---
title: " റീൽസ് ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ട്രാക്ടർ മറിഞ്ഞു; പത്തൊൻപതുകാരന് ദാരുണാന്ത്യം  "
english_title: " 19 year old boy died tragically in a tractor accident while filming a reel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310143/19-year-old-boy-died-tragically-in-a-tractor-accident-while-filming-a-reel"
published_at: "2025-08-22T07:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a7c92eb0c81_accident.jpg"
keywords: []
---

#  റീൽസ് ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ട്രാക്ടർ മറിഞ്ഞു; പത്തൊൻപതുകാരന് ദാരുണാന്ത്യം  

> **Lead Summary:** മംഗളൂരുവിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ പത്തൊൻപതുകാരന് ദാരുണാന്ത്യം. വി.ജി കൊപ്പൽ സ്വദേശി കിരൺ ആണ് മരിച്ചത്. ഹാസൻ ജില്ലയിൽ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ ബേട്ടക്ക് സമീപം റീൽസ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.

## Article Content

മംഗളൂരുവിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ പത്തൊൻപതുകാരന് ദാരുണാന്ത്യം. വി.ജി കൊപ്പൽ സ്വദേശി കിരൺ ആണ് മരിച്ചത്. ഹാസൻ ജില്ലയിൽ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ ബേട്ടക്ക് സമീപം റീൽസ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.

കിരൺ കബ്ബാലിഗെരെക്ക് സമീപമുള്ള വയലിൽ ഉഴുതുമറിക്കാൻ പോയിരുന്നതായി പൊലീസ് പറഞ്ഞു. ജോലി പൂർത്തിയാക്കിയ ശേഷം മിനി ട്രാക്ടർ കബ്ബാലിഗെരെ ബെട്ടയിലേക്ക് കൊണ്ടുപോയി. തിരികെ വരുമ്പോൾ കുത്തനെയുള്ള വളവിൽ റീൽ പകർത്താൻ ശ്രമിച്ചപ്പോൾ ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. കിരൺ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

മറ്റൊരു സംഭവത്തിൽ, തിരുവനന്തപുരത്ത് മിനിലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വിഴിഞ്ഞം മുല്ലൂർ നെല്ലിക്കുന്ന് പിണർ നിന്ന വിളാകത്ത് പള്ളിനട പുത്തൻ വീട്ടിൽ എസ് സോജനാ(35)ണ് മരിച്ചത്. തെന്നൂർക്കോണം -വിഴിഞ്ഞം റോഡിൽ പുതിയ പാലത്തിനു മുൻപായി ബുധനാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് സോജൻ മരിച്ചത്.

കോവളത്തെ സ്വകാര്യ ഹോട്ടലിലെ ഡ്രൈവർ ആയിരുന്നു. ജോലിക്കായി പോകുമ്പോഴായിരുന്നു അപകടം. ഇടിച്ച മിനി ലോറി കസ്റ്റഡിയിലെടുത്തതായും ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു. രേഷ്മയാണ് സോജന്‍റെ ഭാര്യ. മകൾ:അന്ന. വിഴിഞ്ഞം പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310143/19-year-old-boy-died-tragically-in-a-tractor-accident-while-filming-a-reel)