---
title: "രാത്രിയിൽ അക്രമം; വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപണം, കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മദ്യപ സംഘത്തിന്റെ മർദ്ദനം"
english_title: "Violence at night KSRTC driver beaten up by drunken gang for allegedly not giving way to vehicle"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310105/violence-at-night-ksrtc-driver-beaten-up-by-drunken-gang-for-allegedly-not-giving-way-to-vehicle"
published_at: "2025-08-21T20:54:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a73b6333b19_867834.jpg"
keywords: []
---

# രാത്രിയിൽ അക്രമം; വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപണം, കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മദ്യപ സംഘത്തിന്റെ മർദ്ദനം

> **Lead Summary:** **കൊച്ചി: ** എറണാകുളം മുളന്തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം നടത്തിയ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെ മുളന്തുരുത്തി പളളിത്താഴം ജങ്ഷനിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. മദ്യലഹരിയിലായ യുവാക്കൾ ഡ്രൈവറെ

## Article Content

**കൊച്ചി: ** എറണാകുളം മുളന്തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം നടത്തിയ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെ മുളന്തുരുത്തി പളളിത്താഴം ജങ്ഷനിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. മദ്യലഹരിയിലായ യുവാക്കൾ ഡ്രൈവറെ

മർദ്ദിക്കുകയും ചെയ്തിരുന്നു. അരയങ്കാവ് സ്വദേശികളായ അഖില്‍, മനു എന്നിവരാണ് ആറന്‍മുളയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചത്. ബസിന്‍റെ സൈഡ് മിറര്‍ യുവാക്കള്‍ അടിച്ചു പൊട്ടിച്ചു.

അഖിലും മനുവും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കെഎസ്ആര്‍ടിസി ബസിന് മാര്‍ഗതടസം സൃഷ്ടിക്കും വിധം ഓടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇരുവരെയും സംഭവസ്ഥലത്തു വച്ചു തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. 

മറ്റൊരു സംഭവത്തിൽ, ഒറ്റപ്പാലം പാവുക്കോണത്ത് വീട് കയറി ആക്രമണം നടത്തിയ മൂന്ന് പ്രതികൾ പിടിയിൽ. തൃക്കടീരി സ്വദേശികളായ മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഫവാസ്, മുഹമ്മദ് സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. മകളെ വിവാഹം ചെയ്ത് നൽകാത്തതിൻ്റെ പ്രതികാരത്തിലാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം.

മകളെ വിവാഹം ചെയ്തു നൽകാത്തതിലുള്ള പ്രതികാര നടപടിയായി പെൺകുട്ടിയുടെ വീട്ടിലും അടുത്ത ബന്ധുവിന്റെ വീട്ടിലും കയറി അക്രമണം നടത്തിയെന്ന കേസിലാണ് മൂന്ന് പേരെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. വീടുകളിൽ ഉണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും കമ്പി വടിയും സൈക്കിൾ ചെയിനും ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ബന്ധുവിനെ തടഞ്ഞുനിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും നിർത്തിയിട്ടിരുന്ന വാഹനവും ജനാലകളും അടിച്ച് തകർത്ത് നാശനഷ്ടം വരുത്തിയെന്നുമാണ് പ്രതികൾക്കെതിരായ കേസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310105/violence-at-night-ksrtc-driver-beaten-up-by-drunken-gang-for-allegedly-not-giving-way-to-vehicle)