahila Morcha activists"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310276/protest-chicken-dies-in-palakkad-complaint-filed-against-mahila-morcha-activists"
published_at: "2025-08-22T16:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a84e12318de_ghfghfgh.jpg"
keywords: []
---

# പാലക്കാട്ടെ പ്രതിഷേധ കോഴി ചത്തു...? മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ പരാതി

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** ) ** രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മഹിളാ മോർച്ചയുടെ കോഴി പ്രതിഷേധത്തിൽ പരാതി. മൃഗസംരക്ഷണ വകുപ്പിനും അനിമൽ വെൽഫയർ ബോർഡിനും സൊസൈറ്റി ഫോർ ദ പ്രിവെൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് അംഗം ഹരിദാസ് മച്ചിങ്ങലാണ് പരാതി നൽകിയത്. പൊലീസിനു നേരെ എറിഞ്ഞതോടെ കോഴി ചത്തുവെന്നാണ് പരാതി.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** ) ** രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മഹിളാ മോർച്ചയുടെ കോഴി പ്രതിഷേധത്തിൽ പരാതി. മൃഗസംരക്ഷണ വകുപ്പിനും അനിമൽ വെൽഫയർ ബോർഡിനും സൊസൈറ്റി ഫോർ ദ പ്രിവെൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് അംഗം ഹരിദാസ് മച്ചിങ്ങലാണ് പരാതി നൽകിയത്. പൊലീസിനു നേരെ എറിഞ്ഞതോടെ കോഴി ചത്തുവെന്നാണ് പരാതി.

'സമരത്തിന് കൊണ്ടുവന്ന കോഴിയെ കൊന്ന മഹിള മോർച്ച നേതാക്കൾക്കെതിരെ ജന്തു ദ്രോഹ നിവാരണ കുറ്റം ചുമത്തി കേസെടുക്കണം' എന്ന് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. മിണ്ടാ പ്രാണിയോട് അതി ക്രൂരത കാണിച്ച മഹിളാ മോർച്ച നേതാക്കൾക്കെതിരെ ജന്തു ദ്രോഹ നിവാരണ കുറ്റം ചുമത്തി പൊലീസ് കേസ് എടുത്ത് അന്വേഷിക്കണമെന്നും ഹരിദാസ് മച്ചിങ്ങൽ അഭ്യർത്ഥിച്ചു.

രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് എംഎൽഎ ഓഫീസിലേക്ക് മഹിളാ മോർച്ച പ്രതിഷേധ മാർച്ച് നടത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ ആവശ്യപ്പെട്ടിരുന്നു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കേരളത്തിന്റെ പൊതുവികാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ ഒരു എംഎൽഎക്കെതിരെ ഇത്ര വ്യക്തതയുള്ള തെളിവുകളോടെ ആരോപണങ്ങളുടെ പെരുമഴ പ്രവാഹം ഇതുവരെ ഉണ്ടായിട്ടില്ല.

എല്ലാ കോണിൽ നിന്നും രാഹുൽ എംഎൽഎ സ്ഥാനം രാജിവക്കണം എന്ന ആവശ്യം ഉയരുകയാണ്. ഇത് കേരളത്തിൻ്റെ പൊതുവികാരമാണെന്നും അദ്ദേഹം പറഞ്ഞു. ആരെയെങ്കിലും സംരക്ഷിക്കാൻ വേണ്ടി സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയാൽ കേരളം അത് അംഗീകരിക്കില്ല. അതുകൊണ്ടാണ് പരാതി ഉന്നയിച്ച സ്‌ത്രീകളെ അപമാനിച്ച പരാമര്‍ശം വി കെ ശ്രീകണ്ഠന്‍ എംപിക്ക് പിൻവലിക്കേണ്ടി വന്നത്.

മുകേഷിനെതിരെ വന്നത് ആരോപണങ്ങൾ മാത്രമാണ്. അതിൽ തെളിവുണ്ടായിരുന്നില്ല. രാഹുലിനെതിരെ പരാതി ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല. പക്ഷേ എതിരെയുള്ള തെളിവുകൾ കേരളത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിൻ്റെ പുതിയ നേതൃത്വം ഈ രീതിയിലാണെങ്കിൽ അത് ഗൗരവമുള്ള കാര്യമാണ്. മൂല്യമില്ലാതെ എന്തും ചെയ്യാവുന്ന ജീർണത ഇവരെ ബാധിച്ചിരിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

പിതൃതുല്യം സ്നേഹിക്കുന്ന സതീശനോട് കാര്യങ്ങൾ പറഞ്ഞിട്ടും രാഹുലിന് ഉയർന്ന സ്ഥാനങ്ങൾ കിട്ടിയെന്ന് യുവതി പറയുന്നു. കാര്യങ്ങൾ അറിഞ്ഞ് നടപടി എടുക്കുന്നതിനു പകരം പ്രമോഷനും ഡബിൾ പ്രമോഷനും നൽകിയ സതീശൻ ഇക്കാര്യത്തിൽ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കത്ത് വിവാദത്തിൽ ഷെർഷാദിനെതിരായ നിയമ നടപടി തുടരുമെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310276/protest-chicken-dies-in-palakkad-complaint-filed-against-mahila-morcha-activists)