---
title: "എംഎൽഎ വാഴൂർ സോമന് വിട നൽകാനൊരുങ്ങി നാട്; രാവിലെ പതിനൊന്ന് മണി മുതൽ പൊതുദര്‍ശനം, വൈകിട്ട് പഴയ പാമ്പനാറിൽ സംസ്കാരം"
english_title: "funeral of the late Peerumedu MLA Vazhoor Soman will be held today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310139/funeral-of-the-late-peerumedu-mla-vazhoor-soman-will-be-held-today"
published_at: "2025-08-22T06:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a7bf8c86ba9_vazhoor_soman.jpg"
keywords: []
---

# എംഎൽഎ വാഴൂർ സോമന് വിട നൽകാനൊരുങ്ങി നാട്; രാവിലെ പതിനൊന്ന് മണി മുതൽ പൊതുദര്‍ശനം, വൈകിട്ട് പഴയ പാമ്പനാറിൽ സംസ്കാരം

> **Lead Summary:** പീരുമേട് എംഎൽഎ വാഴൂർ സോമന് വിട നൽകാനൊരുങ്ങി നാട്. തിരുവനന്തപുരത്തുനിന്ന് ഇന്ന് പുലർച്ചെയോടെ മൃതദേഹം വണ്ടിപ്പെരിയാർ വാളാഡിയിലെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ 11 മണി മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനം നടത്തും. വൈകിട്ട് നാലുമണിക്ക് പഴയ പാമ്പനാറിലുള്ള എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിന് സമീപം മൃതദേഹം സംസ്കരിക്കും. നേരത്തെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ, എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിനോട് ചേർന്ന് മൃതദേഹം സംസ്കരിക്കണമെന്ന ആഗ്രഹം വാഴൂർ സോമന് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചതോടെയാണ് മാറ്റം വരുത്തിയത്.

## Article Content

പീരുമേട് എംഎൽഎ വാഴൂർ സോമന് വിട നൽകാനൊരുങ്ങി നാട്. തിരുവനന്തപുരത്തുനിന്ന് ഇന്ന് പുലർച്ചെയോടെ മൃതദേഹം വണ്ടിപ്പെരിയാർ വാളാഡിയിലെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ 11 മണി മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനം നടത്തും. വൈകിട്ട് നാലുമണിക്ക് പഴയ പാമ്പനാറിലുള്ള എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിന് സമീപം മൃതദേഹം സംസ്കരിക്കും. നേരത്തെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ, എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിനോട് ചേർന്ന് മൃതദേഹം സംസ്കരിക്കണമെന്ന ആഗ്രഹം വാഴൂർ സോമന് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചതോടെയാണ് മാറ്റം വരുത്തിയത്.

ഇന്നലെ വൈകിട്ട് ഹൃദയാഘാതത്തെത്തുടർന്നായിരുന്നു വാഴൂര്‍ സോമന്‍റെ അപ്രതീക്ഷിത മരണം. തിരുവനന്തപുരത്ത് വെച്ചുനടന്ന റവന്യുവകുപ്പിൻ്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അദ്ദേഹം കുഴഞ്ഞുവീണത്. ഉടൻ തന്നെ ശാസ്തമംഗലത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു വാഴൂർ സോമൻ. ഇടുക്കി പീരുമേട്ടിൽ നിന്ന് സിപിഐ എംഎൽഎ ആയാണ് വാഴൂർ സോമൻ നിയമസഭയിലെത്തിയത്. 1835 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു വാഴൂർ സോമൻ്റെ എതിരാളി. വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310139/funeral-of-the-late-peerumedu-mla-vazhoor-soman-will-be-held-today)