---
title: "പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു"
english_title: "Peerumedu Vazhoor Soman passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310076/peerumedu-vazhoor-soman-passes-away"
published_at: "2025-08-21T17:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a70c79bf4bc_fgdfg.jpg"
keywords: []
---

# പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

> **Lead Summary:** തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

## Article Content

തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

മന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയിൽ വാഴൂർ സോമൻ എംഎൽഎയും ഉണ്ടായിരുന്നു. പരിപാടിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

ഇടുക്കി പീരുമേട്ടിൽനിന്ന് സിപിഐ എംഎൽഎ ആയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു അദ്ദേഹത്തിന്റെ എതിരാളി. വെയർ ഹൌസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.

കോട്ടയം ജില്ലയിലെ വാഴൂർ സ്വദേശിയായ സോമൻ അവിചാരിതമായാണ് ഇടുക്കി ജില്ലയിലെ പീരുമേട് പ്രവർത്തന മണ്ഡലമാക്കിയത്. വിദ്യാർഥി ആയിരിക്കെ അമ്മ വീടായ പീരുമേട്ടിൽ അവധിക്കാലം ചിലവഴിക്കാനെത്തിയ സോമൻ തന്റെ കർമമണ്ഡലം പീരുമേടാക്കി. തുടർന്ന് എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തി.

പിന്നീട് തോട്ടം തൊഴിലാളി മേഖലയിൽ പ്രവർത്തനം കേന്ദ്രീകരിച്ചു. തോട്ടം തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നതിനായി തമിഴ് പഠിച്ചു. തോട്ടം തൊഴിലാളി മേഖലയിൽ വലിയ സ്വാധീനമുണ്ടായിരുന്നു. ഇതിനിടെ പാർട്ടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി പഴയ സോവിയറ്റ് യൂണിയനിൽ താമസിച്ചു പഠിച്ചിരുന്നു.

1974 മുതൽ പൊതുരംഗത്തും ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളി മേഖലയിലും പ്രവർത്തിക്കുന്ന സോമൻ 2021 ൽ കന്നിയങ്കത്തിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ഇടുക്കി ജില്ലാ പ‍ഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായിരുന്നു. പലവട്ടം പീരുമേട് മണ്ഡലത്തിൽ സ്ഥാനാർഥി ചർച്ചയിൽ പേരു വന്നെങ്കിലും ഇ.എസ്. ബിജി മോൾക്കു വേണ്ടി ഒഴിഞ്ഞു കൊടുക്കുകയായിരുന്നു.

ആദ്യ തിരഞ്ഞെടുപ്പ് വിജയത്തിലും വിവാദങ്ങളുണ്ടായി. സോമൻ വസ്തുതകൾ മറച്ചുവച്ചെന്നും തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് എതിർ സ്ഥാനാർഥിയായിരുന്ന സിറിയക് തോമസ് ഹൈക്കോടതിയെ സമീപിച്ചു. നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ സോമൻ പൂർണ വിവരങ്ങൾ നൽകിയില്ലെന്നായിരുന്നു ആരോപണം. എന്നാൽ ഹർജി ഹൈക്കോടതി തള്ളി.

എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റായ സോമൻ ഏഷ്യയിലെ തന്നെ വലിയ തോട്ടം തൊഴിലാളി സംഘടനയായ പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ‌ ജനറൽ സെക്രട്ടറിയാണ്. ആദ്യ പിണറായി വിജയൻ സർക്കാരിൽ വെയർ ഹൗസിങ് കോർപറേഷൻ ചെയർമാൻ ആയിരുന്നു. ഫാക്ടറി നിയമങ്ങളിൽ മികച്ച അറിവു നേടിയിരുന്നു.

ഇടുക്കിയിലെ വന്യമൃഗശല്യത്തിനെതിരെ കടുത്ത നിലപാടെടുത്തയാളായിരുന്നു വാഴൂർ സോമൻ. ഭരണപക്ഷത്തുള്ള അദ്ദേഹം ഇക്കാര്യമുന്നയിച്ച് സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. വനംമന്ത്രിയെയും വനംവകുപ്പിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇന്നലെ ഔദ്യോഗിക ആവശ്യത്തിനായി തിരുവനന്തപുരത്ത് എത്തിയ വാഴൂർ സോമൻ യോഗത്തിനിടെ കുഴ‍ഞ്ഞു വീഴുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310076/peerumedu-vazhoor-soman-passes-away)